LiveTV

Live

National

ദാദ്രി കേസ്: 18പ്രതികളില്‍ പതിനാല് പേരും പുറത്തെത്തി; ജയിലില്‍ ഇനി മൂന്ന് പേര്‍ മാത്രം

ദാദ്രി കേസ്: 18പ്രതികളില്‍ പതിനാല് പേരും പുറത്തെത്തി; ജയിലില്‍ ഇനി മൂന്ന് പേര്‍ മാത്രം
Summary
അഹ്ലാഖിന്റെ കൊലപാതകത്തിനു ശേഷം നിരവധി ആള്‍ക്കൂട്ട കൊലപാകങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. ഏറ്റവും ഒടുവിലത്തേത് 17കാരനായ ജുനൈദിന്റെ കൊലപാതകമായിരുന്നു. ബീഫ് തിന്നുന്നവനെന്ന്..

ബിജെപി പ്രവർത്തകന്‍ സഞ്ജയ് റാണയുടെ മകൻ വിശാൽ റാണയടക്കം ദാദ്രി കൊലപാതക കേസിലെ ഭൂരിഭാഗം പ്രതികളും ജയിലിന് പുറത്ത്. കഴിഞ്ഞ ദിവസം അലഹബാദ് ഹൈക്കോടതി റാണക്ക് ജാമ്യം അനുവദിച്ചതോടെ, 52 കാരനായ മുഹമ്മദ് അഖ്ലാഖിനെ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ പ്രതികളായ 18പേരില്‍ പതിനാലാമനും ജയിലിന് പുറത്തെത്തി.

ദാദ്രി കേസ്: 18പ്രതികളില്‍ പതിനാല് പേരും പുറത്തെത്തി; ജയിലില്‍ ഇനി മൂന്ന് പേര്‍ മാത്രം

രണ്ടു വർഷം മുമ്പ്, 2015 സെപ്റ്റംബർ 28നാണ് ഫ്രിഡ്ജില്‍ ബീഫ് സൂക്ഷിച്ചെന്ന് ആരോപിച്ച് ഉത്തർപ്രദേശിലെ ദാദ്രിയില്‍ വീട്ടില്‍ കയറി അഹ്ലാഖിനെ അക്രമികള്‍ മര്‍ദ്ദിക്കുകയും കൊലപ്പെടുത്തുകയും ചെയ്തത്. റാണയും ബന്ധുവായ ശിവവുമാണ് കൃത്യത്തിന് നേതൃത്വം നല്‍കിയത്. ഒരു സംഘം ഹിന്ദു തീവ്രവാദികളും ഇവരോടൊപ്പമുണ്ടായിരുന്നു. ദാദ്രിയിലെ ഒരു ക്ഷേത്രത്തിൽ പരസ്യപ്രഖ്യാപനം നടത്തിയതിനു ശേഷമായിരുന്നു കൊലപാതകം.

അഹ്ലാഖിനെയും മകന്‍ ദാനിശിനെയും വീട്ടില്‍ നിന്നും വലിച്ചിഴച്ച് പുറത്തിറക്കിയതിനു ശേഷം ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ആക്രമണത്തിനിരയായ അഹ്ലാഖ് തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദാനിശ് ദീര്‍ഘ നാളായി ചികിത്സയിലായിരുന്നു. എന്നാല്‍ വീട്ടില്‍ സൂക്ഷിച്ചിരുന്നത് ബീഫാണോ മട്ടനാണോ എന്നു തുടങ്ങി ചര്‍ച്ചകള്‍ നടന്നത് പല വിധത്തിലായിരുന്നു. ഇതിനെക്കുറിച്ച് ആരംഭിച്ച സംവാദങ്ങൾ വാർത്താ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും ഇനിയും അവസാനിച്ചിട്ടില്ല.

