അമുദവന്റെ ഹൃദയം പകര്‍ന്ന പേരന്പ്; റിവ്യു വായിക്കാം
അച്ഛനും മകള്‍ക്കുമിടയിലെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ കഥ പറഞ്ഞ പേരന്‍പിലൂടെ മമ്മൂട്ടി ശബ്ദത്തിലെ ചില ഇറക്ക കയറ്റങ്ങളിലൂടെ പോലും പ്രേക്ഷകനെ വിസ്മയിപ്പിച്ചു

പ്രകൃതിക്ക് മാത്രമാണ് ആണിനേയും പെണ്ണിനേയും വേര്‍തിരിക്കുന്ന അതിര്‍ത്തികളുള്ളത്. പക്ഷെ, അതിനും മുകളിലാണ് പേരന്പ് എന്ന് മനസ്സിലാക്കിയപ്പോള്‍, ഈ അതിര്‍ത്തികളൊന്നും ഒന്നുമല്ല, ഒരു മണ്ണാങ്കട്ടയുമല്ല എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. പേരന്പ് എന്ന സിനിമയില്‍ മമ്മൂട്ടി അവതരിപ്പിച്ച അമുദവന് എന്ന കഥാപാത്രത്തിന്റെ വാക്കുകള്‍ കടമെടുത്തതാണ്. പക്ഷെ, ആ തിരിച്ചറിവിനെക്കാള്‍ മനോഹരമാണ് പേരന്പ് എന്ന സിനിമ.

ബന്ധങ്ങള്‍ക്കിടയിലെ സങ്കീര്‍ണ്ണതകള്‍ പല തവണ വെള്ളിത്തിരയില്‍ മനോഹരമായി അവതരിപ്പിച്ച സംവിധായകനാണ് റാം. കട്രത് തമിഴ്, തങ്കമീന്‍കള്‍ പോലുള്ള സിനിമകളിലൂടെ ശക്തമായ കഥാപശ്ചാത്തലങ്ങള്‍ ലളിതവും വ്യത്യസ്തവുമായ ആഖ്യാന രീതി ഉപയോഗിച്ച് പ്രേക്ഷകരിലേക്കെത്തിച്ച റാം പ്രേക്ഷകന്റെ മനസ്സിലെ വിങ്ങലായി സിനിമയെ ഒരിക്കല്‍ കൂടി മാറ്റിയിരിക്കുന്നു. ഒരുപക്ഷെ, മുമ്പ് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ സിനിമകളേക്കാള്‍ ആഴമേറിയ കഥയും കഥാപാത്രങ്ങളുമാണ് പേരന്പില്. മമ്മൂട്ടിയുടെ അമുദവനിലൂടെയും മകള്‍ പാപ്പയിലൂടെയും ഒഴുകുന്ന ചിത്രം മനുഷ്യന് എത്ര സങ്കീര്‍ണ്ണമായ ജീവിയാണ് എന്ന പഴയ പ്രയോഗത്തിന്റെ പൊളിച്ചെഴുത്ത് കൂടിയാണ്. അമുദവന് അനുഭവിക്കുന്ന സങ്കീര്‍ണ്ണതകളാണ് സിനിമയെങ്കിലും അതിനെയെല്ലാം കൃത്യമായ ഇടവേളകളില്‍ നിസ്സാരവത്കരിക്കാനും സംവിധായകന് മറക്കുന്നില്ല. അതിനാലായിരിക്കാം പേരന്‍പിന്റെ ഇംഗ്ലീഷ് നാമം റാം Resurrection (ഉയര്ത്തെഴുന്നേല്പ്) എന്നുതന്നെ ഇട്ടത്.

