LiveTV

Live

Movies

പഴയ വീഞ്ഞും പുതിയ കുപ്പിയും: ഞാന്‍ പ്രകാശന്‍ റിവ്യു 

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ക്ലാസിക്ക് കോമ്പിനേഷനായ സത്യന്‍ അന്തിക്കാട് ശ്രീനിവാസന്‍ കൂട്ടുകെട്ട് പുനര്‍ജനിക്കുന്നു എന്നതാണ് ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം

പഴയ വീഞ്ഞും പുതിയ കുപ്പിയും: ഞാന്‍ പ്രകാശന്‍ റിവ്യു 

പ്രകാശനിപ്പൊള്‍ പഴയ പ്രകാശനല്ല, ആകാശാണ്. പി.ആര്‍ ആകാശ്. നഴ്സിങ് ബിരുദധാരിയായ പ്രകാശന്‍ ആ ജോലി കുറച്ചിലാണെന്ന് കരുതി ജോലിക്ക് പോകാതെ വീട്ടിലിരിക്കുന്ന ഒരു യുവാവാണ്. അദ്ധ്വാനിക്കാതെ എങ്ങിനെ പണക്കാരനാകാം എന്ന് ആലോചിച്ച് നടക്കുന്ന പ്രകാശന്‍ യാഥൃശ്ചികമായാണ് മുന്‍കാല കാമുകിയും കോളേജിലെ തന്‍റെ ജൂനിയറുമായിരുന്ന സയോമിയെ വീണ്ടും കാണുന്നത്. വിദേശത്ത് പോകാന്‍ തയാറെടുക്കുന്ന സയോമിയെ കണ്ടതിന് ശേഷം പ്രകാശനിലും അതേ ആഗ്രഹം ഉടലെടുക്കുന്നു. പിന്നീട് പ്രകാശന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങളും തിരിച്ചറിവുകളുമാണ് ഞാന്‍ പ്രകാശന്‍.

പഴയ വീഞ്ഞും പുതിയ കുപ്പിയും: ഞാന്‍ പ്രകാശന്‍ റിവ്യു 

വര്‍ഷങ്ങള്‍ക്ക് ശേഷം മലയാളത്തിലെ ക്ലാസിക്ക് കോമ്പിനേഷനായ സത്യന്‍ അന്തിക്കാട്, ശ്രീനിവാസന്‍ കൂട്ടുകെട്ട് പുനര്‍ജനിക്കുന്നു എന്നതാണ് ഞാന്‍ പ്രകാശന്‍ എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം. നാടോടിക്കാറ്റ്, വരവേല്‍പ്പ്, സന്ദേശം തുടങ്ങി ഒരുപിടി നല്ല ചിത്രങ്ങള്‍ എന്നും ഓര്‍ത്ത് വക്കാന്‍ മലയാളിക്ക് സമ്മാനിച്ച ഈ കൂട്ടുകെട്ടില്‍ പിറന്ന ഞാന്‍ പ്രകാശനും പഴയ സിനിമകളുടെ ഓര്‍മ്മകളെ വിളിച്ചുണര്‍ത്തുന്നു. ഇന്നത്തെ ന്യു ജെനറേഷന്‍ സിനിമകളിലൊന്നും കാണാനാവാത്ത പച്ചപ്പും പ്രകൃതിഭംഗിയും ഗ്രാമീണ നിഷ്കളങ്കതയുമെല്ലാം സിനിമയിലൂടെ സത്യന്‍ അന്തിക്കാട് വീണ്ടും തിരിച്ച് കൊണ്ട് വരുന്നു. എസ്. കുമാറിന്‍റെ ഫ്രെയിമുകള്‍ അത് മനോഹരമായി ഒപ്പിയെടുത്തിട്ടുമുണ്ട്.

