LiveTV

Live

Literature

മലയാളത്തിന് പുതിയ വാക്കുകള്‍ നല്‍കി, പുതിയ സാഹിത്യശാഖ സൃഷ്ടിച്ച് മല്‍ബു കഥകള്‍

മലയാളത്തിന് പുതിയ വാക്കുകള്‍ നല്‍കി, പുതിയ സാഹിത്യശാഖ സൃഷ്ടിച്ച് മല്‍ബു കഥകള്‍
Summary
പുസ്തകമാകുന്നതിന് മുമ്പേ പത്രത്താളുകളിലൂടെ സ്വന്തം നിലനില്‍പ്പ് ഉറപ്പിച്ചവരാണ് മല്‍ബുവും മല്‍ബിയും

മല്‍ബു കഥകള്‍ വെറുമൊരു പുസ്തകത്തിന്റെ പേരല്ല, ഒരു പുതിയ സാഹിത്യശാഖയാണ്. മുല്ലാ കഥകള്‍ പോലെ, തെന്നാലിരാമന്‍ കഥകള്‍ പോലെ എന്നൊക്കെ പറഞ്ഞ് മല്‍ബു കഥകളെ ലഘൂകരിക്കാനുമാവില്ല. വികെഎന്നിന്റെ പയ്യന്‍ കഥകളെപ്പോലെയോ, മാധവിക്കുട്ടിയുടെ ജാനുവമ്മ പറഞ്ഞ കഥകള്‍ പോലെയോ പുസ്തകത്തിലെ മല്‍ബു പറയുന്ന ഓരോ കഥയും എവിടെയൊക്കെയോ നമ്മെ വേദനിപ്പിക്കും, ചിന്തിപ്പിക്കും. കോവിലന്റെ പട്ടാളകഥകള്‍ പോലെ, പ്രവാസിയുടെ കഥകള്‍... പ്രവാസത്തിന്റെ നോവും ചിരിയും മാത്രമാണ് മല്‍ബുകഥകളുടെ പ്രമേയം.

പ്രവാസി മലയാളികളുടെ അബദ്ധങ്ങളും അനുഭവങ്ങളും ആഗ്രഹങ്ങളും നുറുങ്ങുകഥകളായി നര്‍മ്മത്തിന്റെ മേമ്പൊടി ചേര്‍ത്താണ് എഴുത്തുകാരന്‍ അവതരിപ്പിച്ചിട്ടുള്ളത്. മല്‍ബു കഥകളിലെ പ്രവാസികള്‍ യഥാര്‍ത്ഥ പ്രവാസികളെപ്പോലെ നിഷ്ങ്കളങ്കരാണ്, കൌശലക്കാരുമാണ്. തങ്ങളുടെ റൂമില്‍, തൊഴിലിടത്തില്‍, യാത്രയില്‍ സംഭവിച്ച അനുഭവങ്ങളായിട്ടായിരിക്കും ഈ പുസ്തകത്തിലെ ഓരോ കഥകളെയും പ്രവാസി വായനക്കാര്‍ ഏറ്റെടുത്തിട്ടുണ്ടാകുക. അതുകൊണ്ടാണ് നാട്ടിലെത്തിയ മല്‍ബുവിന് ചികിത്സ തേടിയെത്തിയ വൈദ്യരുടെ മുഖം നല്ല പരിചയമുള്ള പോലെ തോന്നുന്നത്. അത് മരുഭൂമിയില്‍ വെച്ച് താന്‍ കഴിച്ച പൊറോട്ടയുടെ രുചിയിലെത്തുന്നത്...

