LiveTV

Live

Movies

ചോരയില്‍ ചുവന്ന് തുടുത്ത് ചെക്ക ചെവന്ത വാനം- റിവ്യു വായിക്കാം

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ മണിരത്നത്തിന്‍റെ ഇരുപത്തിയഞ്ചാം സിനിമയാണ് ചെക്ക ചെവന്ത വാനം

ചോരയില്‍ ചുവന്ന് തുടുത്ത് ചെക്ക ചെവന്ത വാനം- റിവ്യു വായിക്കാം

ചെന്നൈ നഗരത്തിലെ ഏറ്റവും വലിയ ഗ്യാങ്സ്റ്ററാണ് സേനാപതി. സേനാപതിക്ക് മൂന്ന് ആണ്‍ മക്കള്‍. വരദരാജന്‍, ത്യാഗരാജന്‍, യെതിരാജന്‍. സിനിമയുടെ തുടക്കത്തില്‍ സേനാപതിയെയും ഭാര്യയെയും പോലീസ് വേഷമണിഞ്ഞ രണ്ട് പേരുടെ നേതൃത്വത്തില്‍ ഒരു സംഘം കൊല്ലാന്‍ ശ്രമിക്കുന്നു. മരണം അടുത്തെത്തിയെങ്കിലും ചെറിയൊരു പഴുതിലൂടെ അവര്‍ രക്ഷപ്പെടുന്നു. തുടര്‍ന്ന് ദുബൈയിലുള്ള ത്യാഗുവും സെര്‍ബിയയിലുള്ള യെതിയും ചെന്നൈയിലെത്തുന്നു. ജ്യേഷ്ഠനായ വരദരാജന്‍ നാട്ടില്‍ തന്നെയാണ്. എല്ലാവരും നാട്ടിലെത്തിയ ശേഷം അവര്‍ക്കിടയിലുള്ള പൊതുവായ ആഗ്രഹം വെളിവാവുന്നു. അച്ഛന്‍റെ മരണശേഷം ആര് ആ സ്ഥാനത്തെത്തും..? ചെക്ക ചെവന്ത വാനം ചുവന്ന് തുടുക്കാന്‍ തുടങ്ങുന്നത് ഇവിടെ നിന്നാണ്.

ഇന്ത്യന്‍ സിനിമയിലെ മികച്ച സംവിധായകരിലൊരാളായ മണിരത്നത്തിന്‍റെ ഇരുപത്തിയഞ്ചാം സിനിമയാണ് ചെക്ക ചെവന്ത വാനം. കഥയിലെ പുതുമകളെക്കുറിച്ച് ചര്‍ച്ച ചെയ്യും മുന്‍പ് അതിന്‍റെ തായ്‍വഴികളെക്കുറിച്ച് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്. 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴകം ഭരിച്ചിരുന്ന രാജ രാജ ചോഴന്‍റെ ജീവിതത്തില്‍ നടന്നുവെന്ന് കരുതപ്പെടുന്ന ഒരു സംഭവത്തെ ആസ്പദമാക്കി തമിഴ് നോവലിസ്റ്റ് കല്‍കി എഴുതിയ പൊന്നിയിന്‍ സെല്‍വന്‍ എന്ന നോവലില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചെക്ക ചെവന്ത വാനം ജനിക്കുന്നത്.

ശ്രീലങ്കയുള്‍പ്പെടുന്ന തമിഴകത്തിന്‍റെ രാജാവായിരുന്ന സുന്തര ചോളന്‍ മൂന്ന് ആണ്‍ മക്കള്‍ക്കും ഒരു മകള്‍ക്കുമായി ഭരണ ചുമതലകള്‍ വീതിച്ച് കൊടുത്തിരുന്നു. പക്ഷെ, ഒരു അവസരത്തില്‍ സുന്തര ചോളന്‍റെ ആരോഗ്യ സ്ഥിതി മോശമാവുന്നതിനെ തുടര്‍ന്ന് ഇനി രാജ്യം ആര് ഭരിക്കും എന്ന ചോദ്യം ഉണ്ടാവുകയും ചോളന്‍റെ മക്കള്‍ മൂന്ന് ആണ്‍മക്കളും രാജാവാകാന്‍ ആഗ്രഹം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇവിടെ നിന്ന് ഉയര്‍ന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് സഹോദരങ്ങള്‍ക്കിടയിലെ സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും യുദ്ധത്തിന്‍റെയും പരിവേഷത്തില്‍ മുന്നോട്ട് പോകുന്ന കഥയാണ് പൊന്നിയിന്‍ സെല്‍വന്‍. പക്ഷെ, ത്യാഗവും സ്നേഹവും പേരില്‍ മാത്രമൊതുക്കി യുദ്ധത്തിന്‍റെ പരിവേഷം മാത്രമായിരുന്നു ചോള രാജാക്കന്മാര്‍ സ്വീകരിച്ചിരുന്നതെങ്കില്‍ എന്താവുമായിരുന്നോ, അത് പുതിയ തലമുറ കഥാ പശ്ചാത്തലമാക്കി മണിരത്നം ചെക്ക ചെവന്ത വാനത്തിലൂടെ പറയുകയാണ്.

