LiveTV

Live

Kuwait

കുവൈത്തിന്‍റെ വികസന സ്വപ്നങ്ങളുടെ മുഖ്യ കാര്യദർശിക്ക് വിട

സിൽക് സിറ്റി ഉൾപ്പെടെ കുവൈത്തിന്റെ പല വലിയ വികസന പദ്ധതികളുടെയും ആശയ സ്രോതസ്സും ചുമതലക്കാരനും ആയിരുന്നു മുൻ അമീറിന്റെ മൂത്തമകൻ കൂടിയായ ഷെയ്ഖ് നാസർ

കുവൈത്തിന്‍റെ വികസന സ്വപ്നങ്ങളുടെ മുഖ്യ കാര്യദർശിക്ക് വിട

കുവൈത്തിന്റെ വികസന സ്വപ്നങ്ങളുടെ മുഖ്യ കാര്യദർശിയായിരുന്നു അന്തരിച്ച മുൻ ഉപപ്രധാനമന്ത്രി ശൈഖ് നാസർ സബാഹ് അൽ അഹ്മദ് അസ്സബാഹ്. സിൽക് സിറ്റി ഉൾപ്പെടെ കുവൈത്തിന്റെ പല വലിയ വികസന പദ്ധതികളുടെയും ആശയ സ്രോതസ്സും ചുമതലക്കാരനും ആയിരുന്നു മുൻ അമീറിന്റെ മൂത്തമകൻ കൂടിയായ ഷെയ്ഖ് നാസർ.

മുൻ അമീറും അദ്ദേഹത്തിന്റെ പിതാവുമായിരുന്ന ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് വിഭാവനം ചെയ്ത 'വിഷൻ 2035' വികസന പദ്ധതിയുടെ പിൻബലം ശൈഖ് നാസർ ആയിരുന്നു. വരുംകാലത്തെ മുന്നിൽ കണ്ട് കുവൈത്തിനെ മാറ്റിയെടുക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ നയം. എണ്ണയിതര വരുമാനം വർധിപ്പിച്ച് പെട്രോളിയത്തെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ടുവരാൻ അദ്ദേഹം ആഗ്രഹിച്ചു. അതിനായി പരിശ്രമിച്ചു. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു സിൽക് സിറ്റി പദ്ധതി.

കുവൈത്തിന്റെ അഭിമാന പദ്ധതിയായി പുരോഗമിക്കുന്ന സിൽക്ക് സിറ്റിയും ദ്വീപ് വികസനവും രാജ്യത്തിെന്റെ പുതിയ വരുമാന സ്രോതസ്സുകളായി മാറുമെന്ന് പദ്ധതിയുടെ മുഖ്യ കാര്യദർശിയായ അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു. ദാർ അല അതാർ അൽ ഇസ്ലാമിയ കൾച്ചറൽ ഫൗണ്ടേഷൻ സ്ഥാപകനും രക്ഷാധികാരിയും ആയിരുന്ന ഷെയ്ഖ് നാസർ , സുപ്രീംകൗൺസിൽ ഫോർ പ്ലാനിങ് ആൻഡ് ഡെവലപ്മെന്റ് വൈസ് പ്രസിഡൻറ് . ന്യൂയോർക്ക് മെട്രോപൊളിറ്റൻ മ്യൂസിയം ബോർഡ് ഓഫ് ട്രസ്റ്റി ഓണററി അംഗം, കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി സ്ഥാപകാംഗം, കുവൈത്തി അസോസിയേഷൻ ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് പബ്ലിക് ഫണ്ട് സ്ഥാപകാംഗം, കുവൈത്ത് ഇക്വസ്ട്രിയൻ ക്ലബ് സ്ഥാപകാംഗം എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.