വടകര സീറ്റില്‍ ആര്.എം.പിക്ക് പിന്തുണ നല്‍കാനുള്ള തീരുമാനത്തിനെതിരെ കോൺഗ്രസ് പ്രാദേശിക നേതൃത്വം
സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികള്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു.

വടകര സീറ്റില്‍ ആർ.എം.പിക്ക് പിന്തുണ നല്‍കാനുള്ള കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പ്രാദേശിക നേതൃത്വം. സീറ്റില്‍ കോണ്‍ഗ്രസ് മത്സരിക്കണമെന്നാവശ്യപ്പെട്ട് ഡി.സി.സി ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ ഭാരവാഹികള്‍ കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചു. നേതാക്കള്‍ കഴിഞ്ഞ ദിവസം രഹസ്യയോഗവും ചേർന്നിരുന്നു.
ഡി.സി.സി ജനറല്‍ സെക്രട്ടറി ശശിധരൻ കരിമ്പനപ്പാലം സെക്രട്ടറി പീതാംബരൻ കളത്തിൽ എന്നിവരും പത്തോളം ബ്ലോക്ക് ഭാരവാഹികളുമാണ് കെ.പി.സി.സി പ്രസിഡന്റിന് കത്തയച്ചത്. 2011ലും 2016ലും വടകരയില്‍ യുഡിഎഫ് തോല്ക്കാന് കാരണം ആഭ്യന്തര പ്രശ്നങ്ങളുണ്ടായിരുന്ന ജനതാദളിന് സീറ്റ് നല്‍കിയതാണ്. കൈപ്പത്തി ചിഹ്നത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർഥി മത്സരിക്കുകയാണെങ്കില്‍ ജയിക്കാനുള്ള എല്ലാ സാഹചര്യവും വടകരയിലുണ്ടെന്നും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നുമാണ് കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വടകരയില്‍ ആർ.എം.പി ക്ക് പിന്തുണ നല്കാന് നേതൃതലത്തില്‍ ധാരണ ഉണ്ടായെന്ന റിപ്പോർട്ടുകള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ എതിർനീക്കം തുടങ്ങിയത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം ഡി.സി.സി ബ്ലോക്ക് ഭാരവാഹികള്‍ വടകരയില്‍ രഹസ്യ യോഗം ചേർന്ന് എതിർപ്പ് ശക്തമാക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.പി.സി.സി ഭാരവാഹികളായ വടകരയിലെ ചില നേതാക്കള്‍ക്കും കോണ്‍ഗ്രസ് മത്സരിക്കാത്തതില്‍ അമർഷമുണ്ട്. ആർ.എം.പിക്ക് പിന്തുണ നല്‍കുമെന്ന തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ എതിർപ്പ് പരസ്യമായേക്കുമെന്നാണ് എതിരഭിപ്രായമുള്ള നേതാക്കള്‍ നല്കുന്ന സൂചന.
Adjust Story Font
16