ദാദ്രി കേസ്: 18പ്രതികളില്‍ പതിനാല് പേരും പുറത്തെത്തി; ജയിലില്‍ ഇനി മൂന്ന് പേര്‍ മാത്രം

അഖ്ലാഖിന്റെ മകന്റെയും മകളുടെയും മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് കുറ്റപത്രം സമർപ്പിച്ചത്. തുടര്‍ന്ന് കേസില്‍ 18 പേരെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 120എ പ്രകാരം ക്രിമിനൽ ഗൂഢാലോചന പ്രകാരമുള്ള കൊലപാതക കുറ്റം ചാര്‍ജ്ഷീറ്റില്‍ രേഖപ്പെടുത്തിയിരുന്നില്ല. പകരം ഐപിസി 302ആം വകുപ്പനുസരിച്ച് കൊലപാതക കുറ്റമാണ് ചുമത്തപ്പെട്ടത്. എന്നാല്‍ നിരവധി പേര്‍ ഉൾപ്പെട്ട ഒരു കേസിൽ ഇത് സ്ഥാപിച്ചെടുക്കുകയെന്നത് ബുദ്ധിമുട്ടാണെന്നാണ് വിലയിരുത്തല്‍.

ഇതിനിടെ കേസ് നടന്നുകൊണ്ടിരിക്കെ പ്രതിയായ ഒരാൾ ജയിലിനുള്ളില്‍ വെച്ച് മരിച്ചു. പ്രതികളായ മറ്റു 13 പേർ ഇതിനോടകം ജാമ്യത്തിലുമിറങ്ങി. ഇപ്പോൾ റാണക്കും ജാമ്യം ലഭിച്ചു. മൂന്ന് പേര്‍ മാത്രമാണ് ഇനി ജയിലിലുള്ളത്. രണ്ട് വര്‍ഷത്തോളമാവുന്ന കേസ് ഇത്തരത്തിലാണ് മുന്നോട്ട് പോകുന്നതെങ്കില്‍ അന്തിമവിധിക്ക് വര്‍ഷങ്ങള്‍ ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് നിയമവിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.

അഹ്ലാഖിന്റെ കൊലപാതകത്തിനു ശേഷം നിരവധി ആള്‍ക്കൂട്ട കൊലപാകങ്ങള്‍ക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്. അതില്‍ ഏറ്റവും നടുക്കമുണ്ടാക്കിയ കൊലപാതകങ്ങളില്‍ ഒന്നായിരുന്നു 17വയസുകാരനായ ജുനൈദിന്റേത്. ബീഫ് തിന്നുന്നവനെന്ന് ആക്രോശിച്ചായിരുന്നു ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന ജുനൈദിനെ യാതൊരു പ്രകോപനവും കൂടാതെ ഒരു സംഘം ആളുകള്‍ ആക്രമിച്ചത്. ഇതോടെ ആള്‍ക്കൂട്ട കൊലപാകങ്ങള്‍ക്കെതിരെ നിരവധി പ്രക്ഷോഭങ്ങള്‍ രാജ്യത്ത് നടന്നു.

ദാദ്രി കേസ്: 18പ്രതികളില്‍ പതിനാല് പേരും പുറത്തെത്തി; ജയിലില്‍ ഇനി മൂന്ന് പേര്‍ മാത്രം

ഇത്തരം സംഭവങ്ങളില്‍ യാതൊരു നിലപാടും വ്യക്തമാക്കാതെ മൌനം പാലിച്ച പ്രധാനമന്ത്രി ഈയടുത്താണ് മൌനം ഭേദിച്ച് രംഗത്ത് വന്നത്. എന്നാല്‍ വാക്കാല്‍ പറയുകയെന്നല്ലാതെ പ്രവൃത്തിയില്‍ കാര്യമുണ്ടായില്ലെന്നതിന് തെളിവായിരുന്നു, പ്രധാനമന്ത്രിയുടെ പ്രസ്താവന നടന്ന് തൊട്ടടുത്ത ദിവസം തന്നെ ഝാര്‍ഖണ്ഡില്‍ വീണ്ടും കൊലപാതകം ആവര്‍ത്തിച്ചത്.