LiveTV

Live

Literature

ഇല്ലായ്മകളെ ഉണ്‍മയാക്കുന്ന കവിതകള്‍

സിറിയന്‍ കവിയും ചിന്തകനുമായ മഹ്‍മൂദ് അല്‍ സായിദിന്റെ cartographies of absence വായിക്കുമ്പോള്‍

ഇല്ലായ്മകളെ ഉണ്‍മയാക്കുന്ന കവിതകള്‍

യുദ്ധത്തിന്റെ ശബ്ദങ്ങളും അത് സൃഷ്ടിക്കുന്ന നിശബ്ദതയും ഒരു പോലെ രാകിയെടുത്ത ഒരിടത്ത്‌ നിന്ന് എഴുതപ്പെടുന്ന കവിതകളുടെ പൊതുസ്വഭാവം എന്തായിരിക്കും. കവിതപോകട്ടെ, യുദ്ധത്തിന്റെ ഭീതി അടയിരിക്കുന്ന സിറിയയില്‍നിന്ന് വരുന്ന ഒരാളോട്, എന്താണ് അവിടത്തെ വിശേഷം എന്ന്‌ ചോദിക്കുക. അയാള്‍ക്ക് എന്താണ് പറയാനുണ്ടാകുക. ഒന്നുകില്‍, ക്രൂരമായ പരിഹാസമോ, അത്രത്തോളം ക്രൂരമല്ലെങ്കിലും, നിഷ്‌കളങ്കമെന്ന് വിശേഷിപ്പിക്കാനാവാത്ത അറിവില്ലായ്മയോ നിറഞ്ഞ ചോദ്യമാണത്. മരണത്തിന്റെ വിട്ടൊഴിയാത്ത ഓര്‍മകള്‍ പേറുന്ന ഒരാളോട്‌ സുഖമല്ലേ എന്ന ചോദിക്കുന്നപോലെ. ഇന്ത്യയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായി പ്രവാസ ജീവിതം നയിക്കുന്ന മഹ്‍മൂദ് അല്‍സെയ്ദിന്റെ കാര്‍ടോഗ്രാഫീസ് ഓഫ് ആബ്സന്‍സ് (അസാന്നിദ്ധ്യത്തിന്റെ ഭൂപട നിര്‍മിതി) എന്ന കവിതാ സമാഹാരം വായിക്കാനെടുത്തപ്പോള്‍ ഞാന്‍ തീരുമാനിച്ചു, ഒരു വായനക്കാരനെന്ന നിലയില്‍ മേല്‍ പറഞ്ഞ ചോദ്യകാരന്റെ സമീപനം ആ പുസ്തകത്തോട് പുലര്‍ത്തുകയില്ലെന്ന്. അതായത് സിറിയയെ അറിയാനും, സിറിയയെക്കുറിച്ചുള്ള പലതരം അറിവില്ലായ്മകളുടെ നിഷ്‌കളങ്കത പുലര്‍ത്താനും കവിതകള്‍ ഒരു നിമിത്തമാകുകയില്ലെന്ന്.

