കുവൈത്തിൽ കുടുംബ വിസയിൽ നിന്ന് തൊഴിൽവിസയിലേക്ക് മാറാം; ആര്‍ക്കൊക്കെ?
മാൻപവർ അതോറിറ്റിയാണ് നാല് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കിയത്

കുവൈത്തിൽ കുടുംബ വിസയിൽനിന്ന് തൊഴിൽവിസയിലേക്ക് മാറാൻ നാല് വിഭാഗങ്ങൾക്ക് കൂടി അനുമതി. ഇതോടെ കുടുംബ വിസ മാറാൻ കഴിയുന്ന വിഭാഗങ്ങളുടെ എണ്ണം ഒമ്പത് ആയി.
മാൻപവർ അതോറിറ്റിയാണ് നാല് വിഭാഗങ്ങളെ കൂടി ഉൾപ്പെടുത്തി കൊണ്ട് തൊഴിൽ വിസയിലേക്ക് മാറാൻ അനുമതിയുള്ള കുടുംബ വിസക്കാരുടെ പട്ടിക പുതുക്കിയത്. കുവൈത്തിൽ ജനിച്ചവരുടെ സെക്കൻഡ് ഡിഗ്രി ബന്ധുക്കൾ, ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതിയുള്ള ആരോഗ്യ മേഖലയിലെ ടെക്നീഷ്യന്മാർ, സ്കൂളുകളിൽ ഫാക്കൽറ്റി മെംബർ ആയി ജോലി ചെയ്യാൻ വിദ്യാഭ്യാസ യോഗ്യതയുള്ളവർ, കുവൈത്തി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർഥിയുടെ രക്ഷിതാവ് മരിച്ചാൽ കുടുംബത്തിലെ അടുത്ത ബന്ധു എന്നിവരെയാണ് പുതുതായി ഉൾപ്പെടുത്തിയത്.
നേരത്തെ, കുവൈത്തി സ്ത്രീകളുടെ ഭർത്താവും മക്കളും, കുവൈത്തികളുടെ ഭാര്യമാർ, കുവൈത്തിൽ ജനിച്ചുവളർന്നവർ, വ്യക്തമായ രേഖകൾ കൈവശമുള്ള ഫലസ്തീൻ പൗരന്മാർ, ബിരുദമുള്ളവർ എന്നിവർക്ക് മാത്രമായി ഈ അവസരം പരിമിതപ്പെടുത്തിയിരുന്നു.