ഗോരക്ഷകര്‍ അടിച്ച് കൊന്ന പെഹ്ലുഖാന്റെ കുടുംബാംഗങ്ങള്‍ നീതി തേടി ഡല്‍ഹിയില്‍

രാജസ്ഥാനിലെ അല്‍വാറില്‍ ഗോരക്ഷകര്‍ അടിച്ച് കൊന്ന പെഹ്ലുഖാന്റെ കുടുംബാംഗങ്ങള്‍ നീതി തേടി ഡല്‍ഹിയില്‍. ഇവര്‍ ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും. അക്രമികള്‍ക്ക് പരമാവധി ശിക്ഷ, കുടുംബത്തിന് നഷ്ടപരിഹാരം, സര്‍ക്കാര്‍ ജോലി തുടങ്ങിയ ആവശ്യങ്ങള്‍ കുടുംബം മന്ത്രിയെ അറിയിക്കും.
പെഹ്ലുഖാനൊപ്പം അക്രമത്തിനിരയായ മകന് ആരിഫ് അടക്കമുള്ളവരാണ് ആഭ്യന്തര മന്ത്രിയെ കാണനെത്തിയിരിക്കുന്നത്. പെഹ്ലുവിന്റെ കുടുംബത്തിന് രാജസ്ഥാന് സര്‍ക്കാര്‍ 1 രൂപ കോടി നഷ്ടപരിഹാരം നല്‍കുക, കുടുംബത്തിലൊരാള്‍ക്ക് ഹരിയാന സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലി, ഇരകളുടെ മേല്‍ ചുമത്തിയ കേസ് പിന്‍വലിക്കുക എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. മുന്‍ എംപി ഹനന്‍മുള്ള ഉള്‍പ്പെടെയുള്ള കിസാന്‍ സഭ നേതാക്കളും മന്ത്രിയെ കാണുന്ന സംഘത്തിലുണ്ട്. ആര്.എസ്.എസ്, ബജ്റംഗദള്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഗോരക്ഷയുടെ പേരില്‍ നടക്കുന്ന അക്രമങ്ങള്‍ സുപ്രീം കോടതിയുടെ മേല്‍ നോട്ടത്തില്‍ അന്വേഷിക്കണം.
പെഹ്ലുവിന്റെ കൊലപാതകവും ഗോവധ നിരോധം രാജ്യ വ്യാപകമാക്കണമെന്ന ആര്.എസ്സ്.എസ്സ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവനയും രാജ്യത്തെ മൊത്തം ക്ഷീര കര്‍ഷകരുടെ ജീവിതത്തിനെതിരായ വെല്ലുവിളിയാണെന്ന് കിസാന്‍ സഭാ നേതൃത്വം വ്യക്തമാക്കി.