LiveTV

Live

National

കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും; യു പിയില്‍ സഖ്യത്തിന് ധാരണയായി

കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും; യു പിയില്‍ സഖ്യത്തിന് ധാരണയായി
Summary
ഔദ്യോഗിക പ്രഖ്യാപനം ലക്നൌവില്‍ നടക്കുന്ന എസ്പി കോണ്‍ഗ്രസ് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് എസ്‍ പി സഖ്യത്തിന് ധാരണ. 105 സീറ്റുകള്‍ നല്‍കാമെന്ന എസ്പിയുടെ വാഗ്ദാനം കോണ്‍ഗ്രസ് അംഗീകരിച്ചതോടെയാണ്, വേര്‍പിരിയലിന്റെ വക്കില്‍ നിന്ന് ഇരുപാര്‍ട്ടികളും അന്തിമ ധാരണയിലെത്തിയത്. അതിനിടെ സമാജുവാദി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക മുഖ്യമന്ത്രി അഖിലേഷ് യാദവ് പുറത്തിറക്കി. ചടങ്ങില്‍ നിന്ന് മുലായംസിംഗ് യാദവും ശിവപാല്‍ യാദവും വിട്ടുനിന്നു.

കോണ്‍ഗ്രസ് 105 സീറ്റുകളില്‍ മത്സരിക്കും; യു പിയില്‍ സഖ്യത്തിന് ധാരണയായി

120 സീറ്റുകള്‍ വരെ വേണമെന്ന കോണ്‍ഗ്രസും നൂറില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന് എസ്പിയും നിലപാട് കടുപ്പിച്ചതോടെ സഖ്യസാധ്യത പൂര്‍ണ്ണമായും മങ്ങിയ അവസ്ഥയിലായിരുന്നു ഇന്നലെ ചര്‍ച്ചകള്‍ അവസാനിച്ചത്. എന്നാല്‍ അനൌദ്യോഗികമായി നടന്ന അവസാന ഘട്ട ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ഫലം കാണുകയായിരുന്നു.

ഇക്കാര്യത്തില്‍ സോണിയ ഗാന്ധിയുടെ ഇടപെടലാണ് നിര്‍ണ്ണായകമായതെന്നാണ് സൂചന. എന്ത് വിലകൊടുത്തും സഖ്യം യാഥാര്‍ത്ഥ്യമാക്കാന്‍ ഇന്നലെ രാത്രി ചേര്‍ന്ന നേതൃയോഗത്തില്‍ സോണിയ നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നിലപാടില്‍ അയവ് വരുത്താന്‍ കോണ്‍ഗ്രസ് തയ്യാറായി. ഇതോടെ 105 സീറ്റുകളില്‍ കോണ്‍ഗ്രസും, 298 സീറ്റുകളില്‍ സമാജുവാദി പാര്‍ട്ടിയും മത്സരിക്കാന്‍ ഇരു പാര്‍ട്ടികളും ധാരണയിലെത്തുകയായിരുന്നു.

എന്നാല്‍ ഏതൊക്കെ സീറ്റുകളിലാണ് ഇരുപാര്‍ട്ടികളും മത്സരിക്കുക എന്നത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല. കോണ്‍ഗ്രസിന്‍റെ ഏതാനും സിറ്റിംഗ് സീറ്റുകളില്‍ എസ്പി നേരത്തെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ഇവരെ പിന്‍വലിച്ച് സീറ്റുകള്‍ കോണ്‍ഗ്രസിന് കൈമാറുമോ, അമേത്തി റായ്ബറേലി ലോകസഭ മണ്ഡലങ്ങളിലെ സീറ്റുകളില്‍ എസ്പി വിട്ടുവീഴ്ച ചെയ്യുമോ തുടങ്ങിയ വിവരങ്ങളും അറിയാനുണ്ട്.

സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ലക്നൌവില്‍ നടക്കുന്ന എസ്പി കോണ്‍ഗ്രസ് സംയുക്ത വാര്‍ത്ത സമ്മേളനത്തില്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് വിവരം. അതിനിടെ എസ്പിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക അഖിലേഷ് യാദവ് പുറത്തിറക്കി.

അഖിലേഷും, മുലായം സിംഗ് യാദവും ഒന്നിച്ച് പത്രിക പുറത്തിറക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ ചടങ്ങില്‍ നിന്ന് മുലായവും ശിവപാല്‍ യാദവും വിട്ട് നിന്നു. മുലായത്തെ ചടങ്ങിലേക്ക് കൊണ്ട് വരാന്‍ മുതിര്‍ന്ന നേതാവ് അസംഖാന്‍ ശ്രമിച്ചെങ്കില്‍ സാധിച്ചില്ല.