LiveTV

Live

National

'അസഹിഷ്ണുതയുടേതല്ല, സംവാദാത്മകമായ ഇന്ത്യയെ ആഘോഷിക്കൂ'

'അസഹിഷ്ണുതയുടേതല്ല, സംവാദാത്മകമായ ഇന്ത്യയെ ആഘോഷിക്കൂ'
Summary
കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് റദ്ദാക്കല്‍ നടപടിയെ പരോക്ഷമായി പിന്തുണച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ 68ാമത് റിപ്പബ്ലിക് ദിന സന്ദേശം

അസഹിഷ്ണുതയുടെ ഇന്ത്യയെയല്ല ആഘോഷിക്കേണ്ടതെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. 68ാമത് റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാരിന്‍റെ നോട്ട് റദ്ദാക്കല്‍ നടപടി സാമ്പത്തിക വളര്‍ച്ചയെ ചെറുതായി ബാധിച്ചിട്ടുണ്ട്. എന്നാല്‍ കറന്‍സി രഹിത ഇടപാടുകളിലേക്കുള്ള മാറ്റം സുതാര്യത വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വര്‍ദ്ധിച്ച് വരുന്ന അസഹിഷ്ണുതയില്‍ അതൃപ്തി രേഖപ്പെടുത്തിയും, കേന്ദ്ര സര്‍ക്കാരിന്‍റെ നോട്ട് റദ്ദാക്കല്‍ നടപടിയെ പരോക്ഷമായി പിന്തുണച്ചുമാണ് 68ാമത് റിപ്പബ്ലിക് ദിന സന്ദേശം രാഷ്ട്രപതി പ്രണബ് മുഖര്‍ജി നല്‍കിയത്. അസഹിഷ്ണുതയുടെ ഇന്ത്യയെയല്ല, സംവാദാത്മകമായ ഇന്ത്യയെയാണ് ആഘോഷിക്കേണ്ടതെന്ന് രാഷ്ട്രപതി പറഞ്ഞു. ബുദ്ധിയും, വിവേചന ശക്തിയുള്ള മനസ്സുകളുമാണ് ജനാധിപത്യത്തെ പുഷ്ടിപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോട്ട് റദ്ദാക്കല്‍ നടപടി, സാമ്പത്തിക വളര്‍ച്ചയെ ബാധിച്ചിട്ടുണ്ട്. ഇത് താല്‍ക്കാലികമാണെന്നും, ഇടപാടുകള്‍ കറന്‍സി രഹിതമാകുന്നതോടെ രാജ്യത്ത് സുതാര്യത വര്‍ദ്ധിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.

കേന്ദ്രസര്‍ക്കാരിന്‍റെ സുപ്രധാന പദ്ധതികളായ മെയ്ക്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, പ്രധാനമന്ത്രി ജന്‍ധന്‍ യോജന തുടങ്ങിയവയെ രാഷ്ട്രപതി പ്രകീര്‍ത്തിച്ചു. ഭീകരതയില്‍ നല്ലതും ചീത്തയുമില്ലെന്നും, അതിനെ ഇല്ലാതാക്കുകയെന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും രാഷട്രപതി കൂട്ടിച്ചേര്‍ത്തു.