കൊച്ചിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്


പുതുവര്‍ഷമാഘോഷിക്കാന്‍ ഇന്ത്യയിലേക്ക് വിനോദയാത്ര പ്ലാന്‍ ചെയ്ത തങ്ങളുടെ പൌരന്മാര്ക്ക് മുന്നറിയിപ്പുമായി ഇസ്രായേല്‍. കൊച്ചി അടക്കമുള്ള ഇന്ത്യന്‍ നഗരങ്ങളില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്നാണ് ഇസ്രായേലിന്റെ മുന്നറിയിപ്പ്.
ഇന്ത്യയുടെ തെക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷ വേളയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് തങ്ങളുടെ പൌരന്മാര്ക്കുള്ള ഇസ്രായേലിന്റെ നിര്‍ദേശം. ഇസ്രായേല്‍ പ്രധാനമന്ത്രിയുടെ ഓഫീസിലെ തീവ്രവവാദ വിരുദ്ധ ഡയറക്ട്രേറ്റിന്റെ പ്രസ്താവനയിലാണ് ഇതു സംബന്ധിച്ചുള്ള മുന്നറിയിപ്പുള്ളത്. ആക്രമണം പ്രധാനമായും വിദേശികളെ ലക്ഷ്യം വെച്ചിട്ടായിരിക്കും എന്നും മുന്നറിയിപ്പിലുണ്ട്. പുതുവര്‍ഷാഘോഷം നടക്കുന്ന ക്ലബ്ബുകളിലും ബീച്ചുകളിലും ചെലവഴിക്കുന്ന ടൂറിസ്റ്റുകള്‍ ജാഗരൂകരായിരിക്കണമെന്നും അറിയിപ്പിലുണ്ട്. കൊച്ചി കൂടാതെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഗോവ, പൂനെ, മുംബൈ, ഇസ്രായേല്‍ മുന്നറിയിപ്പ് നല്കിയ പ്രദേശങ്ങളില്‍പ്പെടുന്നു. ഇന്ത്യയുടെ തെക്കുപടിഞ്ഞാറു ഭാഗത്തുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ പുതുവത്സര ആഘോഷങ്ങളില്‍ നിന്നും കഴിവതും ഒഴിഞ്ഞുനില്ക്കണമെന്നാണ് നിര്‍ദേശം.
ഇന്ത്യയിലെ സുരക്ഷാ ഏജന്‍സികളും പ്രാദേശിക മാധ്യമങ്ങളും നല്കുന്ന മുന്നറിയിപ്പുകള്‍ ഗൗരവത്തോടെ എടുക്കണമെന്നും തങ്ങളുടെ പൌരന്മാരോട് ഇസ്രായേല്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരമൊരു മുന്നറിയിപ്പ് രാജ്യം സന്ദര്‍ശിക്കുന്ന ഇസ്രായേലികള്‍ക്കു നല്കിയ കാര്യം ഡല്‍ഹിയിലെ ഇസ്രായേലി എംബസി വക്താവും സ്ഥിരീകരിച്ചു.
നിലവില്‍ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തുന്ന ബന്ധുക്കള്‍ക്കും പരിചയക്കാര്‍ക്കും ബന്ധപ്പെട്ട് മുന്നറിയിപ്പ് നല്‍കണമെന്നും ഇസ്രായേലിലെ ജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഷോപ്പിങ്ങ് കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, ഉത്സവ സ്ഥലങ്ങള്‍, ജനങ്ങള്‍ ധാരാളമായി എത്തുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പുണ്ട്.
ഇന്നലെയാണ് ഇത് സംബന്ധിച്ച മന്നറിയിപ്പ് ഇസ്രായേല്‍ സര്‍ക്കാര്‍ പുറത്തിറക്കിയത്. ആരില്‍ നിന്നാണ് ഇന്ത്യയില്‍ ഭീകരാക്രമണ സാധ്യതയെന്ന വിവരം ലഭിച്ചതെന്ന കാര്യമൊന്നും വ്യക്തമാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പുതുവത്സര ആഘോഷത്തോട് അനുബന്ധിച്ച് ലോകമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രതിവര്‍ഷം 20,000ത്തോളം ഇസ്രായേല്‍ പൗരന്മാര് ഇന്ത്യ സന്ദര്‍ശിക്കുന്നുവെന്നാണ് കണക്ക്. ഇസ്രായേലുകാര്‍ സന്ദര്‍ശിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ത്യ.
ഇസ്രായേല്‍ പൌരന്മാര്ക്ക് നേരെയും ജൂത കേന്ദ്രങ്ങള്‍ക്കെതിരെയും നേരത്തെയും ഇന്ത്യയില്‍ അക്രമമുണ്ടായിട്ടുണ്ട്. 2008 മുംബൈ ഭീകരാക്രമണത്തില്‍ ഇതാവര്‍ത്തിച്ചു. 2012 ല്‍ ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്റെ ഭാര്യയ്ക്ക് ഡല്‍ബി എംബസിക്ക് സമീപമുള്ള സ്ഫോടനത്തില്‍ പരിക്കേറ്റിരുന്നു.