അമ്മയുടെ കൊലപാതകികളെ പിടികൂടണം; സമ്പാദ്യപ്പെട്ടി പൊലീസിന് നേരെ നീട്ടി അഞ്ച് വയസ്സുകാരി

തന്റെ കുഞ്ഞുസമ്പാദ്യപ്പെട്ടിയിലെ പണം മുഴുവന്‍ പൊലീസിന് നേരെ നീട്ടി അഞ്ച് വയസ്സുകാരി. അമ്മയുടെ മരണത്തിനുത്തരവാദികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് മാന്വിയെന്ന അഞ്ച് വയസ്സുകാരി പൊലീസുകാര്‍ക്ക് 'കൈക്കൂലി' നല്‍കിയത്. ഉത്തര്‍ പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം.
അമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ അന്വേഷണ പുരോഗതി അറിയാന്‍ മുത്തച്ഛനൊപ്പം പൊലീസ് സ്റ്റേഷനിലെത്തിയതായിരുന്നു മാന്‍വി.
അപ്പോഴാണ് സമ്പാദ്യപ്പെട്ടിയിലെ തുക പൊലീസിന് മുന്നില്‍ നീട്ടി "എന്നെ സഹായിക്കൂ" എന്ന് മാന്‍വി അപേക്ഷിച്ചത്. കൈക്കൂലി കൊടുത്താല്‍ മാത്രമേ പൊലീസ് കേസ് അന്വേഷിക്കൂ എന്ന് താന്‍ കേട്ടതുകൊണ്ടാണ് സമ്പാദ്യപ്പെട്ടിയുമായി വന്നതെന്ന് കൊച്ചുമിടുക്കി പൊലീസിനോട് പറഞ്ഞു. സമ്പാദ്യപ്പെട്ടി തിരികെ നല്കിയ പൊലീസ്, കേസന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്ന് പറഞ്ഞ് മാന്‍വിയെ ആശ്വസിപ്പിച്ചു.
ഏപ്രില്‍ മാസത്തിലാണ് മാന്‍വിയുടെ അമ്മ സീമ കൗശിക്ക് ആത്മഹത്യ ചെയ്തത്. സ്ത്രീധനത്തെ ചൊല്ലിയുള്ള പീഡനത്തെ തുടര്‍ന്നാണ് സീമ ആത്മഹത്യ ചെയ്തതെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് സീമയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ അനുകൂലമായ കുറ്റപത്രം തയ്യാറാക്കണമെങ്കില്‍ കൈക്കൂലി തരണമെന്ന് പൊലീസ് ആവശ്യപ്പെട്ടെന്ന് സീമയുടെ കുടുംബം ആരോപിച്ചു. എന്നാല്‍ കേസില്‍ സീമയുടെ ഭര്‍ത്താവ് ജയിലാണെന്നും മറ്റ് കുടുംബാംഗങ്ങളെ അറസ്റ്റ് ചെയ്യാത്തത് തെളിവില്ലാത്തുകൊണ്ടാണെന്നുമാണ് പൊലീസിന്റെ വാദം.