LiveTV

Live

Movies

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആദ്യ ദിന കളക്ഷനിലൂടെ സ്വന്തമാക്കുന്നത്? 

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ റിലീസിനൊരുങ്ങിനില്‍ക്കെ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ പ്രവചിച്ച് ട്രേഡ് അനലിസ്റ്റുകള്‍. 

തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ ആദ്യ ദിന കളക്ഷനിലൂടെ സ്വന്തമാക്കുന്നത്? 

ഈ വര്‍ഷം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആമിര്‍ഖാര്‍ ചിത്രം തഗ്‌സ് ഓഫ് ഹിന്ദോസ്ഥാന്‍ റിലീസിനൊരുങ്ങിനില്‍ക്കെ ചിത്രത്തിന്റെ ഫസ്റ്റ് ഡേ കളക്ഷന്‍ പ്രവചിച്ച് ട്രേഡ് അനലിസ്റ്റുകള്‍. ചിത്രം ആദ്യ ദിനം എല്ലായിടത്തുനിന്നുമായി 50 കോടി നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്‌സ്ത ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശും ഇതെ രീതിയില്‍ വിലയിരുത്തുന്നു. ചിത്രത്തിന്റെ ആദ്യ ദിന അഡ്വാന്‍സ് ബുക്കിങ് പ്രകാരം രണ്ട് ലക്ഷം ടിക്കറ്റുകള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്തതായി ബോക്‌സ് ഓഫീസ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അഡ്വാന്‍സ് ബുക്കിങില്‍ ടൈഗര്‍ സിന്ദാഹേ, സഞ്ജു, അവഞ്ചേഴ്, ഇനിഫിനിറ്റി വാര്‍ എന്നീ ചിത്രങ്ങളെ മറികടന്നു.

ചിത്രത്തിലെ വമ്പന്‍ താര നിരതന്നെയാണ് പ്രേക്ഷകരെ ക്ഷണിക്കുന്നത്. മാത്രമല്ല ആമിര്‍ഖാന്റെ അടുത്ത കാലത്തെ ചിത്രങ്ങളെല്ലാം വന്‍ ഹിറ്റുകളായിരുന്നു താനും. ദംഗലിന് പുറമെ സീക്രട്ട് സൂപ്പര്‍സ്റ്റാറാണ് ആമിറിന്റെ അവസാനം റിലീസായ ചിത്രം. രണ്ടും റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറിയിരുന്നു. ബോളിവുഡിലെ ബിഗ് ബി അമിതാഭ് ബച്ചന്റെ സാന്നിധ്യമാണ് മറ്റൊന്ന്. നീണ്ട ഇടവേളക്ക് ശേഷമാണ് ഈ കൂട്ടുകെട്ടിലൊരു ചിത്രം വരുന്നത്. ബോളിവുഡിലെ വിപണന തന്ത്രം നല്ലപോലെ അറിയുന്ന യാഷ് രാജ് ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത് എന്നും ആരാധകുടെ കാത്തിരിപ്പിന് കനമേറ്റുന്നു. കത്രീന കൈഫ്, ദംഗല്‍ ഫെയിം ഫാത്തിമ സന ഷൈഖ് എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പോലെ ചരിത്ര പശ്ചാത്തലമുള്ള സിനിമയാണിത്. ട്രെയിലറും ആ തരത്തിലുള്ളതാണ്. 1839ല്‍ പുറത്തിറങ്ങിയ കണ്‍ഫഷന്‍ ഓഫ് എ തഗ് എന്ന നോവലിനെ ആസ്പദമാക്കിയാണ് ചിത്രം. ധൂം 3ക്ക് ശേഷം വിജയ് കൃഷ്ണ ആചാര്യ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും.

Also read: തഗ്സ് ഓഫ് ഹിന്ദോസ്ഥാന്റെ വിശേഷവുമായി ആമീര്‍ ഖാന്‍