മലയാള സാഹിത്യത്തിന് ഒരുപാട് പുതിയ വാക്കുകളും ഈ കൊച്ചു പുസ്തകം സംഭാവന ചെയ്തിരിക്കുന്നു. കേരളത്തിന് പുറത്ത് എവിടെപ്പോയാലും ആര്‍ക്കും മലയാളി മല്ലുവാണ്. എന്നാല്‍ മലയാളികളെ മലബാരികള്‍ എന്നാണ് പൊതുവെ അറബികള്‍ വിളിക്കാറെന്നും ഒരിക്കല്‍ ഒരു അറബി ഇത്തിരി സ്നേഹം ചാലിച്ച് വിളിച്ചപ്പോള്‍ അത് മല്‍ബൂ ആയെന്നും അങ്ങനെ മല്‍ബു കഥകളുണ്ടായെന്നുമാണ് പുസ്തത്തിന്റെ ആമുഖം നല്‍കുന്ന വിശദീകരണം.

പ്രവാസി മലയാളികളെ മല്‍ബു എന്നും ഗള്‍ഫുകാരന്റെ ഭാര്യയെ മല്‍ബി എന്നും വിളിക്കാമെന്നുള്ളത് ഈ പുസ്തകത്തിലൂടെ കടന്നുപോകുന്ന ഒരു സാധാരണ വായനക്കാരന് പുതിയൊരു അറിവായിരിക്കും. മല്‍ബു മാത്രമല്ല, മല്‍ബിയും നാണിയുമെല്ലാം ഈ കഥകളിലെ സ്ഥിരം കഥാപാത്രങ്ങളാണ്. പിന്നെ മൊയ്തുവും ഹൈദ്രോസും അബ്ബാസും അച്ചായനും എല്ലാം സാന്ദര്‍ഭികമായി വന്നെത്തുന്ന മറ്റു ചില സ്ഥിരം സുഹൃത്തുക്കളും..

തന്റെ എഴുത്തുകളെ കഥയാണോ അനുഭവമാണോ ലേഖനമാണോ എന്ന് തരം തിരിക്കുന്നത് വായനക്കാരനാണ് എന്നാണ് മലയാള സാഹിത്യത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീര്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുള്ളത്. അതിനാല്‍ മല്‍ബു കഥകളെ ഒരു സര്‍ഗാത്മക സൃഷ്ടിയെന്നൊന്നും വിശേഷിപ്പിക്കുന്നില്ല. മല്‍ബു കഥകളിലും കഥയും അനുഭവവും വേര്‍തിരിയുന്നതും വായനക്കാരന്റെ മനസ്സിലാണ്.

എഴുത്തുകാരന്‍ എന്നതിനേക്കാള്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലാണ് പുസ്തകകാരന്‍ തനിക്ക് മുന്നിലെത്തിയ ജീവിതങ്ങളെ പഠിച്ചിരിക്കുന്നത്. അതുകൊണ്ടുതന്നെ താന്‍ കേട്ട, അറിഞ്ഞ കഥാതന്തുവിനെ അതേപടി പകര്‍ത്തുകയാണ് പലപ്പോഴും കഥാകൃത്ത് ചെയ്തിരിക്കുന്നത്. അതില്‍ തന്നെ എല്ലാമുണ്ട് എന്നതിനാലാവണം, പ്രവാസിയുടെ ജീവിതത്തിന്റെ ചൂടും ചൂരും സര്‍ഗാത്മകമായി പകര്‍ത്താന്‍ എഴുത്തുകാരന്‍ മുതിരാതിരുന്നതും.

മലയാളം ന്യൂസിലെ മാധ്യമപ്രവര്‍ത്തകനായ എം അഷ്റഫ് ആണ് മല്‍ബു കഥകള്‍ക്ക് പിന്നില്‍. മലയാളം ന്യൂസില്‍ പരമ്പരയായിട്ടാണ് മല്‍ബു കഥകളുടെ പിറവി. അതുകൊണ്ടുതന്നെ പുസ്തകമാകുന്നതിന് മുമ്പേ പത്രത്താളുകളിലൂടെ സ്വന്തം നിലനില്‍പ്പ് ഉറപ്പിച്ചവരാണ് മല്‍ബുവും മല്‍ബിയും. 30 മല്‍ബു കഥകളാണ് പുസ്തകത്തിലുള്ളത്. ബുക്ക്ബെറി ഇന്ത്യയാണ് പബ്ലിഷര്‍.