LiveTV

Live

National

പ്രവാസികൾക്ക് പ്രോക്സി വോട്ട്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു

പ്രവാസികൾക്ക് പ്രോക്സി വോട്ട്; കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചു
Summary
കേന്ദ്രത്തിന്റെ നിർദേശം ഇനി പാർലമെന്റ് അംഗീകരിക്കേണ്ടതുണ്ട്

വിദേശത്തുള്ള ഇന്ത്യക്കാർക്ക് തിരഞ്ഞെടുപ്പുകളിൽ പ്രോക്സി വോട്ട് അനുവദിക്കാനുള്ള നീക്കത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. തിരഞ്ഞെടുപ്പുകളിൽ തനിക്ക് പകരം വോട്ട് ചെയ്യാൻ ഒരാളെ വിദേശത്തുള്ള യഥാർത്ഥ വോട്ടർക്ക് നിർദേശിക്കാം. ഇതിനായി തിരഞ്ഞെടുപ്പ് നിയമങ്ങളിൽ മാറ്റം വരുത്താനാണ് കേന്ദ്ര മന്ത്രിസഭയുടെ തീരുമാനം. കേന്ദ്രത്തിന്റെ നിർദേശം ഇനി പാർലമെന്റ് അംഗീകരിക്കേണ്ടതുണ്ട്. നിലവിൽ സർവ്വീസ് ജീവനക്കാർക്ക് മാത്രമാണ് തിരഞ്ഞെടുപ്പിൽ പ്രോക്സി വോട്ടിന് അനുമതിയുള്ളത്. പ്രവാസികൾക്ക് പോസ്റ്റൽ വോട്ടുക്കൾ അനുവദിക്കുന്നതായിരുന്നു ആദ്യം പരിഗണിച്ചിരുന്നതെങ്കിലും സാങ്കേതിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് മാറ്റുകയായിരുന്നു.

തിരഞ്ഞെടുപ്പുകളിൽ തനിക്ക് പകരം വോട്ട് ചെയ്യാൻ ഒരാളെ പ്രവാസി വോട്ടർക്ക് നിർദേശിക്കാം. അതേ സമയം ഓരോ തിരഞ്ഞെടുപ്പിനും വെവ്വേറെ ആളുകളെ ആയിരിക്കണം നിർദേശിക്കേണ്ടത്. ഇതിന് അനുസൃതമായി തിരഞ്ഞെടുപ്പ് ചട്ടങ്ങളിലും മാനദണ്ഡങ്ങളിലും മാറ്റം വരുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. പ്രവാസി ഇന്ത്യക്കാർ നിലവിൽ സ്വന്തം മണ്ഡലത്തിൽ നേരിട്ട് വന്നാണ് വോട്ടു രേഖപ്പെടുത്തുന്നത്. പുതിയ നിർദേശം പാർലമെന്റ് പാസാക്കിയാൽ പ്രവാസികളായ ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണം ലഭിക്കും.

എന്നാൽ പ്രോക്സി വോട്ടുകൾ അനുവദിക്കുന്നതിനെതിരെയാണ് കോൺഗ്രസ് അടക്കമുള്ള പ്രമുഖ പ്രതിപക്ഷ പാർട്ടികളെല്ലാം. വോട്ടർ ചുമതലപ്പെടുത്തുന്ന വ്യക്തി വോട്ടർ നിർദേശിക്കുന്ന സ്ഥാനാർത്ഥിക്ക് തന്നെയാകണം വോട്ടു ചെയ്യുന്നത് എന്നു ഉറപ്പിക്കാനാവില്ലെന്നാണ് എതിർക്കുന്നവരുടെ വാദം. 2014 മുതൽ പ്രവാസികൾക്ക് വോട്ടവകാശം നൽകുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്.