LiveTV

Live

Literature

സ്പ്രിങ്ക്‌ളർ കരാർ; സർക്കാറിന് വിമർശവുമായി എൻ.എസ് മാധവൻ

പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, കേരളത്തിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിങ്ക്‌ളർ കമ്പനി മറിച്ചുവിൽക്കുമെന്ന് കരുതാനാവില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു

സ്പ്രിങ്ക്‌ളർ കരാർ; സർക്കാറിന് വിമർശവുമായി എൻ.എസ് മാധവൻ

സ്പ്രിങ്ക്‌ളർ വിവാദത്തിൽ സംസ്ഥാന സർക്കാറിന് വിമർശവുമായി എഴുത്തുകാരൻ എൻ.എസ് മാധവൻ. അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഒരുപറ്റം മലയാളികളുടെ കടുത്ത സ്വകാര്യതാ ലംഘനത്തിനു വഴിവെക്കുന്ന കാര്യങ്ങളാണ് നടന്നിട്ടുള്ളതെന്നും, സ്പ്രിങ്ക്‌ളറിനു നൽകിയ വിവരങ്ങൾ സർക്കാർ തിരിച്ചുവാങ്ങി ആരോഗ്യപ്രവർത്തകർക്ക് കൈമാറുകയാവും ഉചിതമെന്നും 'മലയാള മനോരമ' പത്രത്തിൽ എഴുതിയ കുറിപ്പിൽ മാധവൻ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, പ്രതിപക്ഷം ആരോപിക്കുന്നതുപോലെ, കേരളത്തിൽ നിന്നു ശേഖരിക്കുന്ന വിവരങ്ങൾ സ്പ്രിങ്ക്‌ളർ കമ്പനി മറിച്ചുവിൽക്കുമെന്ന് കരുതാനാവില്ലെന്നും സാധാരണ ഒരു യു.എസ് കമ്പനിയും അത്തരം കാര്യങ്ങൾ ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കുറിപ്പിന്റെ പൂർണരൂപം:

കോവിഡാനന്തര കാലത്തെ എത്തിനോട്ടങ്ങൾ

കോവിഡാനന്തര ജീവിതത്തെ വിഭാവനം ചെയ്തുകൊണ്ട് പ്രസിദ്ധ ചരിത്രകാരനായ യുവാൽ നോഹ ഹരാരി ഈയിടെ പറഞ്ഞ ഒരു കാര്യം, 'ഭാവിയിൽ ഭരണകൂടങ്ങൾ പൗരന്മാരെ നിരീക്ഷിക്കുന്നതു വർധിക്കും' എന്നാണ്. കോവിഡിനു മുൻപുതന്നെ പൗരന്മാരിൽ പലരും നിരീക്ഷണത്തിലായിരുന്നു. എന്നാൽ, അത്തരത്തിൽ പുറത്തുനിന്നുള്ള നിരീക്ഷണം ഇപ്പോൾ ശരീരത്തിന്റെ ഉള്ളിൽ പ്രവേശിച്ചിരിക്കുന്നു.

പല രാജ്യങ്ങളിലും കോവിഡ് ജാഗ്രതയുടെ ഭാഗമായി ഇലക്ട്രോണിക്‌സ് ടാഗുകൾ ധരിക്കാൻ ആളുകൾ ഇപ്പോൾ നിർബന്ധിതരാണ്. അവരുടെ ശരീരത്തിലെ ചൂട്, ഹൃദയമിടിപ്പ്, രക്തസമ്മർദം തുടങ്ങി ആരോഗ്യത്തെ സംബന്ധിച്ച ഡേറ്റ അനുനിമിഷം സർക്കാർ കംപ്യൂട്ടറുകൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു.

