യുപി തെരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കല്ലുകടി

ഉത്തര്‍പ്രദേശില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ കല്ലുകടി മാറ്റാനാകാതെ ബിജെപി. 150 സീറ്റുകളില്‍ ഇതുവരെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനായിട്ടില്ല. ഈ സീറ്റുകളില്‍ ജാതി മത സമവാക്യങ്ങള്‍ കൃത്യമാകുന്ന സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടിക്കകത്ത് നിന്ന് കണ്ടെത്താനാകാത്തതും, പുറത്ത് നിന്നുള്ള നേതാക്കളെ സ്ഥാനാര്‍ത്ഥികളാക്കിയാല്‍ ഉണ്ടാക്കിയേക്കാവുന്ന പ്രതിഷേധങ്ങളുമാണ് ബിജെപിയെ കുഴക്കുന്നത്.
ഉത്തര്‍പ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രചാരണം അതിന്റെ മുര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുകയാണ്. പക്ഷെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ പുകിലില്‍ തന്നെയാണ് ബിജെപി ഇപ്പോഴും. സംസ്ഥാനത്തെ സങ്കീര്‍ണ്ണമായ ജാതി മത സമവാക്യങ്ങള്‍ തുലനം ചെയ്താണ് ബിജെപി സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നത്. ഇക്കാര്യത്തില്‍ നേരത്തെ നിരവധി സര്‍വ്വേകള്‍ പര്‍ട്ടി നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആകെയുള്ള 403 സീറ്റുകളില്‍ 253 എണ്ണത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. നൂറോളം സീറ്റുകള്‍ ഇതര പാര്‍ട്ടികളില്‍ നിന്ന് കൂറുമാറി എത്തിയവര്‍ക്കും, ഇറക്കുമതി സ്ഥാനാര്‍ത്ഥികള്‍ക്കുമാണ് നല്‍കിയത്.
ഇതിലുള്ള പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും പ്രതിഷേധം ഇതുവരെ തണുപ്പിക്കാന്‍ നേതൃത്വത്തിന് ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് ബാക്കിയുള്ള 150 സീറ്റുകളിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നത്. ഇത്രയും സീറ്റുകളിലെ ജാതി മത സമാവക്യങ്ങള്ക്ക് അനുസൃതമായ സ്ഥാനാര്‍ത്ഥികളെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് നേതാക്കള്‍ തന്നെ സമ്മതിക്കുന്നു. പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥികളെ കൊണ്ടുവന്നാല്‍, ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിഷേധം രൂക്ഷമാകുമെന്ന ഭയവും നേതൃത്വത്തിലുണ്ട്.