എല്ലാവരോടും എല്ലാത്തിനും നന്ദി: ഷെയ്ന് പറയുന്നു
ഐ.എഫ്.എഫ്.കെയില്‍ കുമ്പളങ്ങി നൈറ്റ്സും ഇഷ്ഖും കാണാന്‍ താന്‍ വരുന്നുണ്ടെന്നും ഷെയ്ന് പറഞ്ഞു.

ഒരു പരിധിയിൽ കൂടുതൽ സന്തോഷം വരുമ്പോൾ അത് പ്രകടിപ്പിക്കാൻ പറ്റാത്ത അവസ്ഥ വരുമെന്ന് ഷെയ്ൻ നിഗം. ആ അവസ്ഥയിലാണ് താന്‍. ചെറുപ്പം മുതല്‍ കണ്ട് ആരാധിച്ച ഒരുപാട് അഭിനേതാക്കളെ കാണാന്‍ കഴിഞ്ഞുവെന്നും ഷെയ്ന് പറഞ്ഞു. ചെന്നൈയിൽ ബിഹൈൻഡ് വുഡ്സ് അവാർഡ് നേടിയതിനു ശേഷം ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ തന്റെ സന്തോഷം പങ്കുവെക്കുകയായിരുന്നു താരം.
ഐ.എഫ്.എഫ്.കെയില്‍ കുമ്പളങ്ങി നൈറ്റ്സും ഇഷ്ഖും കാണാന്‍ താന്‍ വരുന്നുണ്ടെന്നും ഷെയ്ന് പറഞ്ഞു. ''എല്ലാവരോടും എല്ലാത്തിനും നന്ദി. എന്റെ ജീവിതത്തില്‍ എന്തൊക്കെ സംഭവിച്ചിട്ടുണ്ടോ, നിലവിലെ പ്രശ്നങ്ങള്‍ പോലും ഇന്ന് എനിക്ക് ഊര്‍ജം തരുന്നുണ്ട്. ഞാന്‍ ഒരുപാട് സന്തോഷവാനാണ്. ഒരവസരത്തില്‍ ഒരുപാട് പേര് എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ട്. പക്ഷേ ഇന്ന് സത്യം തിരിച്ചറിഞ്ഞ് എല്ലാവരും എന്റെ ഒപ്പം നില്ക്കുമ്പോള് എനിക്ക് കിട്ടുന്ന ഊര്‍ജം ചെറുതല്ല. എല്ലാവരോടും എനിക്ക് ഒന്നേ പറയാനുള്ളു. ജീവിതത്തില്‍ എന്നെ പോലെ ഒറ്റപ്പെട്ട് കിടക്കുന്ന ഒരവസ്ഥയില്‍ എല്ലാവരും ചിലപ്പോള്‍ വന്നേക്കാം. പക്ഷേ നിങ്ങളുടെ ഉള്ളില്‍ ആ സത്യമുണ്ടെങ്കില്‍ നിങ്ങള്‍ അതില്‍ ഉറച്ചുനില്‍ക്കണം. ഞാന്‍ അത് അനുഭവിച്ചതു കൊണ്ടാണ് ഇക്കാര്യം പറയുന്നത്. നമ്മള് എല്ലാവരും ഒന്നാണ്. ഒന്നില്‍ നിന്ന് തുടങ്ങിയതാണ്. നമ്മള് എത്തിച്ചേരുന്നതും ഒന്നിലേക്കാണ്. ഇനി ജീവിക്കുന്ന കാലത്തോളം സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാനാകട്ടെ എന്ന് പ്രാര്‍ത്ഥിക്കാം.'' ഷെയ്ന് പറഞ്ഞു.