LiveTV

Live

National

സ്‌കൂള്‍ ബസിന് നേരെയും കര്‍ണിസേന ആക്രമണം; പിന്നാലെ ന്യായീകരണവും 

സ്‌കൂള്‍ ബസിന് നേരെയും കര്‍ണിസേന ആക്രമണം; പിന്നാലെ ന്യായീകരണവും 
Summary
അലറിക്കരഞ്ഞ് കുട്ടികള്‍

സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിനെതിരെ കര്‍ണിസേനയുടെ ആക്രമണം സ്‌കൂള്‍ ബസിന് നേരെയും. ഹരിയാനയിലെ ഗുര്‍ഗാമില്‍ ഇന്നലെയാണ് കര്‍ണിസേന സ്‌കൂള്‍ ബസ് ആക്രമിച്ചത്. ആക്രണമത്തില്‍ ഭയന്ന് കുട്ടികല്‍ ഉച്ചത്തില്‍ കരയുന്നുണ്ട്. ഇതിന്റെ വീഡിയോ ഇന്നലെ വിവിധ ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ടു. സ്‌കൂള്‍ ബസിന് നേരെ പ്രതിഷേധക്കാര്‍ കല്ലെറിയുകയായിരുന്നു. ബസിനകത്ത് കുട്ടികള്‍ നിലവിളിക്കുന്നതും അധ്യാപകര്‍ അവരെ സമാധാനിപ്പിക്കുന്നതും വീഡിയോയില്‍ കാണാം.

കല്ലേറ് തുടരുന്നതിനിടെ ബസിന്റെ ഫ്‌ളോറില്‍ കമിഴ്ന്ന് കിടക്കാന്‍ ഒരധ്യാപകന്‍ കുട്ടികളോട് നിര്‍ദ്ദേശിക്കുന്നുമുണ്ട്. ഇത്തരമൊരു ആക്രമണം നടന്നപ്പോള്‍ പൊലീസ് ഒന്നും ചെയ്തില്ലെന്ന് സ്‌കൂള്‍ സ്റ്റാഫ് പറഞ്ഞു. അതേസമയം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്ഥലം കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ പറഞ്ഞു. അതേസമയം സംഭവം ദേശീയ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ അക്രമത്തെ ന്യായീകരിച്ച് കര്‍ണിസേന തലവന്‍ രംഗത്ത് എത്തി. ജനരോഷ പ്രകടനമായി കണ്ടാല്‍ മതിയെന്നായിരുന്നു വിവേക് ശെഖാവത്തിന്റെ പ്രതികരണം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും രാജസ്ഥാന്‍, ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും പ്രതിഷേധം ഇന്നും തുടരുകയാണ്. ഒരു നിലക്കും ചിത്രം പ്രദര്‍ശിപ്പിക്കാനനുവദിക്കില്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. രജപുത് വിഭാഗത്തിന്റെ വികാരങ്ങളെ മുറിവേല്‍പ്പിക്കുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നാരോപിച്ചാണ് കര്‍ണിസേനയുടെ പ്രതിഷേധം. സിനിമ ഇന്ന് തിയേറ്ററുകളിലെത്തും. ഉത്തരേന്ത്യയില്‍ കനത്ത സുരക്ഷയാണ് റിലീസിനോട് അനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്