കഥാപാത്രത്തിന്‍റെ പേരുകള്‍ മുതല്‍ അവര്‍ എവിടെ ജീവിക്കുന്നു എന്നതില്‍ വരെ ശ്രദ്ധ ചെലുത്തി സൂക്ഷ്മമായ രീതിയില്‍ അവതരിപ്പിക്കാന്‍ മണിരത്നം കാണിക്കുന്ന മികവ് ചെക്ക ചെവന്ത വാനത്തിലും പ്രകടമാണ്. യുദ്ധമാണ് കഥയിലെ പ്രധാന ഘടകം. അതിലൂടെ വികസിച്ച് വരുന്ന മികച്ച സന്ദര്‍ഭങ്ങള്‍ക്ക് വൈകാരികതയുടെ മേമ്പൊടി ചേര്‍ക്കാന്‍ കഥാകൃത്ത് മറന്നില്ല. അളന്ന് മുറിച്ച് കാച്ചികുറുക്കിയ മണി സര്‍ ടച്ചുള്ള സംഭാഷണങ്ങളും ആഖ്യാന രീതിയും സിനിമയെ ആസ്വാദ്യമാക്കുന്നു. വരദരാജന്‍, യെതിരാജന്‍, ത്യാഗരാജന്‍, റസൂല്‍, സേനാപതി എന്നിങ്ങനെ പേരുകളില്‍ കൊടുത്തിട്ടുള്ള കഥാപാത്രത്തിന്‍റെ സ്വഭാവ സവിശേഷതകളും എടുത്ത് പറയേണ്ടുന്ന ഒന്നാണ്. ദേഷ്യക്കാരനായ വരദയായി അരവിന്ദ് സ്വാമിയും കുശാഗ്രബുദ്ധിക്കാരനായ ത്യാഗുവായി അരുണ്‍ വിജയും സ്വാര്‍ഥനായ യതിയായി ചിലമ്പരസനും മികച്ച പ്രകടനങ്ങള്‍ കാഴ്ച വച്ചു.

എടുത്ത് പറയേണ്ട പ്രകടനം റസൂല്‍ എന്ന പോലീസുകാരനായെത്തിയ വിജയ് സേതുപതിയുടേതാണ്. പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളെയും ബന്ധിപ്പിക്കുന്ന കഥാപാത്രമാണ് വിജയ് സേതുപതിയുടെ റസൂല്‍. റസൂല്‍ എന്നാല്‍ ദൂതന്‍ എന്നാണര്‍ത്ഥം. പ്രകാശ് രാജിന്‍റെ സേനാപതിയും വരദയുടെ ഭാര്യ ചിത്രയായി വന്ന ജ്യോതികയും കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. എ.ആര്‍ റഹ്മാന്‍ അണിയിച്ചൊരുക്കിയ ഗാനങ്ങളും പശ്ചാത്തല സംഗീതവും പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പോന്നവയായിരുന്നു. ചുവന്ന് തുടുത്ത് നില്‍ക്കുന്ന ഹിംസയെ നീലാകാശം പോലുള്ള സന്ദര്‍ഭങ്ങളുടെ കൂടെ സഹായത്തോടെ അവതരിപ്പിക്കുന്ന കഥ അതിന്‍റെ പേരിനോട് നീതി പുലര്‍ത്തുന്നു. ക്യാമറക്ക് പിന്നില്‍ സന്തോഷ് ശിവനും സംഗീതത്തില്‍ എ.ആര്‍ റഹ്മാനും വിസ്മയം തീര്‍ത്തിരിക്കുന്നു.

തുടര്‍ച്ചയായി കമിതാക്കളുടെ കണ്ടുമുട്ടലുകള്‍ വിഷയമാക്കി പ്രമേയങ്ങള്‍ കണ്ടെത്തിയ മണിരത്നം വേറിട്ട് നടത്തിയ പരീക്ഷണമായിരുന്നു ചെക്ക ചെവന്ത വാനം. എങ്കിലും സംവിധായകന്‍ തന്നെ പല തവണ പറഞ്ഞ വാളെടുത്തവന്‍ വാളാല്‍ എന്ന സമവാക്യം വീണ്ടും വിളിച്ചോതുന്ന തിരക്കഥക്ക് പുതിയായൊന്നും അവകാശപ്പെടാനില്ല. എങ്കിലും ആഖ്യാന രീതി അതിനെ മറികടക്കുന്നു. പ്രധാനപ്പെട്ട എല്ലാ ആണ്‍ കഥാപാത്രങ്ങള്‍ക്കും രാക്ഷസ പരിവേഷം നല്‍കിയതിന്‍റെ ചുരുളുകള്‍ അഴിയുന്നുണ്ടെങ്കിലും പല സ്ഥലത്തും കല്ലുകടിയായി അനുഭവപ്പെട്ടു. പുരുഷന്‍ പ്രതികരിക്കണമെങ്കില്‍ സ്ത്രീയെ വേദനിപ്പിക്കണം എന്ന ടെക്നിക് എല്ലായിടത്തും ഉപയോഗിക്കേണ്ടായിരുന്നു.

ഇത്രയൊക്കെയുണ്ടെങ്കിലും ചെക്ക ചെവന്ത വാനം നല്ലൊരു സിനിമാ അനുഭവമായി വ്യാഖ്യാനിക്കാം. തന്‍റെ സംവിധാന മികവ് കൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിച്ചിട്ടുള്ള സംവിധായകനാണ് മണിരത്നം. അതിനാല്‍ തന്നെ ഏത് തരം ചിത്രങ്ങള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ക്കും ഒരു മിനിമം ഗ്യാരണ്ടി ചെക്ക ചെവന്ത വാനവും ഉറപ്പ് നല്‍കുന്നു. മണി സാറിനെ ഇഷ്ടപ്പെടുന്നവര്‍ക്ക് പ്രത്യേകിച്ചും.