മതേതരത്വം സംരക്ഷിക്കാന്‍ പിണറായി വിജയനൊപ്പം ഒന്നിച്ചുപോരാടുമെന്ന് കെജ്രിവാള്
മതേതരത്വം സംരക്ഷിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഒന്നിച്ചുപോരാടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. സാംസ്കാരിക മേഖലയിലെ വര്‍ഗീയ ശക്തികളുടെ അധിനിവേശം കൂട്ടായി ചെറുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും വ്യക്തമാക്കി. ഇരു സര്‍ക്കാരുകളുടെയും ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ ആരംഭിച്ച സാംസ്കാരിക പൈതൃകോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഇരുവരും.
വൈകീട്ടോടെ കേരളാ ഹൗസില്‍ എത്തിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് മുഖ്യമന്ത്രി പിണറായി വിജയനൊപ്പമാണ് ഉദ്ഘാടന വേദിയിലെത്തിയത്. ഉദ്ഘാടന പ്രസംഗത്തില്‍ ഇരുവരും കേന്ദ്രസര്‍ക്കാരിനെതിരെ നിലപാട് വ്യക്തമാക്കി. മതത്തിന്റെ പേരില്‍ ജനങ്ങളെ വേര്‍തിരിക്കുന്ന രാഷ്ട്രീയത്തിനെതിരെ ഒന്നിച്ചു പോരാടുമെന്ന് അരവിന്ദ് കെജ്രിവാള് പറഞ്ഞു.
ന്യൂനപക്ഷ മതസ്ഥരുടെ സംഭാവനകള്‍ വിസ്മരിച്ചാല്‍ ഇന്ത്യയുടെ സംസ്കാരം ദരിദ്രമായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. സാംസ്കാരിക കൂട്ടായ്മയിലൂടെ വര്‍ഗീയ ശക്തികളെ ചെറുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പൈതൃകോത്സവത്തിന്റെ ഭാഗമായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളവും അരങ്ങേറി.
മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പൈതൃകോത്സവത്തില്‍ വ്യത്യസ്തങ്ങളായ സാംസ്കാരിക പരിപാടികളും അരങ്ങേറും.