കാര്‍ട്ടോഗ്രാഫീസ് ഇല്ലായ്മയില്‍ അര്‍ത്ഥവും രൂപങ്ങളും കുത്തി നിറക്കാനുള്ള ഉദ്യമമാണ് എന്ന് പയുമ്പോള്‍ ആ പ്രസ്താവനയില്‍ ഒരു ദ്വയാര്‍ത്ഥമുണ്ട്. രണ്ടും ഒരുപോലെ സത്യമാകുന്ന ദ്വയാര്‍ത്ഥം. ഒന്ന്കവിതയെക്കുറിച്ചുള്ളപ്രസ്താവനയാണ്. രണ്ട്, ഭൂപട നിര്‍മിതിയെക്കുറിച്ചുള്ള പ്രസ്താവനയും. ഒരു ജനതയുടെ സാംസ്‌കാരികവും ദേശീയവുമായ സ്വപ്നങ്ങളെ ആദേശം ചെയ്തുകൊണ്ടാണ്, ആദേശത്തിന്റെ പുതിയ നിര്‍മിതിയായി ഭൂപടങ്ങള്‍ വരുന്നത്. ഒരു യഥാര്‍ഥ കാര്‍ടോഗ്രാഫി രൂപപ്പെടേണ്ടത് ഒരു ജനതയുടെ ഓര്‍മയില്‍നിന്നും മൊത്തം ജീവിതങ്ങളുടെയും വൈവിധ്യങ്ങളുടെയും സാകല്യത്തില്‍നിന്നുമാണ്. ആ ഭൂപടത്തിന് അക്ഷാംശവും രേഖാംശവുമൊന്നും ഉണ്ടാകില്ല. ദേശീയമായ സ്മൃതികളുടെ ആകാരവടിവ് മാത്രമുള്ള, കൃത്യമായി വരച്ചെടുക്കാനോ ചരിത്രരചനയില്‍ ഒപ്പിയെടുക്കാനോ കഴിയാത്ത അപൂര്‍ണതയുടെ ഭൂപടം. പക്ഷെ വിഭവം കയ്യേറാനും, അധികാരം സ്ഥാപിക്കാനും അക്ഷാംശ രേഖാംശങ്ങള്‍ വരച്ചവര്‍ അവിടം കയ്യേറുമ്പോള്‍ സംഭവിക്കുന്നത്, ചോരക്കളങ്ങളില്‍ മരിച്ചുവീഴുന്ന ജനസമൂഹങ്ങളുടെ നഷ്ടംമാത്രമല്ല, സ്വപ്നങ്ങളിലും സങ്കല്‍പങ്ങളിലും തളംകെട്ടിക്കിടന്ന ഭൂപടങ്ങളുടെ നഷ്ടംകൂടിയാണ്. ആ നഷ്ടത്തെ ആവിഷ്‌കരിക്കാനാണ് മഹമൂദ് കാര്‍ട്ടോഗ്രാഫീസ് എഴുതുന്നത്.

മഹ്‍മൂദ് അല്‍ സെയ്ദ്
മഹ്‍മൂദ് അല്‍ സെയ്ദ്

രൂപപരമായി കവിതാ സമാഹാരത്തിന് ഇല്ലായ്മയുടെ ദൈന്യതയില്ല, പേരില്‍ ആബ്‌സന്‍സ് എന്നുണ്ടെങ്കിലും. കാരണം എല്ലാ കവിതകളും ഇംഗ്ലീഷിലും അറബിയിലും എഴുതപ്പെട്ടവയാണ്, ഏതാണ്ട് പരിഭാഷ പോലെ. കവിത, വിഭവസമൃദ്ധമാണ്. ദേശസ്മൃതികളുടെയും സ്വപ്നങ്ങളുടെയും നിസാര്‍ഖബ്ബാനിയെപ്പോലെ മണ്‍മറഞ്ഞ കവികളുടെയും അവരുടെ നഷ്ടപ്രണയങ്ങളുടെയും സ്വന്തമായി അടയാളങ്ങള്‍ അവശേഷിപ്പിച്ച സര്‍വസംഹിതകളുടെയും, സംഹിതകളില്ലാത്ത സമൂഹങ്ങളുടെയും ദേശമായ സിറിയയുടെ കാവ്യഭാഷയില്‍ തീര്‍ത്ത ഒരു ബദല്‍ ഭൂപടനിര്‍മിതിയാണ് ഈ കവിതകള്‍. അതുകൊണ്ട്, ഇല്ലായ്മയെ ആഖ്യാനം ചെയ്യുമ്പോഴും കവിതയില്‍ ആവശ്യത്തിനെല്ലാം ഉണ്ട്. കവിതയുടെ ഭാഷകളില്‍ പോലും ആസമൃദ്ധിയുണ്ട്. എന്ന് മാത്രമല്ല. ഇല്ലായ്മകളിലും ഇല്ലാതാക്കലുകളിലും, പ്രതീക്ഷയുടെ തരിമ്പുകള്‍ അവശേഷിപ്പിക്കുന്നത് കവിതയാണെന്ന് മഹ്‍മൂദ് പറയുന്നു.

