LiveTV

Live

Movies

ബിഗിൽ: റൗഡിക്കും സ്‌പോർട്‌സ്മാനുക്കുമിടയിലെ സംബന്ധം  

ഒരു ഫെസ്റ്റിവൽ മൂവി എന്നനിലയിൽ തിയേറ്ററിൽ തരംഗം സൃഷ്ടിക്കുമ്പോഴും ബിഗിൽ മൂക്കുകുത്തി വീഴുന്നത് സ്‌പോർട്‌സ് മൂവി എന്നനിലയിലാണ്.

ബിഗിൽ: റൗഡിക്കും സ്‌പോർട്‌സ്മാനുക്കുമിടയിലെ സംബന്ധം  

രാജാറാണി, തെരി, മെർസൽ എന്നീ മൂന്നേമൂന്ന് ചിത്രങ്ങൾ കൊണ്ട് തമിഴ് സിനിമാ ഇൻഡസ്ട്രിയിലെ 'മാസ്' സംവിധായകരുടെ നിരയിൽ പ്രവേശിച്ച ആറ്റ്‌ലി കുമാർ, അതേദിശയിൽ കുറേക്കൂടി മുന്നേറുന്ന ചിത്രമാണ് 'ബിഗിൽ'. വിജയ്‌യെ നായകനാക്കി ഒരു ദീപാവലി ചിത്രം എങ്ങനെ ഒരുക്കണമെന്നതിന്റെ ടെക്സ്റ്റ്ബുക്ക് എന്നുതന്നെ പറയാം. ആക്ഷൻ, ഇമോഷൻ, നാടകീയത, വിഷ്വൽ റിച്ച്‌നെസ്സ്, പഞ്ച് ഡയലോഗുകൾ എന്നിങ്ങനെ ഇത്തരം ചിത്രങ്ങളിൽ പ്രതീക്ഷിക്കാവുന്ന എല്ലാം ചേരുംപടി ചേർത്തൊരുക്കിയ ചിത്രം ആഘോഷമൂഡിൽ ആദ്യാന്തം കണ്ടിരിക്കാൻ കഴിയുന്നതാണ്. ലോജിക്കിന്റെ അസ്‌ക്യതയുള്ളവർ, പ്രത്യേകിച്ച് സ്‌പോർട്‌സ് സിനിമകളെ സ്‌നേഹിക്കുന്നവർ ആ വഴിക്ക് പോകാതിരിക്കുന്നത് ആരോഗ്യത്തിന് നല്ലതെന്ന് ആമുഖമായി പറയാം.

റൌഡിയും കളിക്കാരനും തമ്മില്‍

രണ്ടാഴ്ച മുമ്പ് പുറത്തിറങ്ങിയ, യൂട്യൂബിൽ മാത്രം ഇതികനം നാല് കോടിയിലേറെ പേർ കണ്ടുകഴിഞ്ഞ ട്രെയ്‌ലറിൽ ഇന്ദുജ രാമചന്ദ്രന്റെ വിംബു എന്ന കഥാപാത്രം ചോദിക്കുന്നുണ്ട്: 'റൗഡിക്കും സ്‌പോർട്‌സ്മാനുക്കും എന്നാ സർ സംബന്ധം?'. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ബിഗിലിനെ ഒറ്റവാചകത്തിലൊതുക്കിയ ചോദ്യമാണത്.

വെട്ടുംകുത്തും റൗഡിസവുവുമുള്ള ജീവിതപരിസരത്തുനിന്ന് ഫുട്‌ബോൾ കളിച്ച് മികവ് തെളിയിക്കുന്ന മൈക്കിൽ രായപ്പൻ എന്ന കഥാപാത്രം ദേശീയ ടീമിന്റെ തൊട്ടരികിലെത്തുന്നു. ദേശീയ ടീം ക്യാമ്പിലേക്ക് പുറപ്പെടുന്നതിനായി തീവണ്ടിയിൽ കയറുന്ന അയാൾക്ക് അനിവാര്യമായ കാരണങ്ങളാൽ വണ്ടി നീങ്ങിത്തുടങ്ങുമ്പോൾ തന്നെ തിരിച്ചിറങ്ങേണ്ടി വരുന്നു. അത് കളിക്കാരൻ എന്ന നിലയ്ക്കുള്ള അയാളുടെ കരിയറിന്റെ അവസാനമായിരുന്നു.

വളരെ കാലത്തിനുശേഷം തീർത്തും അപ്രതീക്ഷിതമായി അയാൾ തമിഴ്‌നാട് വനിതാ ഫുട്‌ബോൾ ടീമിന്റെ കോച്ചായി ചുമതലയേൽക്കുകയാണ്. ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കുന്നതിനൊപ്പം ബിഗിൽ കളിക്കളത്തിലെയും പുറത്തെയും എതിരാളികളെ നേരിട്ട് തോൽപ്പിക്കുകയാണ്.

