LiveTV

Live

National

ഇല്ലാത്ത പശുവിന്റെ പേരില്‍ 70കാരന് ഗോ രക്ഷകരുടെ ക്രൂരമര്‍ദനം

ഇല്ലാത്ത പശുവിന്റെ പേരില്‍ 70കാരന് ഗോ രക്ഷകരുടെ ക്രൂരമര്‍ദനം
Summary
പശുപ്രേമത്തിന്റെ പേരില്‍ നിരപരാധികളെ കൊള്ളയടിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ് രാജ്യത്തെ ഗോ രക്ഷകരെന്ന് റിപ്പോര്‍ട്ട്.

പശുപ്രേമത്തിന്റെ പേരില്‍ നിരപരാധികളെ കൊള്ളയടിക്കുന്ന തരത്തിലേക്ക് നീങ്ങുകയാണ് രാജ്യത്തെ ഗോ രക്ഷകരെന്ന് റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ രജൌരിയിലാണ് ഏറ്റവുമൊടുവില്‍ ഗോ രക്ഷകരുടെ അഴിഞ്ഞാട്ടമുണ്ടായത്. ലാല്‍ ഹുസൈന്‍ എന്ന 70 കാരനാണ് ഗോ രക്ഷകരുടെ ക്രൂര മര്‍ദനമേറ്റത്. അതും ഇല്ലാത്ത പശുവിന്റെ പേരില്‍.

ഇല്ലാത്ത പശുവിന്റെ പേരില്‍ 70കാരന് ഗോ രക്ഷകരുടെ ക്രൂരമര്‍ദനം

റോഡിലൂടെ പശുവുമായി പോകുകയായിരുന്ന ഒരു യുവാവിന്റെ പിന്നാലെ പോയപ്പോഴായിരുന്നു ഗോ രക്ഷകര്‍ ചാടിവീണ് ആക്രമിച്ചത്. സംഭവം നടന്ന് രണ്ടു ദിവസം കഴിഞ്ഞിട്ടും എന്തിനാണ് അവര്‍ തന്നെ ആക്രമിച്ചതെന്ന കാര്യം ഇനിയും ലാല്‍ ഹുസൈന് പിടികിട്ടിയിട്ടില്ല. ആക്രമണത്തില്‍ കൈകള്‍ക്കും കാലുകള്‍ക്കും തലക്കും ഗുരുതര പരിക്കേറ്റ ലാല്‍ ഹുസൈന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിനൊടുവില്‍ മരിച്ചെന്ന് കരുതി ഇയാളെ സമീപത്തെ അഴുക്കുചാലിലേക്ക് വലിച്ചെറിഞ്ഞാണ് ഗോ രക്ഷകര്‍ രക്ഷപെട്ടത്. ഈ വഴിക്ക് പോയ ചിലരാണ് ഇദ്ദേഹത്തെ അബോധാവസ്ഥയില്‍ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചത്.

തനിക്ക് ആകെ രണ്ടു പോത്തുകളാണുണ്ടായിരുന്നതെന്നും ഇതുവരെ പശുവിനെ വളര്‍ത്തിയിട്ടില്ലെന്നും ലാല്‍ ഹുസൈന്‍ പറഞ്ഞു. ചെമ്മരിയാടുകളെയും വളര്‍ത്തിയിരുന്നു. പക്ഷേ തലേന്ന് ഇതിനെയൊക്കെ വിറ്റുകിട്ടിയ 1.5 ലക്ഷം രൂപയുമായി ബാങ്കിലേക്ക് പോകും വഴിയായിരുന്നു ഗോ രക്ഷകര്‍ വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചത്. തന്റെ പണവും മൊബൈല്‍ഫോണും അടങ്ങിയ ബാഗും അവര്‍ എടുത്തുകൊണ്ട് പോയതായി ലാല്‍ ഹുസൈന്‍ പറഞ്ഞു. റോഡിലൂടെ പോകുന്ന സമയം ലാല്‍ ഹുസൈന്റെ മുന്നിലുണ്ടായിരുന്ന പശുവും യുവാവും തൊട്ടടുത്ത് തന്നെയായിരുന്നു. ഈ പശു ലാല്‍ ഹുസൈനിന്റെതാണെന്ന് തെറ്റിദ്ധരിച്ചാകും ഗോ രക്ഷകര്‍ ആക്രമിച്ചതെന്ന് അദ്ദേഹത്തിന്റെ മകന്‍ പറഞ്ഞു.