ജനനം മുതല്‍ സ്പാസ്റ്റിക്ക് പരാലിസിസ് എന്ന അപൂര്‍വ അനാരോഗ്യ സ്ഥിതിയിലൂടെ കടന്നുപോകുന്ന 11 വയസ്സുകാരിയായ പാപ്പയുടെ അച്ഛനാണ് അമുദവന്. മമ്മൂട്ടി എന്ന നടന് വൈകാരികതകളിലെ സൂക്ഷ്മതകള്‍ കൃത്യമായി അവതരിപ്പിക്കാന്‍ അസാമാന്യ പാടവമുള്ള നടനാണ്. പ്രത്യേകിച്ചും ബന്ധങ്ങള്‍ക്കിടയില്‍ ഉടലെടുക്കുന്ന സങ്കീര്‍ണ്ണതകളെ അവതരിപ്പിക്കാന്‍. അച്ഛനും മകള്‍ക്കുമിടയിലെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ കഥ പറഞ്ഞ പേരന്‍പിലൂടെ മമ്മൂട്ടി ശബ്ദത്തിലെ ചില ഇറക്ക കയറ്റങ്ങളിലൂടെ പോലും പ്രേക്ഷകനെ വിസ്മയിപ്പിച്ചു. ആയതിനാല്‍, അമരത്തിലെ അച്ചു പോലെ, വാത്സല്യത്തിലെ രാഘവന് നായര്‍ പോലെ, സ്നേഹ ബന്ധങ്ങളില്‍ പടുത്തുയര്‍ത്തിയ മമ്മൂട്ടി കഥാപാത്രങ്ങളുടെ കൂട്ടത്തില്‍ ഇനി അമുദവനും പങ്കുചേരും. 10 വര്‍ഷം ദുബൈയിലായിരുന്നതിനാല്‍ സ്പാസ്റ്റിക്ക് പരാലിസിസ് ബാധിച്ച മകള്‍ക്ക് അമുദവന് അപരിചിതനാണ്. ആ അപരിചിതത്വത്തില്‍ തുടങ്ങി പുതിയൊരു വലിയ ലോകത്തിലേക്കുള്ള അവരുടെ യാത്രയിലെ ഓരോ സന്ദര്‍ഭങ്ങളും മമ്മൂട്ടി എന്ന നടനിലൂടെ കടന്നു പോകുമ്പോള്‍ അമുദവന് മനസ്സില്‍ ഒരു വിങ്ങലായി ബാക്കി നില്ക്കുന്നു. മമ്മൂട്ടിയെ സ്ക്രീനില്‍ കാണിക്കുന്ന ഷോട്ടുകളില്‍ 90 ശതമാനവും റാം ക്ലോസ് അപ്പിലാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകന് അത്രയേറെ ഒരു നടനില്‍ വിശ്വാസമര്പ്പിക്കണമെങ്കില് ആ പ്രകടന മികവിന്റെ ആഴവും പരപ്പും ഊഹിച്ചെടുക്കാവുന്നതേയുള്ളു.

ഹൃദയ സ്പര്‍ശിയായ മൂഹൂര്‍ത്തങ്ങള്‍ മാത്രമല്ല, സംവിധായകന്റെ ശക്തമായ രാഷ്ട്രീയ ചിന്താഗതികളും കഥാപാത്രങ്ങളിലൂടെയും സന്ദര്‍ഭങ്ങളിലൂടെയും വ്യക്തമാക്കുന്നു. അതില്‍ പ്രധാനമാണ് സ്ത്രീത്വം. സ്ത്രീത്വത്തിന്റെ പല തലങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങള്‍ പേരന്‍പിനെ വീണ്ടും ശക്തമാക്കുന്നു. ആര്‍ത്തവത്തെ അശുദ്ധിയായി കാണുന്ന സ്ത്രീകള്‍ പോലും നിലനില്‍ക്കുന്ന ഈ സമൂഹത്തില്‍ അത് പ്രകൃതിയുടെ ചേരിതിരിവുകള്‍ മാത്രമാക്കുകയാണ് അമുദവന്. അതിലൂടെ അമുദവന് സത്യത്തില്‍ ശക്തിപ്പെടുത്തുന്നത് സ്ത്രീത്വത്തെ തന്നെയാണ്. തങ്കമീന്‍കള്‍ എന്ന തന്റെ സിനിമയില്‍ സാന്നിധ്യമറിയിച്ച സാധനയെ പാപ്പ എന്ന സങ്കീര്‍ണ്ണമായ കഥാപാത്രം ഏല്‍പ്പിച്ച റാമിന്റെ തീരുമാനം 200 ശതമാനം ശരി വെക്കുന്ന പ്രകടനത്തിലൂടെ സാധന പേരന്‍പിന്റെ ജീവനായി സിനിമയിലൂടനീളം പാറി നടന്നു. വളരെ കുറച്ച് കഥാപാത്രങ്ങള്‍ മാത്രമാണ് സിനിമയിലുള്ളത്. അഞ്ജലി അവതരിപ്പിച്ച വിജി നിസ്സഹായതയുടെയും വിഭ്രാന്തിയുടെയും ആഴങ്ങളിലൂടെ സഞ്ചരിക്കുന്നു. 11 വര്‍ഷം സ്പാസ്റ്റിക്ക് പരാലിസിസുള്ള മകളെ വളര്‍ത്തി അറിയേണ്ടതും അറിയേണ്ടാത്തതുമായ കാര്യങ്ങള്‍ പാപ്പയെ പഠിപ്പിച്ച് അവളെ വിട്ട് മറ്റൊരു ലോകം തേടിപ്പോകുന്ന അമ്മ ഒരു രീതിയില്‍ ക്രൂരതയും മറ്റൊരു രീതിയില്‍ ഒറ്റപ്പെടലില്‍ നിന്നുള്ള രക്ഷപ്പെടലായും നില കൊള്ളുന്നു. ഒരു പുരുഷനായ അമുദവന് അനുഭവിക്കുന്ന ഒറ്റപ്പെടല്‍ ഇതിനെ ശരി വെക്കുന്നു. ട്രാന്‍സ് ജെന്ററായ മീരയുടെ കഥാപാത്രം പ്രതീക്ഷകളുടെയും ധൈര്യത്തിന്റെയും ആഗ്രഹങ്ങളുടെയും പ്രതീകമാകുന്നു. പാപ്പയുടെ മനസ്സില്‍ ഉടലെടുക്കുന്ന ആഗ്രഹങ്ങളും കൂട്ടിവായിച്ച് മീരയിലെത്തുമ്പോള് അത് പൂര്‍ത്തിയാവുന്നു. മീരയുടെ വീട്ടിലേക്ക് അമുദവന് വരുമ്പോഴുള്ള സീനും കാറിലെ ജനാലകള്‍ തുറന്നിട്ട് കാറ്റാസ്വദിക്കുന്ന സീനുമെല്ലാം ആ കഥാപാത്രത്തിന്റെ അര്‍ഥം ശരി വെക്കുന്നു. ക്ലൈമാക്സില്‍ എല്ലാ കഥാപാത്രത്തിന്റെയും പൂര്‍ണ്ണതയിലേക്ക് സംവിധായകന് സിനിമയെ ചെന്നെത്തിക്കുന്നു.

