LiveTV

Live

National

ജയലളിതയുടെ മരണത്തില്‍ സംശയങ്ങളുന്നയിച്ച് നടി ഗൌതമി

ജയലളിതയുടെ മരണത്തില്‍ സംശയങ്ങളുന്നയിച്ച് നടി ഗൌതമി
Summary
ജയലളിതയുടെ ആരോഗ്യാവസ്ഥ ഇത്രയും സങ്കീര്‍ണമായിരുന്ന സമയത്ത്  അവരുടെ ചികിത്സ സംബന്ധിച്ചും മറ്റും ആരാണ് തീരുമാനങ്ങളെടുത്തിരുന്നത്?  ജനങ്ങളുടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ട......


അന്തരിച്ച തമിഴ്നാട് മുന്‍മുഖ്യമന്ത്രി ജെ ജയലളിതയുടെ ആശുപത്രി വാസവും ചികിത്സയും മരണവും സംബന്ധിച്ച് ഉയര്‍ന്നു വന്നിട്ടുള്ള സംശയങ്ങള്‍ ദുരീകരിക്കണമെന്ന് ആവശ്യപ്പെട്ട് നടി ഗൌതമി. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെഴുതി കത്തിലാണ് ഗൌതമി ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. ജയലളിതയുടെ അസുഖത്തെക്കുറിച്ചും ആശുപത്രിവാസത്തെ കുറിച്ചും ശരിയായ വിവരങ്ങള്‍ ഇനിയും പുറത്തുവന്നിട്ടില്ലെന്ന് മോദിയെ അഭിസംബോധന ചെയ്തുള്ള ബ്ലോഗ് പോസ്റ്റില്‍ ഗൌതമി ചൂണ്ടിക്കാട്ടി. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ശേഷം ജയലളിതയെ കാണാന്‍ ആരെയും അനുവദിച്ചിരുന്നില്ല, ജയയുടെ രോഗവിവരം അറിഞ്ഞ് കാണാനെത്തിയ വിഐപികള്‍ ഉള്‍പ്പെടെയുള്ള പലര്‍ക്കും അവരെ നേരില്‍ കാണാനും അസുഖ വിവരങ്ങള്‍ അന്വേഷിക്കാനുമുള്ള അവസരം നിഷേധിക്കപ്പെട്ടുവെന്നും ഗൌതമി ബ്ലോഗ് പോസ്റ്റില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ജയയുടെ മരണത്തെക്കുറിച്ച് രാഷ്ട്രീയവൃത്തങ്ങളില്‍ നിന്നുള്‍പ്പെടെ പല കോണുകളില്‍ നിന്നും സംശയങ്ങള്‍ ഉയര്‍ന്നുവരുന്ന സാഹചര്യത്തിലാണ് ഗൌതമിയുടെ കത്തെന്നതും ശ്രദ്ധേയമാണ്.

തമിഴ്നാട് സര്‍ക്കാരിന്‍റെ നേതാവും ജനങ്ങളുടെ പ്രിയപ്പെട്ട നേതാവുമായ ഒരാളെക്കുറിച്ച് എന്തിനാണ് ഇത്രയും ദുരൂഹതയും ഒറ്റപെടുത്തലും? എന്ത് അല്ലെങ്കില്‍ ഏതു ശക്തിയാണ് ജയലളിതയെ സമീപിക്കുന്നതില്‍ നിന്നും വിവിഐപികള്‍ ഉള്‍പ്പെടെയുള്ളവരെ വിലക്കിയത്? ജയലളിതയുടെ ആരോഗ്യാവസ്ഥ ഇത്രയും സങ്കീര്‍ണമായിരുന്ന സമയത്ത് അവരുടെ ചികിത്സ സംബന്ധിച്ചും മറ്റും ആരാണ് തീരുമാനങ്ങളെടുത്തിരുന്നത്? ജനങ്ങളുടെ ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം പറയേണ്ട ഉത്തരവാദിത്തം ആര്‍ക്കാണ്? - ഗൌതമി ചോദിച്ചു.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണാധികാരിയെ സംബന്ധിച്ചിടത്തോളമുള്ള നിര്‍ണായകമായ വിവരങ്ങള്‍ അറിയാന്‍ പൌരന്‍മാര്‍ക്ക് അവകാശമുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ഗൌതമി ഉത്തരങ്ങള്‍ പൂര്‍ണമായി നല്‍കാതെ വലിയ രീതിയില്‍ അലയൊലികള്‍ സൃഷ്ടിക്കുന്ന ഒരു ദുരന്തത്തിന്‍റെ ആഘാതങ്ങള്‍ പെയ്തൊഴിയില്ലെന്നും ചൂണ്ടിക്കാട്ടി.