കര്‍ണാടക തെരഞ്ഞെടുപ്പില്‍ ലിംഗായത്തുകളുടെ മനസ്സുമാറ്റി കോണ്‍ഗ്രസ്, ഒപ്പം നിര്‍ത്താന്‍ ബിജെപി

ലിംഗായത്ത് സമുദായത്തിന്റെ വോട്ടുകള്‍ എവിടേക്കു പോകുമെന്ന കൂട്ടിക്കിഴിക്കലുകളിലാണ് കര്‍ണാടകത്തില്‍ കോണ്‍ഗ്രസും ബിജെപിയും. ചില ലിംഗായത്ത് മഠാധിപതികള്‍ കോണ്‍ഗ്രസിന് പിന്തുണ അറിയിച്ചതോടെ അതിനെ മറികടക്കാനുള്ള നെട്ടോട്ടത്തിലാണ് ബിജെപി സ്ഥാനാര്‍ഥികള്‍.
മൈസുര്‍ ജില്ലയിലെ സര്‍ഗൂരിലെ ലിംഗായത്ത് സമുദായത്തിന്റെ ഉത്സവം. എച്ച് ഡി കോട്ട മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി സിദ്ധരാജ് വോട്ടഭ്യര്‍ഥനയുമായി ഉത്സവപ്പറന്പില്‍. ലിംഗായത്തുകള്‍ ബിജെപിക്കൊപ്പമാണെന്ന് തെളിയിച്ച് മുദ്രാവാക്യം. ഈ മാസം 18നാണ് ബസവജയന്തി. അതിന് മുമ്പായി തങ്ങളുടെ മതന്യൂനപക്ഷ പദവി വിഷയത്തില്‍ തീരുമാനമുണ്ടാക്കണമെന്നാണ് കര്‍ണാടകയിലെ ലിംഗായത്തുകള്‍ ബിജെപി അധ്യക്ഷന്‍ അമിത്ഷായോട് ആവശ്യപ്പെട്ടിട്ടുള്ളത്.
ലിംഗായത്തുകള്‍ക്ക് ന്യൂനപക്ഷ പദവി നല്‍കണമെന്ന ആവശ്യം അംഗീകരിച്ച സിദ്ധരാമയ്യെയും കോണ്‍ഗ്രസിനെയും നിയമസഭാതെരഞ്ഞെടുപ്പില്‍ പിന്തുണച്ച് മുപ്പതിലധികം ലിംഗായത്ത് സന്യാസിമാര്‍ രംഗത്തെത്തിയിരുന്നു. ഇത് വലിയ ആത്മവിശ്വാസമാണ് കോണ്‍ഗ്രസിനുണ്ടാക്കിയത്. എന്നാല്‍ ലിംഗായത്തുകളെ ഭിന്നിപ്പിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രം വിജയിക്കില്ലെന്ന് ബിജെപി പറയുന്നു സ്ഥാനാര്‍ഥിപട്ടികയില്‍ മുന്തിയ പരിഗണനയാണ് ബിജെപി ലിംഗായത്തുകള്‍ക്ക് നല്‍കിയത്.
പ്രത്യക്ഷമായും പരോക്ഷമായും ജാതി തന്നെയാണ് കര്‍ണാടക തെരഞ്ഞെടുപ്പിലെ മുഖ്യവിഷയം. ബിജെപിയുടെ വോട്ടുബാങ്കായ ലിംഗായത്തുകളില്‍ നിന്നും എത്രശതമാനം വോട്ടുകള്‍ പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസിന് കഴിയുമെന്നത് പ്രധാനമാണ്.