'മുഴുവന്‍ ചെക്‌ പോസ്റ്റുകളിലും

കൂട്ടക്കുരുതിയുടെ ഈ കെട്ട കാലത്തില്‍

പ്രതീക്ഷകെട്ട് ഞാന്‍ തളര്‍ന്നിരുന്നു,

മടങ്ങി വന്ന് കവിയുടെ ജനനം നീ പ്രഖ്യാപിക്കുമോ

നിന്റെ കവിത കൊണ്ട്,

പ്രതീക്ഷയെ ഉയര്‍ത്തെഴുന്നേല്‍പിക്കുമോ,

പരിക്ഷീണ നായ നാടോടിയുടെ

മുഖദാവിലെ ആ പുഞ്ചിരി.

(നിശബ്ദമായ അസാന്നിധ്യത്തിന് ഒരു കവിത)

കവിത എങ്ങിനെയാണ് പ്രതീക്ഷ വീണ്ടെടുക്കുന്നത്. പ്രത്യേകിച്ചും കവിതയുടെ സ്ഥലരാശിയില്‍ നിന്ന് വിഭാവനം ചെയ്‌തെടുക്കുന്ന ഒരു യുടോപ്യയിലേക്ക് കുതറിമാറിക്കൊണ്ട് മിഥ്യാഭാവനകള്‍ സൃഷ്ടിക്കാന്‍ മഹ്‍മൂദ് ഈ കവിതകളിലൂടെ ശ്രമിക്കുന്നില്ല. എന്നുവെച്ച് കവിത റിയലിസം എന്ന കുറ്റിയില്‍ സ്വയം തറക്കപ്പെട്ട്‌ നില കൊള്ളുന്നില്ല. മറിച്ച്‌ സറിയലായ നിമിഷങ്ങളിലൂടെ കവിതകള്‍ ഒഴുകിപ്പരക്കുകയാണ്‌ ചെയ്യുന്നത്. ആ പ്രവാഹത്തില്‍ കവിത അവശേഷിപ്പിക്കുന്ന പ്രതീക്ഷ എന്താണ്. അത് സ്ഥല കാലങ്ങളെ പരസ്പരം അടുപ്പിക്കുന്ന നിമിഷങ്ങളെ ദുസ്വപ്നങ്ങള്‍ക്കിടയില്‍ ശുഭപ്രതീക്ഷയുടെ വെളിപാടുപോലെ പ്രത്യക്ഷപ്പെടുത്തുന്ന കാവ്യശൈലിയാണ്. 'കല്‍ക്കത്തയില്‍' എന്ന കവിതയില്‍ അറേബ്യന്‍ ജുബ്ബ ധരിച്ച, തന്റെ ശരീരത്തെയും ആത്മാവിനെയും ആ ജുബ്ബയില്‍ അലയാന്‍ വിടുന്ന, ലോകം വീട് എന്നിങ്ങനെ രണ്ട്‌ ലോകങ്ങള്‍ക്കിടയിലെ ഒരു ദേശത്ത് താമസിക്കുന്ന ടാഗോര്‍ വരുന്നുണ്ട്. സ്വന്തം നാടിന്റെ അസാന്നിദ്ധ്യം കല്‍ക്കത്തിയില്‍ കവി ഒഴുക്കിക്കളയുന്നു.

കല്‍ക്കട്ട,

ഡമാസ്‌കസിനെപ്പോലെ തന്നെയാണ്‌ നീ

നിന്റെ തെരുവുകളില്‍, ഇടവഴികളില്‍

പഴയ ആ കടകളില്‍,

നഗര മധ്യത്തില്‍ ഇന്നും ആര്‍ത്തിരമ്പുന്ന

ചരിത്രത്തിന്റെ അവശിഷ്ടങ്ങളില്‍

സ്വാതന്ത്ര്യത്തിന്റെ

കലയുടെ

ജീവിതത്തിന്റെ

സുവര്‍ക്കമാകാനുള്ള

നിന്റെ ഗതി കെട്ട അലച്ചിലില്‍

ഡമാസ്‌കസ് അവളുടെ സൗന്ദര്യം

നിലനിര്‍ത്തുന്നു.

