ഉത്തര്‍പ്രദേശില്‍ അഖിലേഷ് ബിജെപിയെ തറപറ്റിക്കുമെന്ന് കട്ജു

ഉത്തര്‍പ്രദേശില്‍ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് സുപ്രീംകോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു. ബിജെപിക്ക് അടിതെറ്റുമെന്നും ബിഎസ്പിക്ക് ലഭിക്കുന്നതിനെക്കാള്‍ കുറവ് സീറ്റുകള്‍ മാത്രമെ അവര്‍ക്ക് ലഭിക്കുകയുള്ളൂവെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ കട്ജു വിലയിരുത്തി.
2014ല്‍ പ്രകടമായ പോലെ ഒരു ബിജെപി അനുകൂല നിലപാട് വോട്ടര്‍മാര്‍ക്കിടയില്‍ ഇപ്പോഴില്ല. ഉയര്‍ന്ന ഹൈന്ദവരാണ് ബിജെപി അനുകൂല നിലപാടുള്ളവരില് കൂടുതല്‍. നോട്ട് നിരോധനം മൂലം ബിജെപിക്ക് അഞ്ച് ശതമാനത്തോളം വോട്ടുകള്‍ നഷ്ടമാകും. യാതൊരു മുന്നൊരുക്കവുമില്ലാതെയെടുത്ത ഈ തീരുമാനം ജാതിമതങ്ങള്‍ക്കതീതമായി എല്ലാ സാധാരണക്കാരുടെയും ജീവിത താളം തെറ്റിച്ചിട്ടുണ്ട്. ആകെയുള്ള വോട്ടുകളില്‍ 20 അല്ലെങ്കില്‍ 21 ശതമാനം വോട്ടുകള്‍ മാത്രമെ ബിജെപിക്ക് ലഭിക്കാന്‍ സാധ്യതയുള്ളൂ. എസ്പിയുടെയും ബിഎസ്പിയുടെയും പിന്നിലാകും അവരെത്തുക. - കട്ജു കുറിച്ചു.
സമാജ്വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് അവരുടെ സാധ്യതകളെ ബാധിക്കുമെന്ന അഭിപ്രായം തെറ്റാണെന്നും കട്ജു അഭിപ്രായപ്പെട്ടു, പിതാവും അമ്മാവനുമെല്ലാം സൃഷ്ടിക്കുന്ന കുഴപ്പങ്ങള്‍ മൂലം നട്ടംതിരിയുന്ന ഒരു മുഖ്യമന്ത്രിയായാണ് അഖിലേഷ് ഇതുവരെ വിലയിരുത്തപ്പെട്ടിരുന്നത്, എന്നാല്‍ ആ ഭാരം ഇറക്കിവച്ച അഖിലേഷിന് ജനങ്ങളുടെ ഇടയില്‍ സ്വീകാര്യത കൂടാനാണ് സാധ്യതയെന്നും അദ്ദേഹം വിലയിരുത്തി.