അതിൽ പതുങ്ങിയിരിക്കുന്ന അപകടത്തെപ്പറ്റി ഹരാരി പറഞ്ഞ ഉദാഹരണം സംഭവാതീതമല്ല: പത്തു വർഷത്തിനു ശേഷം ഉത്തര കൊറിയയിലെ പരമാധികാരി ജനങ്ങളെ അഭിസംബോധന ചെയ്യുമ്പോൾ കയ്യടിച്ചു കേൾക്കുന്ന കാണികളിൽ ചിലർക്കെങ്കിലും ഉള്ളിൽ അമർഷം പുകയുന്നുണ്ടാകും. ഈ വിവരം ഇലക്ട്രോണിക് ടാഗുകൾ വഴി ഭരണകൂടം അറിയുന്നു... ഇത്രയും ആമുഖമായി പറഞ്ഞത് ഇപ്പോൾ കേരളത്തിൽ നടക്കുന്ന സ്പ്രിൻക്ലർ വിവാദത്തിന്റെ പശ്ചാത്തലത്തിലാണ്.

ഈ വിഷയം കക്ഷിരാഷ്ട്രീയത്തിന്റെ മൈതാനത്തിൽ അങ്ങോട്ടുമിങ്ങോട്ടും ഇട്ടു തട്ടാവുന്ന പന്തിനെക്കാൾ, വളരെയധികം ഗൗരവം അർഹിക്കുന്നു. പ്രതിപക്ഷം ആരോപിക്കുന്നതു പോലെ, കേരളത്തിൽനിന്നു ശേഖരിക്കുന്ന ഡേറ്റ സ്പ്രിൻക്ലർ കമ്പനി മറിച്ചുവിൽക്കും എന്നു കരുതാവുന്നതല്ല. യുഎസ് നിയമമനുസരിച്ച് (ഇന്ത്യയിലും) സേവനദാതാവോ ഉപഭോക്താവോ പരസ്പരം നൽകുന്ന വിവരം പുറത്തുവിടാൻ പാടില്ല എന്ന ഉടമ്പടി (non-disclosure agreement) ലംഘിക്കുന്നത് വലിയ ശിക്ഷ വരുത്തിവയ്ക്കും. സാധാരണ ഒരു യുഎസ് കമ്പനിയും ആ ഉടമ്പടി ലംഘിക്കാൻ മുതിരുകയില്ല. അതു കഞ്ഞിയിൽ പാറ്റയിടുന്നതിനു തുല്യമാണ്. കേരള സർക്കാരും സ്പ്രിൻക്ലറും ഇത്തരമൊരു കരാറിലൂടെ പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്നു.

സ്പ്രിൻക്ലർ കമ്പനിയുടെ പ്രത്യേക വൈദഗ്ധ്യം ട്വിറ്റർ, ഫെയ്‌സ്ബുക് തുടങ്ങി വിവിധ സമൂഹമാധ്യമങ്ങളിലൂടെ എത്തുന്ന സന്ദേശങ്ങൾ ഏകോപിപ്പിക്കുക എന്നതിലാണ്. ദുരന്തസമയത്ത് അനുനിമിഷം ഇത്തരം സന്ദേശങ്ങൾ പ്രവഹിക്കുന്ന അവസ്ഥയിൽ സ്പ്രിൻക്ലർ സംഗതമാണ്. എന്നാൽ, മനസ്സിലാകാത്തത് പഞ്ചായത്തുതലത്തിൽ നിന്നുള്ള ഡേറ്റ അവർക്കു നേരിട്ടോ, സർക്കാരിന്റെ അധീനതയിലുള്ള സെർവർ വഴിയോ കൈമാറ്റം ചെയ്യുന്നത് എന്തിനാണെന്നാണ്. രണ്ടു പുറം വരുന്ന 11 ചോദ്യങ്ങളുള്ള ഒരു ചെറിയ ചോദ്യാവലിയിലൂടെയാണു വിവരങ്ങൾ ശേഖരിക്കുന്നത്.

അത്തരം ലളിതമായ ഡേറ്റ അപഗ്രഥനം ചെയ്യുന്നതിൽ തിരുവനന്തപുരത്തു ലഭ്യമല്ലാത്ത എന്തു കഴിവാണു സ്പ്രിൻക്ലറിനുള്ളതെന്ന് കേരള സർക്കാർ പുറത്തുവിട്ട രേഖകളിൽനിന്നു വ്യക്തമല്ല. സ്പ്രിൻക്ലർ അല്ലെങ്കിൽ, അവരുടെ സൗകര്യങ്ങളുടെ ഉപയോഗം നൽകേണ്ട ഫലങ്ങളെപ്പറ്റിയും (outcome) ഈ രേഖകൾ നിശ്ശബ്ദമാണ്.

