പട്ടാമ്പി വേണം; സീറ്റ് വിഭജനം നീണ്ടുപോകുന്നതില്‍ ലീഗിന് അതൃപ്തി
12 സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു.

യുഡിഎഫ് സീറ്റ് വിഭജനം നീണ്ടുപോകുന്നതില്‍ മുസ്ലിം ലീഗിന് അതൃപ്തി. പട്ടാമ്പി സീറ്റ് വേണമെന്ന നിലപാടില്‍ ലീഗ് ഉറച്ചുനില്‍ക്കുകയാണ്. ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. സീറ്റ് ഉറപ്പാക്കാന്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ലീഗ് പാർലമെന്ററി യോഗം ചുമതലപ്പെടുത്തി.
ജോസഫ് വിഭാഗവും സീറ്റിന്റെ കാര്യത്തില്‍ കടുംപിടുത്തം തുടരുകയാണ്. 12 സീറ്റെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണെന്ന് യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. പത്താമത്തെ സീറ്റായി മൂവാറ്റുപുഴയോ തിരുമ്പാടിയോ ലഭിച്ചാൽ 12 സീറ്റെന്ന ആവശ്യം വേണ്ടെന്ന് വെക്കുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. കയ്പമംഗലത്തിന് പകരം അമ്പലപ്പുഴയെന്ന ആർഎസ്പിയുടെ ആവശ്യത്തിനും വിജയമുറപ്പുളള സീറ്റെന്ന സിഎംപിയുടെ ആവശ്യത്തിലും കോണ്‍ഗ്രസ് നിലപാട് അറിയിക്കേണ്ടതുണ്ട്.
കോണ്‍ഗ്രസിന്റെ സ്ഥാനാർഥി നിർണയ ചർച്ചകളും തുടരുകയാണ്. ഹൈക്കമാന്‍ഡ് നിയോഗിച്ച സ്ക്രീനിങ് കമ്മിറ്റി ഇന്ന് തിരുവനന്തപുരത്ത് യോഗം ചേരുന്നുണ്ട്. പ്രാഥമിക സ്ഥാനാർഥി പട്ടികയായെന്നും വനിതകള്‍ക്കും യുവാക്കള്‍ക്കും പുതുമുഖങ്ങള്‍ക്കുമായി 50 ശതമാനം സീറ്റ് നല്‍കുമെന്നുമാണ് നേതൃത്വത്തിന്റെ വിശദീകരണം. എന്നാല്‍ സാധ്യതാ സ്ഥാനാർഥി പട്ടികയില്‍ ഇടം നേടിയിട്ടുളളവരില് അധികവും പ്രായമേറിയവരും പതിവ് മുഖങ്ങളുമാണ്.
തുടർച്ചയായി രണ്ട് തവണ മത്സരിച്ച് തോറ്റവർക്ക് സീറ്റില്ലെന്ന നിർദേശം കണ്ണില്പ്പൊടിയിടാനുളള തന്ത്രമെന്ന വിമർശനവും ശക്തം. അതുവഴി സീറ്റ് നഷ്ടപ്പെടുന്നവർ മൂന്ന് പേർ മാത്രം, എം ലിജു, പന്തളം സുധാകരൻ, പി ടി അജയമോഹൻ എന്നിവർക്കാണ് സീറ്റ് ലഭിക്കാതെ വരിക.
Adjust Story Font
16