എനര്‍ജി ആദ്യാന്തം

മൈക്കിൾ രായപ്പന്റെ കരുത്തും ജനപ്രിയതയും കാണിക്കുന്ന ആക്ഷനും നർമവും ചേർന്ന രംഗങ്ങളോടെയാണ് സിനിമയുടെ തുടക്കം. ചുവപ്പുനിറത്തിലുള്ള അഞ്ചാംനമ്പർ ജഴ്‌സിയും മടക്കിക്കുത്തിയ കള്ളിമുണ്ടുമായി ആദ്യരംഗങ്ങളിൽ പ്രത്യക്ഷപ്പെടുന്ന വിജയ് സ്‌ക്രീനിൽ പ്രതിഫലിപ്പിക്കുന്ന ഊർജം അവിശ്വസനീയമാണ്. കൗമാരക്കാരനായ ബിഗിൽ, യൗവനത്തിലെ മൈക്കിൾ, രായപ്പൻ എന്ന അച്ഛൻ കഥാപാത്രം എന്നീ മൂന്ന് ഗെറ്റപ്പുകളും ഏറെക്കുറെ ഭദ്രമായിത്തന്നെ വിജയ് പകർന്നാടിയിരിക്കുന്നു.

കോച്ചും കളിക്കാരും തമ്മിലുള്ള സംഘർഷം, ടീമിലെ പടലപ്പിണക്കം, ആദ്യഘട്ടത്തിലെ തിരിച്ചടിയും അവസാന നിമിഷത്തെ തിരിച്ചുവരവും, കോച്ചുമാർ തമ്മിലുള്ള വൈരം തുടങ്ങി സ്‌പോർട്‌സ് സിനിമകളിൽ കണ്ടുമടുത്ത എല്ലാ ക്ലീഷേകളും ആറ്റ്‌ലി സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എതിരാളികളെ ഓരോന്നോരോന്നായി തീർത്ത് ക്ലൈമാക്‌സ് ആകുമ്പോഴേക്ക് എല്ലാം ഒരു വഴിക്കാക്കുന്ന സ്ഥിരം ശൈലി തന്നെയാണ് അവലംബിച്ചിരിക്കുന്നത്. സാമാന്യയുക്തിയെ ചോദ്യംചെയ്യുന്ന രംഗങ്ങളും അനേകം. എന്നാലും ഇവന്റ്ഫുൾ ബിൽഡപ്പുകളും കൊച്ചുകൊച്ചു നാടകീയതകളും ശരാശരിക്കു താഴെ പോകാത്ത നർമങ്ങളുമൊക്കെയായി വാച്ചബ്ൾ അനുഭവമാക്കി സിനിമയെ മാറ്റുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.

ബിഗിൽ: റൗഡിക്കും സ്‌പോർട്‌സ്മാനുക്കുമിടയിലെ സംബന്ധം  

ബിഗിലിലെ രാഷ്ട്രീയം

'മെർസലി'ലെ ജി.എസ്.ടി പരാമർശത്തിന്റെ പേരില്‍ സംഘ്പരിവാര്‍ നടത്തിയ ആക്രമണത്തിന്റെ കലിപ്പ് ഇപ്മപോഴും മനസ്സിലുള്ളതു കൊണ്ടായിരിക്കണം ബിഗിലിലെ നായകകഥാപാത്രത്തിന് ആറ്റ്‌ലി നൽകിയിരിക്കുന്ന പശ്ചാത്തലം തീർത്തും ക്രിസ്ത്യൻ ആണ്. കുരിശും ചർച്ചും മാത്രമല്ല, ഏറെക്കുറെ പ്രധാന കഥാപാത്രങ്ങളുടെ പേരുകളെല്ലാം ക്രിസ്ത്യൻ തന്നെ. ഇടയ്‌ക്കെവിടെയോ നാഗ്പൂരിനെ പരിഹസിച്ചുകൊണ്ടുള്ള നർമസംഭാഷണവുമുണ്ട്.

ഉത്തരേന്ത്യൻ എലൈറ്റ് ലോബിയുടെ പ്രതിനിധാനമായ ജാക്കി ഷ്‌റോഫിന്റെ ജെ.കെ വർമ എന്ന കഥാപാത്രത്തെ വസ്ത്രമുരിഞ്ഞ് അടിവസ്ത്രത്തിൽ നിർത്തി നായകൻ കൈകാര്യം ചെയ്യുന്നത് മുസ്ലിം ഉടമയുടെ ഹോട്ടലിന്റെ കക്കൂസിലിട്ടാണ് എന്നതും വേണമെങ്കിൽ ഒരു രാഷ്ട്രീയപ്രസ്താവനയായി വായിക്കാം.

