LiveTV

Live

Movies

ഇരുപതാം നൂറ്റാണ്ടിനെ പറയിപ്പിക്കുമോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്?

പ്രതീക്ഷയുടെ അമിതഭാരം നല്‍കുന്നില്ല എന്ന് അരുണ്‍ ഗോപി പറഞ്ഞെങ്കിലും അമിതഭാരമില്ലെങ്കിലും സിനിമ ആസ്വാദ്യമാകുമോ എന്നത് വലിയ ചോദ്യചിഹ്നമായി നിഴലിച്ച് നില്‍ക്കുന്നു.

ഇരുപതാം നൂറ്റാണ്ടിനെ പറയിപ്പിക്കുമോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്?

പഴയ പ്രതാപമെല്ലാം പോയതിനാല്‍ ഒരു കാലത്ത് ഗോവയിലെ ഡോണായിരുന്ന ബാബ ഇന്ന് പല സാമ്പത്തിക പ്രശ്‌നങ്ങളിലും പെട്ട് നെട്ടോട്ടമോടുകയാണ്. അതുപോലെ ഒരു പ്രശ്‌നത്തില്‍ പെടുന്ന ബാബയെ മകനായ അപ്പു രക്ഷിക്കുന്നതിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. അച്ഛന്റെ പാതയിലൂടെ പോകാതെ മാന്യമായ രീതിയില്‍ ജോലി ചെയ്ത് പണമുണ്ടാക്കി കുടുംബം നോക്കുന്ന ഉത്തരവാദിത്വമുള്ള ചെറുപ്പക്കാരനാണ് അപ്പു. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സര്‍ഫിങ്ങും സ്പീഡ് ബോട്ടിങ്ങുമെല്ലാം ചെയ്ത് ഉപജീവനം നടത്തുന്ന അപ്പുവിന്റെ ജീവിതത്തിലേക്ക് ഒരു പുതുവര്‍ഷ രാത്രിയില്‍ സായ കടന്നുവരുന്നു. ശേഷം അപ്പുവിന്റെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് പറയുന്നത്.

നായകന്‍ പ്രണവ് മോഹന്‍ലാലിന്റെയും സംവിധായകന്‍ അരുണ്‍ ഗോപിയുടെയും രണ്ടാമൂഴമായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ട്. മോഹന്‍ലാലിന്റെ ഇരുപതാം നൂറ്റാണ്ട് എന്ന സിനിമയോട് സാദൃശ്യം തോന്നിക്കുന്ന തരത്തിലുള്ള പേര് തന്നെ ആരാധകര്‍ക്കിടയില്‍ ചിത്രത്തിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചിരുന്നു. മുളകുപാടം ഫിലിംസിന് വേണ്ടി ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിച്ച സിനിമ തീകച്ചും കച്ചവട സിനിമക്ക് വേണ്ട എല്ലാ ചേരുവകകളും ചേര്‍ത്തിണക്കിയൊരുക്കിയ ഒരു സിനിമയാണ്. പക്ഷേ, ആ ചേരുവകകള്‍ രുചികമാണോ എന്നാണ് പരിശോധിക്കേണ്ടത്. പ്രതീക്ഷയുടെ അമിതഭാരം നല്‍കുന്നില്ല എന്ന് അരുണ്‍ ഗോപി പറഞ്ഞെങ്കിലും അമിതഭാരമില്ലെങ്കിലും സിനിമ ആസ്വാദ്യമാകുമോ എന്നത് വലിയ ചോദ്യചിഹ്നമായി നിഴലിച്ച് നില്‍ക്കുന്നു.

പ്രണവ് മോഹന്‍ലാല്‍ അവതരിപ്പിച്ച അപ്പു എന്ന കഥാപാത്രമാണ് സിനിമയെ തുടക്കം മുതല്‍ നിയന്ത്രിച്ചത്. പക്ഷേ, പലപ്പോഴും ആ നിയന്ത്രണം സംവിധായകന്റെയും നായകന്റെയും കൈവിട്ട് പോയതായി അനുഭവപ്പെട്ടു. തുടക്കം മുതല്‍ തന്നെ ഇരുപതാം നുറ്റാണ്ടുമുതല്‍ കണ്ട് മടുത്ത മാതൃകയിലായിരുന്നു കഥാസന്ദര്‍ഭങ്ങളായിരുന്നു ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍. ഗുണ്ടയായ അച്ഛനും സല്‍സ്വഭാവിയായ മകനും. അച്ഛന്റെ വഴി ഒരു തരത്തിലും ഇഷ്ടപ്പെടാത്ത മകന്‍ സ്വന്തം സമാധാന ജീവിതം നയിക്കുന്നു. എന്നാല്‍ ഒരു ഘട്ടത്തില്‍ സ്വന്തം പ്രണയത്തിന് വേണ്ടി സാഹസികനാവാന്‍ നിര്‍ബന്ധിതനാവുന്ന മകന്‍ അച്ഛനില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് പകല്‍ മാന്യന്മാരായ വില്ലന്മാരെ അടിച്ച് തോല്‍പിക്കുന്നു. ഒടുവില്‍ നന്മക്ക് വിജയം. കഥ ഇങ്ങനെ പോകുന്നു.

