LiveTV

Live

Latest News

മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബത്തിനും ഇന്ത്യന്‍ പൗരത്വമില്ല

പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അസം മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ ഡിസംബറില്‍ പുറത്തുവരുന്ന അന്തിമ പട്ടികക്കുശേഷമുള്ള അവസ്ഥയെന്താകുമെന്ന് 

മുന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബത്തിനും ഇന്ത്യന്‍ പൗരത്വമില്ല

അസം പൗരത്വ രജിസ്റ്ററില്‍ നിന്നും പുറത്തായവരില്‍ മുന്‍ ഇന്ത്യന്‍ രാഷ്ട്രപതിയുടെ സഹോദരന്റെ കുടുംബവും. മുന്‍ രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെ സഹോദരന്റെ കുടുംബാംഗങ്ങളാണ് പട്ടികയില്‍ നിന്നും പുറത്തായത്. മുന്‍രാഷ്ട്രപതിയുടെ സഹോദരനായ എക്രാമുദീന്‍ അലി അഹമ്മദിന്റെ കുടുംബം അസമിലെ കാമരൂപ് ജില്ലയിലെ റാംഗിയയിലാണ് താമസിക്കുന്നത്.

എക്രാമുദീന്‍ അലി അഹമ്മദിന്റെ മകന്‍ സിയാവുദീനാണ് കുടുംബത്തിലെ ആരുടേയും പേര് പൗരത്വ രജിസ്റ്ററിലില്ലെന്ന് വ്യക്തമാക്കിയത്. പൗരത്വ രജിസ്റ്ററില്‍ പേര് ഉള്‍പെടുത്തുന്നതിന് ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കുന്നതിനുള്ള ശ്രമത്തിലാണെന്നാണ് സിയാവുദീന്‍ പറഞ്ഞത്. തന്റെയും പിതാവിന്റെയും കുടുംബാംഗങ്ങളുടേയുമൊന്നും പേര് പൗരത്വ പട്ടികയില്‍ ഇല്ലാത്തത് ആശങ്ക ഉയര്‍ത്തുന്നുവെന്ന് സിയാവുദീന്‍ പറഞ്ഞു.

അസമില്‍ എന്‍ആര്‍സി(നാഷണല്‍ രജിസ്റ്റര്‍ ഓഫ് സിറ്റിസണ്‍സ്) പുറത്തിറക്കിയ പൗരത്വ പട്ടികയില്‍ നിന്നും 40 ലക്ഷംപേരാണ് പുറത്തായിരിക്കുന്നത്. അസമിലെ 3.29 കോടി ജനങ്ങളില്‍ 2,89,83,677 പേര്‍ മാത്രമാണ് ഇന്ത്യന്‍ പൗരന്മാരെന്നാണ് എന്‍ആര്‍സി കണക്കാക്കിയിരിക്കുന്നത്. പട്ടികക്ക് പുറത്തുള്ളവര്‍ക്ക് രേഖകള്‍ ഹാജരാക്കാനായി അവസാന അവസരം കൂടിയുണ്ട്. ഈ രേഖകള്‍ കൂടി കണക്കിലെടുത്ത് 2018 ഡിസംബറില്‍ അന്തിമ പൗരത്വ പട്ടിക പുറത്തുവിടും.

ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റത്തിനെതിരെ 1970കളിലും 80കളിലും അസമില്‍ വലിയ പ്രക്ഷോഭങ്ങള്‍ നടന്നിരുന്നു. തങ്ങളുടെ അവസരങ്ങളും വിഭവങ്ങളും ബംഗ്ലാദേശ് കുടിയേറ്റക്കാര്‍ തട്ടിയെടുക്കുന്നുവെന്നതായിരുന്നു ഇവരുടെ പ്രധാന ആരോപണം. ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമപോരാട്ടങ്ങളും നടന്നു. ഒടുവില്‍ 2014 ഡിസംബറില്‍ അസമിലെ പൗരത്വ പട്ടിക പുതുക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു.

1971ന് ശേഷം അസമില്‍ സ്ഥിരതാമസക്കാരാക്കിയവരെ മുഴുവനും അനധികൃത കുടിയേറ്റക്കാരായി കണ്ട് പൗരത്വ പട്ടിക തയ്യാറാക്കാനായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. 1951ന് ശേഷം ആദ്യമായാണ് എന്‍ആര്‍സി പൗരത്വ പട്ടിക പുതുക്കിയത്. ഈ പട്ടികയില്‍ പേരില്ലാത്തതിന്റെ പേരില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അസം മുഖ്യമന്ത്രി സര്‍ബാനന്ദ് സോനോവാള്‍ പറഞ്ഞു. എന്നാല്‍ ഡിസംബറില്‍ പുറത്തുവരുന്ന അന്തിമ പട്ടികക്കുശേഷമുള്ള അവസ്ഥയെന്താകുമെന്ന് വ്യക്തമല്ല.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങളെ അനധികൃത കുടിയേറ്റക്കാരായി നാടുകടത്താനാണ് ശ്രമിക്കുന്നതെന്ന ആരോപണം കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഉന്നയിച്ചു കഴിഞ്ഞു. അന്തിമ പട്ടികയിലും ഉള്‍പെടാത്തവര്‍ക്ക് ഫോറിനേഴ്‌സ് ട്രിബ്യൂണലിനു മുമ്പാകെയും സുപ്രീംകോടതിയിലും അപ്പീല്‍ നല്‍കാം. അവിടെയും പരാജയപ്പെട്ടാല്‍ ഇവര്‍ക്ക് നാടുകടത്തല്‍ അടക്കമുള്ള നടപടികള്‍ നേരിടേണ്ടിവരുമെന്ന ആശങ്കയുണ്ട്.