ലതികാ സുഭാഷിനോട് പാര്‍ട്ടി നീതി കാണിച്ചില്ലെന്ന് കെ സുധാകരന്
ലതികാ സുഭാഷിന്റെ പ്രതിഷേധത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി.

ലതികാ സുഭാഷിനോട് പാർട്ടി നീതി കാട്ടിയില്ലെന്ന് കെ സുധാകരൻ എം.പി. ലതിക സുഭാഷിന്റെ പ്രതിഷേധം ന്യായമാണെന്നും തല മുണ്ഡനം ചെയ്തത് അതിന്റെ ഭാഗമാണെന്നും കെ സുധാകരൻ പറഞ്ഞു. എന്നാല്‍ ലതികാ സുഭാഷിന്റെ പ്രതിഷേധത്തെ കോണ്‍ഗ്രസ് നേതൃത്വം തള്ളി.
നിർണായക രാഷ്ട്രീയ സാഹചര്യത്തില്‍ ലതികാ സുഭാഷ് സ്വീകരിച്ച നിലപാട് ശരിയായില്ലെന്ന അഭിപ്രായവുമായി ഒരു വിഭാഗം വനിതാ നേതാക്കളും രംഗത്ത് വന്നു. തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധത്തിലൂടെ ഏറ്റ ആഘാതം കുറയ്ക്കാനുള്ള ശ്രമവും കോണ്‍ഗ്രസ് നേതൃത്വം തുടങ്ങി.
സീറ്റ് ലഭിക്കാത്തതില്‍ ഇന്ദിരാഭവന് മുന്നില്‍ തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച ലതികാ സുഭാഷിനെ കടന്നാക്രമിക്കാതെയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ചാണ്ടിയും പ്രതികരിച്ചത്. എന്നാല്‍ പ്രതിഷേധ രീതിയെ തള്ളിപറയുകയും ചെയ്തു.
ലതികയെ ഫോണില്‍ വിളിച്ച് അനുനയിപ്പിക്കാന്‍ എ.കെ ആന്റണിയും ശ്രമം നടത്തി. എന്നാല്‍ ലതികയ്ക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി ലാലി വിന്‍സെന്റ് രംഗത്ത് വന്നു. മുണ്ഡനം ചെയ്ത മുടി വളരും പക്ഷെ പാർട്ടിക്ക് ഉണ്ടാക്കിയ അവമതിപ്പ് മാറില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു.
എന്നാല്‍ ലതിക സുഭാഷിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന രീതിയിലായിരുന്നു കെ.പി.സി.സി വൈസ് പ്രസിഡന്റ് റോസകുട്ടി ടീച്ചറുടെ പ്രതികരണം. സ്ത്രീകളെ പരിഗണിക്കേണ്ടത് നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ റോസക്കുട്ടി ടീച്ചർ, ഇനിയെങ്കിലും മാറി ചിന്തിക്കാൻ നേതൃത്വം തയ്യാറാവണമെന്നും ആവശ്യപ്പെട്ടു.
മുന്‍ കോണ്‍ഗ്രസ് നേതാവ് ശോഭനാ ജോർജ്ജ് ലതികാ സുഭാഷിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിച്ചു.
Adjust Story Font
16