ഡേറ്റ പ്രോസസിങ്ങിന്റെ സ്ഥിതി ഇതാണെങ്കിൽ, ശേഖരിക്കുന്ന ഡേറ്റയുടെ സ്വഭാവം നൈതികതയുടെ വലിയ ചോദ്യങ്ങളുയർത്തുന്നു. കേരളത്തിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ വ്യക്തിഗത വിവരങ്ങൾക്കു പുറമേ, ആരോഗ്യവിവരങ്ങൾ, രോഗങ്ങൾ (പ്രമേഹം തൊട്ടു ശ്വാസകോശ രോഗങ്ങൾ വരെ 8 തരം രോഗങ്ങളെക്കുറിച്ചാണ് അന്വേഷണം) തുടങ്ങി തികച്ചും സ്വകാര്യമായ, ഡോക്ടറോടു മാത്രം പറയേണ്ട കാര്യങ്ങളാണു ശേഖരിച്ച് അപ്ലോഡ് ചെയ്തിരിക്കുന്നത്.

സ്വകാര്യതാ നിയമങ്ങൾ ശക്തമായ യുഎസിലെ ചട്ടങ്ങളനുസരിച്ച് സ്പ്രിൻക്ലർ കമ്പനി തയാറാക്കിയ ഉടമ്പടിയിൽ ആവർത്തിച്ചു പറയുന്ന കാര്യം, ഡേറ്റ ശേഖരിക്കുമ്പോൾ അതുകൊണ്ട് എന്താണു ചെയ്യാൻ പോകുന്നതെന്ന് വ്യക്തമായി പൗരന്മാരെ ബോധ്യപ്പെടുത്തി സമ്മതം (informed consent) നേടണമെന്നാണ്. ഇവിടെ ആ വിധത്തിലുള്ള ഒരു നടപടിയും ഉണ്ടായിട്ടില്ല. മാത്രമല്ല, പൗരന്മാർക്ക് അവർ നൽകുന്ന ഡേറ്റയിൽ ഉടമാവകാശമുണ്ടെന്നും അവർ ആവശ്യപ്പെടുകയാണെങ്കിൽ വിവരങ്ങൾ ഡിലീറ്റ് ചെയ്യിക്കാമെന്നും നിരീക്ഷണത്തിലുള്ളവരോട് പറഞ്ഞുകൊടുക്കണമായിരുന്നു. ഇതും ഉടമ്പടിയിലുള്ള കാര്യമാണ്.

കോവിഡ് സമയത്ത് ഇത്തരം ആരോഗ്യവിവരങ്ങൾ ശേഖരിക്കുക അനിവാര്യമായതിനാൽ, യുവാൽ നോഹ ഹരാരി പറയുന്നത്, അത്തരം ഡേറ്റ ആരോഗ്യപ്രവർത്തകർ കൈകാര്യം ചെയ്യുകയാണു നല്ലതെന്നാണ്. അറിഞ്ഞുകൊണ്ടോ അല്ലാതെയോ ഒരുപറ്റം മലയാളികളുടെ കടുത്ത സ്വകാര്യതാ ലംഘനത്തിനു വഴിവയ്ക്കുന്ന കാര്യങ്ങളാണു നടന്നിട്ടുള്ളത്. ആതുരകാലത്തെ തിരക്കിനിടയിലും നൈതികത കൈവിടാവുന്ന ഒന്നല്ല. കക്ഷിരാഷ്ട്രീയത്തിന്റെ നിഴൽ ഏറെ വീഴ്ത്താതെ, കോവിഡ് പ്രതിരോധത്തിനു മാതൃകാപരമായ നേതൃത്വം നൽകുന്ന കേരള സർക്കാർ ഈ ഡേറ്റ തിരിച്ചുവാങ്ങി ആരോഗ്യപ്രവർത്തകർക്കു കൈമാറുകയാവും ഉചിതം. അവർ രോഗികളുടെ രഹസ്യങ്ങൾ സൂക്ഷിക്കാൻ പ്രതിജ്ഞാബദ്ധരാണ്.

കടപ്പാട്: മലയാള മനോരമ