രാജസ്ഥാനില്‍ യുവാവിനെ ജീവനോടെ കത്തിച്ച കേസിലെ പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വിട്ടു
രാജസ്ഥാനില്‍ മുസ്ലിം മധ്യവയസ്കനെ ജീവനോടെ ചുട്ടുകൊന്ന കേസിലെ പ്രതികളെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിഷേധം ശക്തമായതോടെ എത്രയും പെട്ടെന്ന് വിചാരണ പൂര്‍ത്തിയാക്കുമെന്ന് രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധരാ രാജ സിന്ധ്യ പ്രതികരിച്ചു. മുസ്ലിമായതിനാലാണ് മുഹമ്മദ് അഫ്രസുല്‍ ഇത്ര കൂരമായി കൊല്ലപ്പെട്ടതെന്ന് കുടുംബം തുറന്നടിച്ചു.
മുഹമ്മദ് അഫ്രസുല്‍ കൊലപാതകത്തില്‍ കൃത്യം നിര്‍വഹിച്ച പ്രദേശവാസിയായ ശംഭുലാലിനെയും ദൃശ്യങ്ങള്‍ പകര്‍ത്തിയ 14 വയസുള്ള സഹോദരി പുത്രനെയും ഇന്നലെ തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തെ ന്യായീരിച്ചാണ് ശംഭുലാല്‍ മൊഴി നല്‍കിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ, പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
സംഭവത്തില്‍ പ്രതിഷേധം ശക്തമായതോടെ പ്രതികരണത്തിന് തയ്യാറായ രാജസ്ഥാന് മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ കേസില്‍ എത്രയും പെട്ടന്ന് വിചാരണ പൂര്‍ത്തിയാക്കും എന്ന് ഉറപ്പ് നല്കി. മുഹമ്മദ് അഫ്രസുലിന്റെ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും ഒരാള്‍ക്ക് ജോലിയും നല്‍കുമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. മുസ്ലിമായതുകൊണ്ട് മാത്രമാണ് മുഹമ്മദ് അഫ്രസുല്‍ കൊല്ലപ്പെട്ടതെന്ന് ഭാര്യ ഹുല്‍ ബഹര്‍ പറഞ്ഞു. കുറ്റക്കാര്‍ക്ക് പരമാവതി ശിക്ഷ നല്‍കണമെന്ന് മാതാവും ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി മുസ്ലിം ന്യൂനപക്ഷ സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. കോണ്‍ഗ്രസ്, എഎപി, സിപിഎം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തി. കനത്ത സുരക്ഷ വലയത്തിലാണ് രാജ്സമന്ത്. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ സിയാദ്പൂര്‍ നിവാസിയാണ് കൊല്ലപ്പെട്ട മുഹമ്മദ് അഫ്രസുല്‍.