സിനിമയിലുടനീളം നിറഞ്ഞ് നില്‍ക്കുന്ന നായകന്റെ പ്രകടനം താളം കണ്ടെത്താന്‍ കഷ്ടപ്പെടുന്നതായാണ് അനുഭവപ്പെട്ടത്. പല അഭിനയ മുഹൂര്‍ത്തങ്ങളിലും ഡയലോഗ് ഡെലിവറിയിലും ശരീരഭാഷയിലും അത് പ്രകടമായിരുന്നു. നായികയോട് പ്രണയം പറയുന്ന രംഗങ്ങളുള്‍പ്പടെ പല രംഗങ്ങളും പഴയ ഒരു അമേച്ച്വര്‍ നാടകത്തിന്റെ പ്രതീതിയാണ് നല്‍കിയത്. എങ്കിലും കഥാപാത്രത്തിനായി സര്‍ഫിങ് പഠിക്കുകയും സാഹസിക സംഘട്ടന രംഗങ്ങളില്‍ ഡ്യൂപ്പില്ലാതെ നിര്‍വഹിക്കുകയും ചെയ്ത പ്രണവിന്റെ അധ്വാനം പ്രശംസ അര്‍ഹിക്കുന്നതാണ്. തന്റെ ആദ്യ ചിത്രത്തില്‍ അത്ര നല്ല പ്രകടനമല്ല നായിക സായ കാഴ്ച വച്ചത് എന്ന് തന്നെ പറയേണ്ടി വരും. എങ്കിലും പുതിയൊരു താരോദയം മലയാള സിനിമക്ക് പ്രതീക്ഷ കൂടിയാണ്.

സംവിധാനത്തിന്റെയും തിരക്കഥയുടെയും കഴമ്പില്ലായ്മ തുടക്കം മുതല്‍ അലോസരപ്പെടുത്തുന്നതായിരുന്നു. ദിനംപ്രതി ദൈര്‍ഘ്യം കുറഞ്ഞ് വരുന്ന മലയാള സിനിമ പട്ടികയില്‍ പഴയ രീതിയിലുള്ള കഥ പറച്ചില്‍ രീതി രണ്ടര മണിക്കൂര്‍ പ്രേക്ഷകനെ തീയേറ്ററില്‍ പിടിച്ചിരുത്തുന്നതില്‍ നിന്നും പിന്‍വലിക്കുന്നു. മോശം ഷോട്ട് സെലക്ഷനും അത്ര മികച്ച് നില്‍ക്കാത്ത ചായാഗ്രഹണവും പലയിടത്തും കല്ലുകടിയായി. കൊമേഴ്‌സിയല്‍ ചേരുവകയെന്നോണം സംഭാഷണങ്ങളില്‍ കൊണ്ടുവന്ന അസ്വാഭാവികതകളും നിലവാരം കുറഞ്ഞ തമാശകളും ആസ്വാദനം ശ്രമകരമാക്കി. ആന്റണി പെരുമ്പാവൂര്‍, ഗോകുല്‍ സുരേഷ് എന്നിവരെ സിനിമയില്‍ കുത്തി കയറ്റിയത് പോലെ അനുഭവപ്പെട്ടു. ഇടതുപക്ഷ അനുഭാവികളെ സുഖിപ്പിക്കാനായി വിപ്ലവം പറയുന്ന ഡയലോഗുകളും പ്രണവിന്റെ ചെഗുവേര ഗെറ്റപ്പും അരോചകമായി. മനോജ് കെ. ജയന്‍, ഷാജോണ്‍, ധര്‍മ്മജന്‍ എന്നിവരെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്താനുള്ള സന്ദര്‍ഭങ്ങളൊന്നും തന്നെ തിരക്കഥയിലില്ലായിരുന്നു. ഗാനങ്ങളിലെ നിലവാരക്കുറവും മോശം ഗ്രാഫിക്‌സും സിനിമയുടെ ഗ്രാഫിന് വലിയ കോട്ടം തട്ടിക്കുന്നു. ക്ലൈമാക്‌സിലെ ട്രെയിനിലെ സംഘട്ടന രംഗങ്ങളിലെ സാങ്കേതികയും അത്ര പോരായിരുന്നു.

അടുത്തിടെ കേരളത്തില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പറയാതെ പറയുന്ന രീതിയില്‍ പല സന്ദര്‍ഭങ്ങളും കഥയില്‍ അരുണ്‍ ഗോപി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയത എന്ന വാക്ക് ഒരുപാട് സിനിമയില്‍ ഉപയോഗിക്കുന്നതായി കണ്ടു. അത് വര്‍ഗീയത എന്ന വാക്കിനെ വല്ലാതെ ചൂഷണം ചെയ്തുകൊണ്ടാണ് പലപ്പോഴും മതങ്ങളുടെ സങ്കീര്‍ണ്ണതകള്‍ ചൂണ്ടിക്കാണിക്കുന്ന രംഗങ്ങള്‍ സംവിധായകന്‍ ഉള്‍ക്കൊള്ളിച്ചത്. വിമര്‍ശനമാണ് ഉദ്ദേശിച്ചതെങ്കിലും അത് വിമര്‍ശനമായില്ല എന്നതാണ് സത്യം. സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഒരു ഇടത് അനുഭാവിയുടെ കാഴ്ചപ്പാടിലാണ് അരുണ്‍ ഗോപി പറയാനുദ്ദേശിച്ചത്. അതിനാലായിരിക്കാം വൈദികനെപ്പോലും സഭാ വിരോധിയാക്കി സംവിധായകന്‍ ചിത്രീകരിച്ചത്.

സിനിമയെ കച്ചവട സാധ്യതകള്‍ മാത്രം മുന്നില്‍ കണ്ടുകൊണ്ട് തയാറാക്കിയ കഥയാണെന്ന തോന്നലാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് നല്‍കുന്നത്. എങ്കിലും അത് ഫലം കണ്ടോ എന്നത് പ്രേക്ഷകര്‍ തീരുമാനിക്കും. പ്രതീക്ഷയുടെ അമിത ഭാരമില്ലെങ്കിലും ഇരുപത്തിയൊന്നാം നൂറ്റാണ്ട് അത്രകണ്ട് ആസ്വാദ്യകരമല്ലായിരുന്നു.