ടാഗോര്‍ ധരിച്ചത് അറേബ്യന്‍ ജുബ്ബയായിരുന്നു എന്നത് കവിയുടെ ഒരു കാഴ്ച മാത്രമല്ലേ. അതു പോലെ കല്‍ക്കത്തയും ഡമാസ്‌കസും രണ്ട്‌ നഗരങ്ങളല്ലേ. അത്തരം ദോഷൈക ദൃഷ്ടിയില്‍ പിറന്ന സംശയങ്ങള്‍ കവിയോട്‌ ചോദിക്കരുത്. തനിക്ക് വേണ്ടപ്പെട്ട, മരിച്ച്‌ പോയ ഒരാളെ നാം മറ്റുള്ളവരില്‍ നിലനിര്‍ത്തി ആശ്വാസപ്പെടാറില്ലേ. അങ്ങിനെയാണ് കവിതകള്‍ പ്രതീക്ഷ വീണ്ടെടുക്കുന്നത്.

മനുഷ്യസത്തയുടെ മുഴുവന്‍ ലക്ഷ്യമായി ജര്‍മന്‍ ചിന്തകനായ മാര്‍ട്ടിന്‍ ഹൈഡഗര്‍ വിഭാവനം ചെയ്യുന്നത് ആധികാരികതയാണ് (Authentic). മനുഷ്യന്‍ ശ്രമിക്കേണ്ടത് ആധികാരികത മുറുകെപ്പിടുക്കുക എന്നതാണ്. അതായത് ഓരോരുത്തരും സ്വയം സത്യസന്ധരാകുക എന്നത്. എന്നാല്‍ ചരിത്രം നമ്മുടെ ഓര്‍മകളില്‍ തീര്‍ത്ത നിരവധി അടരുകളുള്ള നിയോഗങ്ങളുടെ ഭാരം ഒരുഭാഗത്തും, സാങ്കേതികവിദ്യയും ശാസ്ത്രവും രൂപപ്പെടുത്തിയ വ്യവസ്ഥാപിതമായ ക്രമങ്ങളുടെ പരസ്പരബന്ധിതമായ സൂത്രവാക്യങ്ങള്‍ മറുഭാഗത്തുമായി മനുഷ്യനെ വലിച്ചെടുത്തുകൊണ്ടിരിക്കുമ്പോള്‍ ആധികാരികനാവുക അത്ര എളുപ്പമല്ല. നമ്മുടെ ഭാഷയില്‍ നിന്ന് ആധികാരികത നഷ്ടപ്പെടുകയാണ് മനുഷ്യന്റെ ആധികാരികതാ നഷ്ടത്തിന്റെ ആദ്യഘട്ടമെന്ന്‌ ഹൈഡഗര്‍ പറയുന്നു, തന്റെ Poetry, Language and Thought എന്ന പുസ്തകത്തിലൂടെ. അതുകൊണ്ട് ആധികാരികമായ ഭാഷ, ഹൈഡഗറെ സംബന്ധിച്ചിടത്തോളം കവിതയിലാണുള്ളത്. എല്ലാ ഭാഷകളുടെയും അമ്മയായ കവിതയിലാണ്‌ സത്യസന്ധമായ ചിന്തയുള്ളത്. കാരണം കവിത സത്യം സംസാരിക്കുന്നു. കവിത, ഉണ്‍മകളുടെ മറച്ചുവെക്കാനാവാത്ത ഉരിയാട്ടമാണ് (the saying of unconcealedness of being). നല്ലൊരു ചിന്തകനും, നല്ലൊരുകവിയും കവിതയുടെ സംശുദ്ധിയും സാന്ദ്രതയും ദൃഢതയുമുള്ള ചിന്തകള്‍ വാഗ്ദാനം ചെയ്യുന്നു.