പഴയ വീഞ്ഞും പുതിയ കുപ്പിയും: ഞാന്‍ പ്രകാശന്‍ റിവ്യു 

രണ്ടാമത്തെ ഘടകം ഫഹദ് ഫാസിലാണ്. ചെയ്യുന്ന ഓരോ സിനിമയിലും വ്യത്യസ്തത പുലര്‍ത്താന്‍ ഫഹദ് ഫാസില്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ഇതിന് മുന്‍പ് പുറത്തിറങ്ങിയ വരത്തനിലെ എബി എന്ന കഥാപാത്രത്തില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണ് പ്രകാശന്‍ അഥവ പി.കെ ആകാശ്. ഒരു ശരാശരി മലയാളി യുവാവിനുള്ള എല്ലാ സ്വഭാവ സവിശേഷതകളും പ്രകാശനുമുണ്ട്. ആഗ്രഹങ്ങളുടെ അമിതഭാരം കാരണം യാഥാര്‍ത്ഥ്യത്തെ മറന്ന് സ്വപ്നങ്ങളിലേക്ക് കൂപ്പുകുത്തുന്ന പ്രകാശന് അതേ നാണയത്തില്‍ തന്നെ തിരിച്ചടി സംഭവിക്കുന്നു. സ്വന്തം പേര് പോലും ആധുനികവത്കരണത്തിന്‍റെ ഭാഗമായി പുതുക്കുന്ന പ്രകാശന്‍ സ്വത്വത്തെ കാണാതെ ആകാശത്തുള്ള മറ്റെന്തിനെയോ എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന ഒരാളാണെന്ന് പേര് മാറ്റത്തിലൂടെ തന്നെ പറയാതെ പറയുന്നു. ഡയലോഗ് ഡെലിവറിയിലും മാനറിസങ്ങളിലും സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍റെ നിഷ്കളങ്കനായ നായകനായി ഫഹദ് മനോഹരമായി അഭിനയിച്ചു. തുടക്കം മുതല്‍ അവസാനം വരെ സിനിമയിലുടനീളം സാന്നിധ്യമറിയിച്ച് പ്രേക്ഷകനില്‍ ചിരിയും ചിന്തയുമുണര്‍ത്താന്‍ പ്രകാശനായെത്തിയ ഫഹദിന് സാധിച്ചു. പിന്നെ ഗോപാലന്‍ എന്ന കഥാപാത്രമായെത്തിയ ശ്രീനിവാസന്‍. തന്‍റെ ജോലി ഇതര സംസ്ഥാന തൊഴിലാളികളെ വിതരണം ചെയ്യുക ആയതിനാല്‍ ഗോപാലനെ ഗോപാല്‍ ജി എന്ന് ഏവരും വിളിക്കുന്നതിലെ നര്‍മ്മം പ്രേക്ഷകനെ ചിരിപ്പിക്കുന്നു. സയോമിയെ അവതരിപ്പിച്ച നിഖില വിമലും കെ.പി.എ.സി ലളിതയും ചെറിയ വേഷമാണെങ്കിലും ടീന മോളുമെല്ലാം മനോഹരമായി ചെയ്തു. ഷാന്‍ റഹ്മാന്‍റെ സംഗീതം സിനിമക്ക് കരുത്തേകുന്നതില്‍ പ്രധാന പങ്ക് വഹിച്ചു. ശ്രീനിവാസന്‍റെ തനത് പൊടിക്കൈകള്‍ സിനിമയിലുടനീളം കുടുംബ പ്രേക്ഷകരെ കയ്യിലെടുക്കുന്നതാണ്.

സത്യന്‍ അന്തിക്കാട് എന്ന സംവിധായകന്‍റെ മുന്‍കാല ചിത്രങ്ങളിലെ അതേ കഥാസന്ദര്‍ഭങ്ങളും കഥാപാത്രങ്ങളും പ്രമേയവും ഇതിലും അദ്ദേഹം ആവര്‍ത്തിക്കുന്നു എന്നത് ഞാന്‍ പ്രകാശനെ കുറച്ച് പുറകോട്ട് വലിക്കുന്നു. കാലങ്ങളായി കണ്ട് വരുന്ന സത്യന്‍ അന്തിക്കാട് ഫോര്‍മാറ്റിലുള്ള നായകനായി പ്രകാശന്‍ പലപ്പോഴും മാറുന്നു. ഒട്ടും പുതുമ അവകാശപ്പെടാനില്ലാത്ത തിരക്കഥയാണ് സിനിമയുടേത്. ഇത് പല സ്ഥലങ്ങളിലും സംവിധായന്‍റെയും തിരക്കഥാകൃത്തിന്‍റെയും മുന്‍കാല ചിത്രങ്ങളെ ഓര്‍മ്മിപ്പിക്കുന്നു.

പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പ്രേക്ഷകന് വിളമ്പുകയാണ് ഞാന്‍ പ്രകാശനിലൂടെ സത്യന്‍ അന്തിക്കാടും ശ്രീനിവാസനും ചെയ്തത്. മലയാളത്തിലെ മികച്ച കോമ്പിനേഷനായ ഇവരുടെ ശക്തമായ തിരിച്ച് വരവ് എന്ന് അവകാശപ്പെടാനില്ലെങ്കിലും കുടുംബസമേധം തിയേറ്ററില്‍ പോയി ആസ്വദിക്കാനുള്ള വകയെല്ലാം ഞാന്‍ പ്രകാശനിലുണ്ട്. അമിത പ്രതീക്ഷകളില്ലാത്തതിനാലാവാം, ക്ലീഷെ മാറ്റി നിര്‍ത്തിയാല്‍ ഞാന്‍ പ്രകാശന്‍ ആസ്വാദ്യകരമാണ്.