Top

നേതൃത്വത്തോട് വിയോജിപ്പ്: മലപ്പുറത്ത് 'ലീഗിനോട് സംസാരിക്കുന്ന' സെമിനാറുമായി അണികൾ

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഡൽഹി സ്റ്റേറ്റ് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫോട്ടോ സഹിതമാണ് സെമിനാറിന്റെ പ്രധാന പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.

MediaOne Logo

  • Updated:

    2021-03-09 06:32:33.0

Published:

9 March 2021 6:32 AM GMT

നേതൃത്വത്തോട് വിയോജിപ്പ്: മലപ്പുറത്ത് ലീഗിനോട് സംസാരിക്കുന്ന സെമിനാറുമായി അണികൾ
X

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണയ ചർച്ചകൾ മുസ്ലിം ലീഗിൽ പുരോഗമിക്കുന്നതിനിടെ, ലീഗ് സ്ഥാപകദിനത്തിൽ മലപ്പുറത്ത് 'ലീഗിനോട് സംസാരിക്കുന്ന' സെമിനാറുമായി അണികൾ. ലീഗ് അനുഭാവം പുലർത്തുന്ന വിദ്യാർത്ഥികളും ബുദ്ധിജീവികളുമടങ്ങുന്ന ഇന്ത്യൻ മുസ്ലിം അക്കാദമിയ ആണ് മാർച്ച് പത്തിന് മലപ്പുറത്ത് 'സാമുദായിക രാഷ്ട്രീയം, വർത്തമാനവും ഭാവിയും' എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കുന്നത്. ലീഗ് ചരിത്രകാരൻ എം.സി വടകര, മാധ്യമപ്രവർത്തകൻ പി.ടി നാസർ, 'ഹരിത' നേതാവ് അഡ്വ. നജ്മ തബ്ഷീറ, സാമൂഹ്യ നിരീക്ഷകൻ മുഹമ്മദ് ഹനീഫ, ഐ.ഐ.ടി ഇൻഡോറിലെ ഗവേഷക വിദ്യാർത്ഥിനി മുഹ്‌സിന അശ്‌റഫ്, കോഴിക്കോട് മീഞ്ചന്ത ഗവ. കോളേജിലെ ഗവേഷ വിദ്യാർത്ഥി ഹിലാൽ അഹ്‌മദ് തുടങ്ങിയവർ സെമിനാറിൽ പങ്കെടുക്കും.

നിയമസഭയിലേക്ക് മത്സരിക്കാൻ ദേശീയ ജന. സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാംഗത്വം രാജിവെച്ചതുൾപ്പെടെയുള്ള മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നടപടികൾക്കെതിരെ സമൂഹമാധ്യമങ്ങളിലെ ലീഗ് അനുകൂല പ്രൊഫൈലുകളിൽ നിന്ന് പരസ്യ പ്രതികരണങ്ങളുണ്ടായതിനു പിന്നാലെയാണ് പാർട്ടിയുടെ ശക്തികേന്ദ്രമായ മലപ്പുറത്ത് സെമിനാർ സംഘടിപ്പിക്കുന്നത്. 'കുറച്ചു ചെറുപ്പക്കാർ/കാരികൾ ലീഗിനോട് സംസാരിക്കാൻ ശ്രമിക്കുന്നു' എന്നാണ് സംഘാടകരിലൊരാളും എം.എസ്.എഫ് നേതാവുമായ ആശിഖ് റസൂൽ ഇസ്മായിൽ സെമിനാറിനെക്കുറിച്ച് ഫേസ്ബുക്കിൽ കുറിച്ചത്.

'ലീഗിന്റെ നിലനിൽപിനു വേണ്ടി ലീഗിൽ മാറ്റങ്ങളുണ്ടാവണം; മാറ്റത്തിന്റെ ശക്തികളെ, യുവചേതനകളെ, ഒരു പരിവർത്തനത്തിനു വേണ്ടി പാർട്ടിക്കുള്ളിൽ ഒരാദർശ സമരം നടത്താൻ സന്നദ്ധരാവുക' എന്ന മുൻ ചന്ദ്രിക പത്രാധിപർ റഹീം മേച്ചേരിയുടെ വാക്കുകൾ ഉദ്ധരിച്ച് സെമിനാറിന്റെ പോസ്റ്ററുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്യപ്പെടുന്നുണ്ട്.

സാമുദായിക രാഷ്ട്രീയത്തിന്റെ നാൾവഴികൾ, സാമുദായിക രാഷ്ട്രീയം പ്രസക്തിയും പ്രതീക്ഷയും, മുസ്ലിം ലീഗ്: മുന്നണി രാഷ്ട്രീയവും അധികാരബന്ധങ്ങളും, ഇന്ത്യൻ രാഷ്ട്രീയ ഭൂപടത്തിൽ മുസ്ലിം ലീഗിന്റെ ഇടം, മുസ്ലിമാഹ്: പങ്കാളിത്തം ആവശ്യപ്പെടുന്ന കാഴ്ചക്കാരികൾ, കേരളം: ഇസ്ലാംപേടി വരയുന്ന സെക്യുലർ ചിത്രങ്ങൾ എന്നിവയാണ് സെമിനാറിൽ അവതരിപ്പിക്കുന്ന പ്രബന്ധങ്ങൾ. മലപ്പുറം സിവിൽ സ്റ്റേഷനു മുൻവശത്തുള്ള പ്രശാന്ത് ഹോട്ടലിൽ ഉച്ചക്ക് രണ്ട് മണി മുതലാണ് സെമിനാർ.

ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ഡൽഹി സ്റ്റേറ്റ് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ ഫോട്ടോ സഹിതമാണ് സെമിനാറിന്റെ പ്രധാന പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ലീഗിന് ഡൽഹിയിൽ ആസ്ഥാന മന്ദിരം നിർമിക്കാൻ 2018 ഏപ്രിലിൽ തിരുവനന്തപുരത്ത് ചേർന്ന പാർട്ടി ദേശീയ കൗൺസിൽ തീരുമാനിച്ചിരുന്നു. 2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, ഡൽഹിയിൽ ആസ്ഥാനമന്ദിരം നിർമിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി അണികൾക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ ഇക്കാര്യത്തിൽ കാര്യമായ തുടർനടപടികൾ ഉണ്ടായില്ലെന്നും, ഡൽഹി സംസ്ഥാന ഓഫീസ് പോലും അടച്ചുപൂട്ടിയ നിലയിൽ തുടരുന്നത് കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കളുടെ പിടിപ്പുകേടാണെന്നും സോഷ്യൽ മീഡിയയിലെ ലീഗ് ഗ്രൂപ്പുകളിൽ വിമർശനമുയർന്നിരുന്നു. ഡൽഹി ജമാ മസ്ജിദിനു സമീപമുള്ള പഴയ ഓഫീസിന്റെ ചിത്രം സെമിനാറിന്റെ പോസ്റ്ററിൽ ഉപയോഗിച്ചത് ലീഗ് നേതൃത്വത്തിനുള്ള സന്ദേശമാണെന്നാണ് കരുതുന്നത്.

ലോക്‌സഭാംഗത്വം പാതിവഴിയിൽ ഉപേക്ഷിച്ചുകൊണ്ടുള്ള കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ്, യു.ഡി.എഫിൽ അർഹമായ സീറ്റുകൾ വാങ്ങിയെടുക്കുന്നതിൽ പരാജയപ്പെട്ടുവെന്ന അണികളുടെ പൊതുവികാരം, യൂത്ത് ലീഗ് ദേശീയ പ്രസിഡണ്ടായിരുന്ന സാബിർ ഗഫാർ പാർട്ടി വിടാനുണ്ടായ സാഹചര്യം, ലീഗ് ബിഹാർ ഘടകത്തിന് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള അനുമതി നിഷേധിച്ചത്, ദേശീയ തലത്തിൽ എസ്.ഡി.പി.ഐ പ്രവർത്തനം ശക്തമാക്കുമ്പോൾ ലീഗ് ദുർബലമാകുന്നത് തുടങ്ങി നിരവധി വിഷയങ്ങളിൽ ലീഗിലെ യുവതലമുറ നേതൃത്വത്തോടുള്ള വിയോജിപ്പ് സമീപകാലത്ത് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. ബംഗാളിൽ അബ്ബാസ് സിദ്ദീഖിയുടെ ഇന്ത്യൻ സെക്കുലർ ഫ്രണ്ടുമായി സഖ്യത്തിലേർപ്പെടുന്നതിൽ നിന്ന് സാബിർ ഗഫാറിനെ വിലക്കിയ നേതൃത്വത്തെ കുറ്റപ്പെടുത്തിക്കൊണ്ടുള്ള യൂത്ത് ലീഗ് ഇടുക്കി ജില്ലാ സെക്രട്ടറി സൽമാൻ ഹനീഫിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചർച്ചയാവുകയും ചെയ്തു.

പി.കെ കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടിയുടെ രാജിയിൽ ലീഗ് അണികളിലുണ്ടായ അതൃപ്തി മുതലെടുക്കുന്നതു ലക്ഷ്യമിട്ടാണ് എസ്.ഡി.പി.ഐ മലപ്പുറം മണ്ഡലത്തിൽ ദേശീയ സെക്രട്ടറി തസ്‌ലീം റഹ്‌മാനിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചരണം ആരംഭിച്ചത്. മുതിർന്ന നേതാവ് എം.പി അബ്ദുസ്സമദ് സമദാനി ആയിരിക്കും മലപ്പുറത്ത് ലീഗ് സ്ഥാനാർത്ഥി എന്നാണറിയുന്നത്. സമദാനിയെ സ്ഥാനാർത്ഥിയാക്കുന്നതിനോടും ലീഗ് അണികളിൽ ഒരു വിഭാഗത്തിന് യോജിപ്പില്ല.

ഫേസ്ബുക്കിലും വാട്ട്‌സാപ്പ് ഗ്രൂപ്പുകളിലും സജീവമായ വിമർശനങ്ങളോട് മുസ്ലിം ലീഗ് നേതൃത്വം ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള തന്റെ തിരിച്ചുവരവിനോട് പാർട്ടിക്കുള്ളിൽ എതിർപ്പുകളുണ്ടെന്നത് വെറും പ്രചരണം മാത്രമാണെന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞത്. അതേസമയം, പുതുതലമുറ നേതാക്കളും അണികളും ഉയർത്തുന്ന വിമതസ്വരങ്ങൾക്ക് കുഞ്ഞാലിക്കുട്ടിയുടെ നടപടികളോട് യോജിപ്പില്ലാത്ത ഒരു വിഭാഗം പാർട്ടി നേതാക്കളുടെ പിന്തുണയുണ്ടെന്നാണറിയുന്നത്.

ये भी पà¥�ें- ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: മലപ്പുറത്ത് സുബൈർ ഹുദവിയെ മത്സരിപ്പിക്കാൻ ലീഗിൽ സമ്മർദം

ये भी पà¥�ें- മലപ്പുറത്ത് എൽ.ഡി.എഫ് വീണ്ടും വി.പി സാനുവിനെ ഇറക്കുന്നു

TAGS :

Next Story