അണ്ടിപ്പാറ എന്ന ഗ്രാമവും കുറെ നിഷ്കളങ്കരായ മനുഷ്യരും; 'ഇൻസ്റ്റഗ്രാമം' വെബ്ബ് സീരിസ് നാളെ മുതൽ
മലയാളത്തിലെ ആദ്യ സമ്പൂർണ വെബ്ബ് സീരിസ് എന്ന് അവകാശപ്പെടാവുന്ന 'ഇൻസ്റ്റഗ്രാമം' നീ സ്ട്രീം വഴിയാണ് റിലീസ് ചെയ്യുന്നത്

അണ്ടിപ്പാറ എന്ന സാങ്കൽപിക ഗ്രാമത്തിന്റെ കഥ പറയുന്ന 'ഇൻസ്റ്റഗ്രാമം' വെബ്ബ് സീരിസ് നാളെ മുതൽ പ്രേക്ഷകരിലേക്ക്. അണ്ടിപ്പാറ എന്ന ഗ്രാമവും അവിടയുളള കുറെ നിഷ്കളങ്കരായ മനുഷ്യരും അവരുടെ ജീവിതവും നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് വെബ് സീരിയസിലൂടെ.
ബി.ടെക് സിനിമയിലൂടെ ശ്രദ്ധേയനായ മൃദുൽ നായരാണ് ഈ വെബ്ബ് സീരിസിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. മലയാളത്തിലെ ആദ്യ സമ്പൂർണ വെബ്ബ് സീരിസ് എന്ന് അവകാശപ്പെടാവുന്ന 'ഇൻസ്റ്റഗ്രാമം' ഓൺലൈൻ പ്ലാറ്റ്ഫോമായ നീ സ്ട്രീം വഴിയാണ് റിലീസ് ചെയ്യുന്നത്. പതിനാല് എപ്പിസോഡുകളാണ് ഈ സീരിസിലുളളത്. ദീപക് പറമ്പോൽ, സുബീഷ് സുധി, ബാലു വർഗീസ്, അര്ജ്ജുൻ അശോകൻ, ഗണപതി, സാബു മോൻ, അലൻസിയർ, ഗായത്രി അശോക്, ജിലു ജോസഫ് എന്നിവരാണ് ഇതിലെ പ്രധാന താരങ്ങൾ. ഒപ്പം സണ്ണി വെയ്ൻ, സിദ്ധാർത്ഥ് മേനോൻ, സാനിയ അയ്യപ്പൻ തുടങ്ങിയവർ അതിഥി താരങ്ങളായും എത്തുന്നുണ്ട്.
നേരത്തെ ഈ കൂട്ടുകെട്ടിൽ പിറന്ന റിട്ടേൺ എന്ന ആൽബം സമൂഹ മാധ്യമങ്ങളിൽ അടക്കം ഏറെ ശ്രദ്ധ നേടിയിരുന്നു. ഇൻസ്റ്റഗ്രാമം വെബ്ബ് സീരിസിന്റെ ചിത്രീകരണത്തിനിടെയായിരുന്നു ഈ ആൽബവും ഷൂട്ട് ചെയ്തത്.