LiveTV

Live

Latest News

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയും മാതാവും കൂറുമാറി

മകളും വൈദികനും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരമെന്നും മാതാവ് മൊഴി നല്‍കി. മൂന്നാം സാക്ഷിയായ പിതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കൊട്ടിയൂര്‍ പീഡനക്കേസില്‍ പെണ്‍കുട്ടിയും മാതാവും കൂറുമാറി

കൊട്ടിയൂര്‍ പീഡനക്കേസില്‍ രണ്ടാം സാക്ഷിയും കൂറുമാറി. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവാണ് രണ്ടാം ദിവസത്തെ വിചാരണക്കിടെ കൂറുമാറിയത്. കേസിലെ മുഖ്യപ്രതി ഫാ.റോബിന്‍ വടക്കുംചേരിക്കെതിരെ പരാതിയില്ലെന്നും, മകളും വൈദികനും തമ്മില്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് ഉഭയകക്ഷി സമ്മതപ്രകാരമെന്നും മാതാവ് മൊഴി നല്‍കി. മൂന്നാം സാക്ഷിയായ പിതാവിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.

കൊട്ടിയൂര്‍ പീഡനക്കേസിലെ ഒന്നാം സാക്ഷിയും ഇരയുമായ പെണ്‍കുട്ടി കൂറുമാറിയതിന് പിന്നാലെയാണ് രണ്ടാം സാക്ഷിയായ ഇരയുടെ മാതാവും വിചാരണക്കിടെ കോടതിയില്‍ കൂറുമാറിയത്. കേസിലെ മുഖ്യ പ്രതിയായ വൈദികന്‍ റോബിന്‍ വടക്കുംചേരിക്കെതിരെ തങ്ങള്‍ക്ക് പരാതിയില്ലന്ന് പെണ്‍കുട്ടിയുടെ മാതാവ് കോടതിയെ അറിയിച്ചു. മകളും വൈദികനും തമ്മില്‍ ഉഭയകക്ഷി പ്രകാരമാണ് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടത്. ഈ സമയം മകള്‍ക്ക് പ്രായപൂര്‍ത്തിയെത്തിയിരുന്നു.

പെണ്‍കുട്ടിയുടെ പ്രായം സംബന്ധിച്ച് പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച രേഖകളില്‍ 1999ആണ് ജനനവര്‍ഷം രേഖപ്പെടുത്തിയിട്ടുളളത്. എന്നാല്‍ 1997ലാണ് പെണ്‍കുട്ടി ജനിച്ചതെന്നും ഇക്കാര്യം മാമോദീസ രേഖയിലുണ്ടെന്നും മാതാവ് കോടതിയെ അറിയിച്ചു. പ്രായം തെളിയിക്കുന്നത് സംബന്ധിച്ച് ശാസ്ത്രീയ പരിശോധനക്ക് വിധേയയാകുന്നതില്‍ എതിര്‍പ്പില്ലെന്ന് കഴിഞ്ഞദിവസം വിസ്താരത്തിനിടെ പീഡനത്തിനിരയായ പെണ്‍കുട്ടി കോടതിയെ അറിയിച്ചു.

വിചാരണയുടെ മൂന്നാം ദിവസവും പെണ്‍കുട്ടിയുടെ മാതാവിന്റെ മൊഴിയെടുക്കുന്നത് തുടരും. കേസിലെ മൂന്നാം സാക്ഷിയായ പെണ്‍കുട്ടിയുടെ പിതാവിന്റെ മൊഴി കോടതി രേഖപ്പെടുത്തും. കേസിലെ ഒന്നും രണ്ടും സാക്ഷികള്‍ മൊഴി മാറ്റിയത് പ്രോസിക്യൂഷന് തിരിച്ചടിയായിട്ടുണ്ട്.