സംവിധാനത്തിന്റെയും തിരക്കഥയുടെയും കാമ്പും കരുത്തും പേരന്‍പിനെ അക്ഷരാര്‍ത്ഥത്തില്‍ മാസ്റ്റര്‍ പീസ് എന്ന് വിളിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. അമുദവന്റെ ജീവിതത്തില്‍ വരുന്ന മാറ്റങ്ങള്‍ അധ്യായങ്ങളാക്കി എല്ലാം പ്രകൃതിയോട് ചേര്‍ത്ത് വായിക്കുകയാണ് സംവിധായകന് റാം. പതിനൊന്നാമത് അധ്യായമായ പേരന്പില് അവസാനിക്കുന്ന അമുദവന്റെ സംഘര്‍ഷങ്ങള്‍ പ്രകൃതിയുടെ മനോഹാരിതയും വിരൂപതയും സങ്കീര്‍ണ്ണതകളുമായി താരതമ്യം ചെയ്ത് റാം കഥ പറയുന്നു. നീളം കുറഞ്ഞ സംഭാഷണങ്ങളില്‍ റാം ഒളിപ്പിച്ചുവക്കുന്ന ലോകം വലുതായിരുന്നു. ഇടവേളകളില്‍ കടന്നു വരുന്ന ഹൈപ്പര്‍ലാപ്സ് ഷോട്ടുകള്‍ കഥയുടെ മാറ്റങ്ങളെ വളരെയധികം സ്വാധീനിക്കുന്നു. അടുത്തിടെ കണ്ടതില്‍ വെച്ച് ഏറ്റവും മനോഹരമായ എന്റിങ് ഷോട്ടും തന്റെ സ്ഥിരം ചായാഗ്രാഹകനായ തേനി ഈശ്വറിനെ സംവിധായകന് എങ്ങനെ ഉപയോഗിച്ചിരിക്കുന്നു എന്നതിന് തെളിവാണ്. പശ്ചാത്തല സംഗീതവും അതിന് സമാനമായി കടന്നുവരുന്ന ഗാനങ്ങളും സിനിമയെ പ്രേക്ഷകന്റെ മനസ്സില്‍ അടയാളപ്പെടുത്താന്‍ സഹായകമാകുന്നു. തനിക്ക് ലഭിച്ച ഓരോ വിഭവങ്ങളെയും കൃത്യമായ രീതിയില്‍ ഉപയോഗപ്പെടുത്താന്‍ അറിയുന്ന സംവിധായകനാണ് റാം എന്ന ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്.

വ്യക്തമായ ദിശാബോധമുള്ള സിനിമയാണ് പേരന്പ്. പല രംഗങ്ങളും വികാരങ്ങുടെ കുത്തൊഴുക്ക് കാരണം പ്രേക്ഷകനെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും നിര്വികാരനാക്കുകയും ചെയ്യുന്നു. വികാരഭരിതമായി മുന്നേറുന്ന കഥാസന്ദര്‍ഭങ്ങള്‍ കൊണ്ട് സമ്പന്നമാണെങ്കിലും ഇമോഷണല്‍ ഡ്രാമ എന്ന തലത്തില്‍ നിന്ന് മെലോ ഡ്രാമയിലേക്ക് ഒരിക്കല്‍ പോലും പേരന്പ് വഴുതി വീഴുന്നില്ല. മറക്കാനാവാത്ത ചലച്ചിത്രാനുഭവം സ്വന്തമാക്കണമെന്ന ആഗ്രഹിക്കുന്ന ഒരു പ്രേക്ഷകനും പേരന്പ് തിയേറ്ററില്‍ നഷ്ടപ്പെടുത്തരുത്. പേരന്പ്, അതിമനോഹരം.