LiveTV

Live

National

കാവേരിയില്‍ നിന്നും കര്‍ണാടക തമിഴ്നാടിന് വെള്ളം നല്‍കിത്തുടങ്ങി

കാവേരിയില്‍ നിന്നും കര്‍ണാടക തമിഴ്നാടിന് വെള്ളം നല്‍കിത്തുടങ്ങി
Summary
സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നിയമസഭാ യോഗ തീരുമാനം.

കാവേരി നദിയില്‍ നിന്നും കര്‍ണാടക തമിഴ്നാടിന് വെള്ളം നല്‍കിത്തുടങ്ങി. ഇന്ന് ഉച്ചക്ക് ഉച്ചക്ക് രണ്ട് മണിക്കകം വെള്ളം വിട്ട് നല്‍കണമെന്നും ഇക്കാര്യം നാളെ അറിയിക്കണമെന്നും സുപ്രീം കോടതി കര്‍ണാടകയോട് ഉത്തരവിട്ടിരുന്നു. സുപ്രീംകോടതിയുടെ അന്ത്യശാസനത്തിന് പിന്നാലെയാണ് നിയമസഭാ യോഗ തീരുമാനം.

കൃഷി, കുടിവെള്ള ആവശ്യങ്ങള്‍ക്ക് വെള്ളം വിട്ടുനല്‍കാനുളള പ്രമേയമാണ് കര്‍ണാടക നിയമസഭാ ഇന്നലെ പാസാക്കിയത്. അധിക വെള്ളം വിട്ടുനല്‍കാതെ വീണ്ടും കോടതി ഉത്തരവ് ലംഘിക്കാനാണ് ഒരുക്കമെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നല്‍കിയിരുന്നു. ഇന്നലെ രാത്രി മുതല്‍ സെക്കന്‍ഡില്‍ അണക്കെട്ടില്‍ നിന്നും 500 ഘനയടി വെള്ളം കര്‍ണാടക കൊടുത്തുതുടങ്ങി. ഒക്ടോബര്‍ ഒന്നു മുതല്‍ ആറ് വരെ 6000 ഘനയടി അധിക ജലം നല്‍കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാല്‍ വരള്‍ച്ചയും കുടിവെള്ള ക്ഷാമവും ചൂണ്ടിക്കാട്ടി കര്‍ണാടക തമിഴ്നാടിനുള്ള വെള്ളം തടഞ്ഞു.

സുപ്രീം കോടതി കാവേരി അധിക ജലം വിട്ടുകൊടുക്കാന്‍ ഉത്തരവിട്ടപ്പോള്‍ കര്‍ണാടകയില്‍ അത് വ്യാപക പ്രതിഷേധത്തിനും കാരണമായി.
ഇതേ തുടര്‍ന്ന് നിയമസഭ സമ്മേളനം വിളിച്ച് ചേര്‍ത്ത് സിദ്ധരാമയ്യ സര്‍ക്കാര്‍ വെള്ളം വിട്ടുനല്‍കേണ്ടെന്ന് പ്രമേയം പാസാക്കുകയും ചെയ്തിരുന്നു. ഇങ്ങിനെ മൂന്നാഴ്ചയോളം കോടതിയോടും തമിഴ്നാടിനോടും ഏറ്റുമുട്ടലിലെത്തിയ വിഷയത്തിനാണ് പുതിയ തീരുമാനത്തോടെ തിരശീല വീഴുന്നത്.