LiveTV

Live

National

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്
Summary
അരുണാചലില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന് അനുകൂലമായ വിധി ലഭ്യമാക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ 83 കോടി രൂപ കോഴ ആവശ്യപ്പെട്ടു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറിപ്പിലുള്ളത്.

അരുണാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രി കലികോ പുലിന്റെ ആത്മഹത്യ കുറിപ്പ് പുറത്ത്. അരുണാചലില്‍ ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണത്തിന് അനുകൂലമായ വിധി ലഭ്യമാക്കാന്‍ സുപ്രീംകോടതി ജഡ്ജിമാര്‍ 83 കോടി രൂപ കോഴ ആവശ്യപ്പെട്ടു എന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് കുറിപ്പിലുള്ളത്. ആത്മഹത്യകുറിപ്പ് മറച്ച് വെക്കാന്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ശ്രമിച്ചുവെന്ന ആരോപണവും ഉയരുന്നുണ്ട്. ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമാവുകയാണ്.

കോണ്‍ഗ്രസിന്റെ നബാം തുക്കി സര്‍ക്കാരിനെ അട്ടിമറിച്ച്, ബിജെപി പിന്തുണയോടെ ഏതാനും മാസങ്ങള്‍ മാത്രം അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായ വ്യക്തിയാണ് കലികോ പുല്‍. അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ ശേഷമാണ് പുല്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, കേന്ദ്രം ഏര്‍പ്പെടുത്തിയ രാഷ്ട്രപതി ഭരണം തെറ്റാണെന്ന് സുപ്രീംകോടതി വിധിച്ചതോടെ പുലിന് ഭരണം നഷ്ടമാവുകയും, കോണ്‍ഗ്രസിന്റെ പേമ ഖണ്ഡു മുഖ്യമന്ത്രിയായി വിശ്വസാ വോട്ടെടുപ്പില്‍ വിജയിക്കുകയും ചെയ്തു.

ഇതിന് ശേഷം ആഗസ്ത് ഒമ്പതിനാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ കലികോ പുലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ദുരൂഹത ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടത്താന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പേമഖണ്ഡുവിന്റെ സര്‍ക്കാര്‍ തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പുലിന്റെ ആദ്യ ഭാര്യ ഇന്നലെ ആത്മഹത്യ കുറിപ്പ് പുറത്ത് വിട്ടത്. ആത്മഹത്യ ചെയ്തതിന്റെ തലേദിവസം എഴുതിയ കുറിപ്പില്‍ രാഷ്ട്രപതി ഭരണത്തിനെതിരായ ഹരജി പരിഗണിച്ച സുപ്രിം കോടതി ജഡ്ജിമാര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടിരിക്കുന്നത്.

കേസില്‍ അനുകൂല വിധി ലഭിക്കാന്‍ 83 കോടി രൂപ ആവശ്യപ്പെട്ട് രണ്ട് ജഡ്ജിമാരുടെ ബന്ധുക്കള്‍ തന്നെ സമീപിച്ചുവെന്നാണ് കുറിപ്പില്‍ പുല്‍ പറയുന്നത്. ആത്മഹത്യ കുറിപ്പ് ലഭിച്ചിട്ടും അതില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നും, സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ എന്തൊക്കെയോ മറച്ച് വെക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും കുറിപ്പ് പുറത്ത് വിട്ട് ഭാര്യ ആരോപിച്ചു. സംഭവത്തില്‍ ജഡ്ജിമാരുടെ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്തണമെന്ന് റിട്ടയേഡ് ജഡ്ജിമാര്‍ ഉള്‍പ്പെടുന്ന കമ്മറ്റി ഫോര്‍ ജുഡീഷ്യല്‍ അക്കൗണ്ടബലിറ്റി ആന്റ് റിഫോം ആവശ്യപ്പെട്ടു.