നോട്ട് നിരോധം: മോദിയെ വിളിച്ചുവരുത്താന്‍ പാര്‍ലമെന്റ് സമിതി
നോട്ട് നിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍ പലവട്ടം മാറ്റി പറഞ്ഞപ്പോഴും 50 ദിവസമെന്ന കാലയളവിനായി കാത്തിരിക്കുകയായിരുന്നു ഇന്ത്യന്‍ ജനത. എന്നാല്‍ ഇപ്പോള്‍ ദീര്‍ഘകാലാടിസ്ഥാനത്തിനുള്ള പദ്ധതിയാണ് നോട്ട് നിരോധം എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം.
നോട്ട് നിരോധം കൊണ്ടുണ്ടായ കുരുക്ക് മോദിക്ക് മേല്‍ മുറുകകയാണ്. ഇതിന് ബലംപകര്‍ന്ന് മോദിയോട് വിശദീകരണം ചോദിക്കാന്‍ പാര്‍ലമെന്റ് സമിതി അദ്ദേഹത്തെ വിളിച്ചുവരുത്താന്‍ ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ധനമന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിനും വിഷയത്തില്‍ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി കത്ത് നല്കി കഴിഞ്ഞു. ധനമന്ത്രാലയവും ഊര്‍ജിത് പട്ടേലും നല്കുന്ന വിശദീകരണം തൃപ്തികരമല്ലെങ്കില്‍ മോദിയെ നേരിട്ട് വിളിച്ചുവരുത്താനാണ് പാര്‍ലമെന്റ് സമിതിയുടെ നീക്കം. ജനുവരി 20ന് പിഎസി യോഗം ചേരും. ആര്‍ബിഐ ഗവര്‍ണര്‍, ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരാണ് അന്ന് ഹാജരാകേണ്ടത്. പഴയ നോട്ടുകള്‍ നിരോധിക്കാന്‍ ആരാണ് തീരുമാനമെടുത്തത് ? എന്തായിരുന്നു ഇതിന് അടിസ്ഥാനം ? നിരോധത്തിന് ശേഷം എത്ര പണം ബാങ്കുകളില്‍ തിരിച്ചെത്തി ? പൊതുജനത്തിന് സ്വന്തം പണം ബാങ്കുകളില്‍ നിന്ന് എടുക്കാനും കൈകാര്യം ചെയ്യാനും നിയന്ത്രണമേര്‍പ്പെടുത്തുന്നതില്‍ നിയമസാധുതയുണ്ടോ ? നോട്ട് നിരോധത്തിലൂടെ എത്ര കള്ളപ്പണം തിരിച്ചുപിടിച്ചു ? ജനങ്ങള്‍ ഇപ്പോഴും ബുദ്ധിമുട്ട് നേരിടുന്നുണ്ടോ ? തുടങ്ങിയ ചോദ്യങ്ങള്‍ക്കായിരിക്കും ആര്‍ബിഐ ഗവര്‍ണറും പ്രധാനമന്ത്രിയും ഉത്തരം നല്‍കേണ്ടി വരിക.