വിജയ് വണ്‍മാന്‍ ഷോ

ബിഗിലിനു വേണ്ടി വിജയ് അത്യാവശ്യം വിയർപ്പൊഴുക്കിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ മൂന്നു ഗെറ്റപ്പുകളിലും നിന്നു വ്യക്തമാണ്. ബിഗിൽ - മൈക്കിൾ കഥാപാത്രം ആവശ്യപ്പെടുന്ന എനർജിയും രായപ്പൻ കഥാപാത്രത്തിനാവശ്യമായ മിതത്വവും ഒതുക്കവും സ്‌ക്രീനിൽ കാണാൻ കഴിയുന്നു. വിജയ്‌യുടെ വൺമാൻ ഷോയ്ക്കിടെ പ്രാധാന്യം കുറവാണെങ്കിലും നായികാ കഥാപാത്രമായ നയൻതാരയുടെ പ്രകടനവും ശ്രദ്ധേയമാണ്. വനിതാ ഫുട്‌ബോൾ താരങ്ങളായി ഇന്ദുജ രാമചന്ദ്രൻ, വർഷ ബൊല്ലമ്മ, ഗായത്രി റെഡ്ഡി എന്നിവരും ജാക്കി ഷ്‌റോഫ്, കതിർ എന്നിവരും മികച്ചുനിന്നു.

ബിഗിൽ: റൗഡിക്കും സ്‌പോർട്‌സ്മാനുക്കുമിടയിലെ സംബന്ധം  

സ്‌ക്രീൻ ടൈം വേണ്ടുവോളമുണ്ടെങ്കിലും വിവേകിന്റെയും യോഗി ബാബുവിന്റെയും കഥാപാത്രങ്ങൾ ചിരിയുണർത്തുന്നതിൽ വലിയൊരളവോളം പരാജയമായിരുന്നു. അതേസമയം, ഒന്നുരണ്ട് സീനുകളിൽ മാത്രം പ്രത്യക്ഷപ്പെട്ട ഐ.എം വിജയന്റെ കഥാപാത്രം വേറിട്ടുനിന്നു. സംവിധായകൻ ആറ്റ്‌ലിയും ചിത്രത്തിന്റെ വേഗവും താളവുമായി ചേർന്നുപോകുന്ന, പടത്തിന്റെ മൂഡ് നിലനിർത്തുന്നതിൽ നിർണായകമായ സംഗീതമൊരുക്കിയ എ.ആർ റഹ്മാനും ഒരു ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നുണ്ട്.

ഒരു ഫുട്ബോള്‍ ദുരന്തം

ഒരു ഫെസ്റ്റിവൽ മൂവി എന്നനിലയിൽ തിയേറ്ററിൽ തരംഗം സൃഷ്ടിക്കുമ്പോഴും ബിഗിൽ മൂക്കുകുത്തി വീഴുന്നത് സ്‌പോർട്‌സ് മൂവി എന്നനിലയിലാണ്. ഫുട്‌ബോൾ എന്ന ഗെയിമിനെ അടിസ്ഥാനപ്പെടുത്തി സിനിമയൊരുക്കുമ്പോൾ വേണ്ട അടിസ്ഥാന ഗവേഷണം പോലും സംവിധായകൻ നടത്തിയിട്ടില്ല എന്നതുറപ്പ്. നായകന്റെയും കഥാപാത്രങ്ങളുടെയും അമാനുഷ സ്‌കില്ലുകളും ഇ.എ സ്‌പോർട്‌സ്, കൊനാമി നിലവാരത്തിൽ നിന്ന് ഒട്ടുംമെച്ചമല്ലാത്ത സ്‌റ്റേഡിയം ഗ്രാഫിക്‌സുകളും സഹിക്കാം. എന്നാല്‍പോലും, അസംബന്ധങ്ങളുടെ അയ്യരുകളി കൂടിയാണ് ഫുട്‌ബോൾ രംഗങ്ങൾ.

ഫിസിക്കലി ഒരുനിലയ്ക്കും യോഗ്യയല്ലാത്തൊരു കളിക്കാരി ടീമിലുണ്ടാകുന്നതും നോർമൽ ടൈമിൽ ഇലവനിൽ ഇല്ലാത്ത കളിക്കാരി ഷൂട്ടൗട്ട് കിക്കെടുക്കുമ്പോൾ ടീമിലുണ്ടാകുന്നതും തുടങ്ങി പന്തുകളിയെപ്പറ്റി അടിസ്ഥാന ധാരണയെങ്കിലുമുള്ള ആരെയും അസ്വസ്ഥപ്പെടുത്തുംവിധമാണ് ഫുട്‌ബോൾ അനുബന്ധ രംഗങ്ങളുടെ അവതരണം. അതുപക്ഷേ, സിനിമയുടെ മൊത്തം മൂഡിൽ ഒരു പ്രശ്‌നമാവുന്നില്ല എന്നതും യാഥാർത്ഥ്യം.