യുവതിയെ തട്ടിക്കൊണ്ട് പോകല്‍: വികാസ് ഭരാളക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ഛണ്ഡീഗഡ് തട്ടിക്കൊണ്ട് പോകല്‍ കേസില്‍ പ്രതിയായ ഹരിയാന ബിജെപി അധ്യക്ഷന്‍ സുഭാഷ് ഭരാളയുടെ മകന് വികാസ് ഭരാളക്ക് എതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. യുവതിയെ പിന്തുടരുന്ന സിസിടിവി ദൃശ്യങ്ങള്‍ക്ക് പുറമെ മദ്യം വാങ്ങുന്ന ദൃശ്യമാണ് പുറത്ത് വന്നിരിക്കുന്നത്. വികാസ് ഭരാളയും സുഹൃത്തും പൊലീസ് കസ്റ്റഡിയിലാണ്.
ഛണ്ഡീഗഡ് ദേശീയ പാതയില്‍ വച്ച് യുവതിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസില്‍ ഹരിയാന ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് ഭരാളയുടെ മകന് വികാസ് ഭരാളക്കും സുഹൃത്ത് ആശിഷ് കുമാറിനും എതിരെ വ്യക്തമായ തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്. യുവതിയെ ദേശീയ പാതയില്‍ വെച്ച് വികാസ് ഭരാളയും സുഹൃത്തും പിന്തുടരുന്നത് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ നേരത്തെ ലഭിച്ചിരുന്നു. ഇതിന് പുറമെയാണ് യുവതിയുടെ വാഹനത്തെ പിന്തുടരുന്നതിന് തൊട്ട് മുമ്പ് ഇരുവരും ഛണ്ഡീഗഡ് സെക്ടര്‍ 9ലെ മദ്യക്കടയില്‍ നിന്നും മദ്യം വാങ്ങി മടങ്ങുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്.
സംഭവം നടന്ന കഴിഞ്ഞ വെള്ളിയാഴ്ച തന്നെ യുവതി നല്കിയ പരാതിയില്‍ ഇരുവരെയും അറസ്റ്റ് ചെയ്തിരുന്നു എങ്കിലും നിസാരവകുപ്പ് ചുമത്തി വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് പ്രതിഷേധം ശക്തമായതോടെയാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഇരുവരെയും വീണ്ടും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു.