LiveTV

Live

National

രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ നടന്നത് 12,778 ബാങ്ക് തട്ടിപ്പുകള്‍

രാജ്യത്ത് മൂന്ന് വര്‍ഷത്തിനിടെ നടന്നത് 12,778 ബാങ്ക് തട്ടിപ്പുകള്‍
Summary
കണക്കുകള്‍ പ്രകാരം 2014- 15 മുതല്‍ 2016- 17 വരെയുള്ള സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്ത് നടന്നത് മൊത്തം 12778 ബാങ്ക് തട്ടിപ്പുകളാണ്. ഇതിന്റെ 70 ശതമാനവും പൊതുമേഖലബാങ്കുകളിലാണ്.

കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷത്തിനിടെ രാജ്യത്ത് നടന്നത് 12,778 സാമ്പത്തികതട്ടിപ്പെന്ന് കേന്ദ്രധനമന്ത്രാലയം. ഇതിന്റെ 70 ശതമാനവും നടന്നത് പൊതുമേഖലബാങ്കുകളിലാണെന്നും ധനകാര്യ സഹമന്ത്രി ലോക്‌സഭയില്‍ നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. എസ്ബിഐയില്‍ ആണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത്.

കഴിഞ്ഞ ഫെബ്രുവരി രണ്ടിനാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ബാങ്ക് തട്ടിപ്പുകളുടെ കണക്കുകള്‍ മന്ത്രി ശിവ പ്രതാപ് ശുക്ല ലോക്‌സഭയില്‍ എഴുതി നല്‍കിയത്. കണക്കുകള്‍ പ്രകാരം 2014- 15 മുതല്‍ 2016- 17 വരെയുള്ള സാമ്പത്തികവര്‍ഷത്തില്‍ രാജ്യത്ത് നടന്നത് മൊത്തം 12778 തട്ടിപ്പുകളാണ്. ഇതിന്റെ 70 ശതമാനവും പൊതുമേഖലബാങ്കുകളിലാണ്. അതായത് 8622 തട്ടിപ്പ്‌കേസുകള്‍. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലബാങ്കായ എസ്ബിഐയില്‍ ആണ് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത്. 2566 എണ്ണം. ബാങ്ക് ഓഫ് ബറോഡ 782, പിഎന്‍ബി 471 എന്നിങ്ങനെയാണ് മറ്റ് ബാങ്കുകളിലെ തട്ടിപ്പിന്റെ കണക്കുകള്‍.

സ്വകാര്യബാങ്കുകളില്‍ ഇത് 4156 തട്ടിപ്പുകളാണെന്നും മന്ത്രിയുടെ മറുപടിയിലുണ്ട്. തട്ടിപ്പുമായി ബന്ധപ്പെട്ട് കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ വീഴ്ച്ചയുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുമ്പോഴും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ കുറ്റക്കാരായ 5200 ജീവനക്കാര്‍ക്കെതിരെ മാത്രമാണ് നടപടിയുണ്ടായത്. സ്വകാര്യബാങ്കുകളിലെ 568 ജീവനക്കാരും ശിക്ഷിക്കപ്പെട്ടതായും മന്ത്രിയുടെ മറുപടിയില്‍ പറയുന്നു.