ന്യൂഡല്‍ഹി ജാമിയ മില്ലിയ സര്‍വകലാശാലയിലെ ഇംഗ്ലീഷ്വിഭാഗത്തില്‍ ഗവേഷണ പഠനം നടത്തുന്ന മഹ്‍മൂദ് അല്‍ സായിദ്‌ നല്ലൊരു ചിന്തകനും മികച്ചൊരു കവിയുമാണെന്ന് കാര്‍ടോഗ്രാഫീസ് ഓഫ് ആബ്‌സന്‍സ്‍ വെളിപ്പെടുത്തുന്നു. ഇല്ലായ്മയുടെ നൊമ്പരങ്ങള്‍ക്കിടയില്‍ നിന്ന് ഉണ്മയുടെ പ്രതീക്ഷകള്‍ വീണ്ടെടുക്കുന്ന തന്റെ കവിതകളിലൂടെ മാത്രമല്ല. ആഴത്തിലുള്ള ദര്‍ശനങ്ങള്‍ പേറുന്ന ആമുഖക്കുറിപ്പിലൂടെയും ഹൈഡഗറെ ഓര്‍മപ്പെടുത്തിക്കൊണ്ട്, മഹ്‍മൂദ് പറയുന്നു: എഴുത്ത് എഴുത്തെന്ന നിലയിലുള്ള നിമിഷമല്ല ഇനിയൊരിക്കലും. എന്നാല്‍ അക്ഷരങ്ങളില്‍ അടയാളങ്ങള്‍ കിടപ്പുണ്ട്. ഭാഷയുടെ സാകല്യത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനാകാത്ത അന്തര്‍ലീനമായ വ്യവഹാരത്തിന്റെ പ്രകടഭാവമായി ആ അക്ഷരങ്ങള്‍ നിലനില്‍ക്കും. ആ അസാന്നിധ്യത്തിന്റെ പിടിവാശിയാണ് കവിത. അതുകൊണ്ട്, ഈ കവിതകള്‍ നാമകരണത്തിന്റെ രാഷ്ട്രീയത്തെ നിരാകരിക്കുന്നു. സ്വത്വത്തെ നിരാകരിക്കുന്ന കവിതകളാണവ.

അപ്പോള്‍ ഈ അസാന്നിധ്യത്തിനിടയില്‍ മറഞ്ഞുപോകാതെ കിടക്കുന്ന സാന്നിധ്യം എന്താണ്. അല്ലെങ്കില്‍ ആരുടെയാണ്. അത് പ്രണയമാണ്. നിസാര്‍ ഖബ്ബാനി മഹ്‍മൂദില്‍ പുനര്‍ജനിക്കുന്നത് ആ ഒരു ബിന്ദുവിലാണ്. പ്രണയം ഒരു നിഴല്‍ പോലെ കവിയെ അനുഗമിക്കുന്നു.

ആ വഴിത്താരയില്‍

ഞാനെന്റെ സ്വത്വത്തെ അറിയുന്നു

ഞാനെന്റെ നിഴലിനെയും അറിയുന്നു.

അവളുടെ നിഴല്‍.

ഞാന്‍ അവളുടെ നിഴലാകുന്നു.

അവളാകുന്നു എന്റെ തജല്ലി.

ഹിയതജല്ലി എന്ന് അറബിയില്‍ പറയുന്നതിന് മഹ്‍മൂദ് she is the transfiguration എന്നാണ് ഭാഷാന്തരം ചെയ്തിരിക്കുന്നത്. അത് കൃത്യമായ ഭാഷാന്തരമല്ല. നിഴലായി കൂടെ നടക്കുന്ന യാഥാര്‍ത്ഥ്യം, ഞാന്‍, നീ എന്ന രണ്ട് ദ്വന്ദങ്ങള്‍ മാഞ്ഞ് ഒന്നാകുന്ന മിസ്റ്റിസിസത്തിന്റെ ദാര്‍ശനിക ലോകമാണ് കവിത വീണ്ടെടുക്കുന്നത്. കവി, പ്രണയിനി എന്നിങ്ങനെ അതിര്‍ വരമ്പുകള്‍ ഇല്ലാതാകുന്ന നിമിഷമാണത്. അത് പരിഭാഷക്ക് അതീതമാണ്. കവിത പരിഭാഷക്ക് വിധേയമല്ലല്ലോ.