ഗുജ്റാത്തില്‍ കോണ്‍ഗ്രസ് -എന്‍.സി.പി സഖ്യം

ഗുജ്റാത്തില്‍ കോണ്‍ഗ്രസ്- എന്‍.സി.പി തെരഞ്ഞെടുപ്പ് സഖ്യം. ഒന്‍പത് സീറ്റുകളില്‍ പാര്‍ട്ടി മത്സരിക്കുമെന്നും ബാക്കി സീറ്റുകളില്‍ കോണ്‍ഗ്രസിനെ പിന്തുണക്കുമെന്നും എന്‍.സി.പി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ അറിയിച്ചു. 182 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ശേഷമാണ് എന്‍.സി.പിയുടെ നിലപാട് മാറ്റം.
ഹാര്‍ദിക് പട്ടേലിന്റെ പട്ടീദാര്‍ അനാമത് അന്തോളനുമായി തെരഞ്ഞെടുപ്പ് ധാരണയുണ്ടായതിന്റെ പിന്നാലെയാണ് ഗുജ്റാത്തില്‍ കോണ്‍ഗ്രസിന് ആശ്വാസം പകരുന്ന തീരുമാനം വരുന്നത്. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പ് സഖ്യമില്ലെന്നും, 182 സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നുമുള്ള പ്രഖ്യാപനം എന്‍.സി.പി പിന്‍വലിച്ചു. എന്‍.സി.പി ഒന്‍പത് സീറ്റുകളിലും, കോണ്‍ഗ്രസ് 173 സീറ്റുകളിലും മത്സരിക്കാന്‍ ധാരണയായതായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ജയന്ത് പട്ടേല്‍ അറിയിച്ചു. മത്സരിക്കുന്ന സീറ്റുകളില്‍ ഒഴികെയുള്ള ബാക്കി സീറ്റുകളില്‍ നിന്ന് എന്‍.സി.പി സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്‍.സി.പി ദേശീയ നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍ എന്നിവരുമായി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് സമവായം രൂപപ്പെട്ടത്. 2012ലെ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളിലായിരുന്ന എന്‍.സി.പി ജയിച്ചത്. സഖ്യം രൂപീകരിക്കപ്പെട്ടതോടെ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിക്കപ്പെടുമെന്ന കോണ്‍ഗ്രസിന്റെ ആശങ്കക്ക് പരിഹരാമായി.