LiveTV

Live

Kuwait

24 മണിക്കൂറും പ്രവര്‍ത്തിക്കാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത ഇല്ല.

24 മണിക്കൂറും പ്രവര്‍ത്തിക്കാനൊരുങ്ങി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 17 മുതൽ 24 മണിക്കൂറും പ്രവർത്തിക്കും. ആരോഗ്യ മുൻകരുതലുകൾ പാലിച്ചു മുഴുവൻ സമയം പ്രവർത്തിക്കുന്നതിൽ എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചതിനെ തുടർന്നാണ് ഡിജിസിഎ വിമാനത്താവളത്തിന്‍റെ പ്രവൃത്തി സമയം വർധിപ്പിച്ചത്.

സിവിൽ ഏവിയേഷൻ ഡയറക്ടർ ജനറൽ എൻജിനീയർ സുലൈമാൻ അൽ ഫൗസാൻ ആണ് നവംബർ 17 മുതൽ വിമാനത്താവളം മുഴുവൻ സമയവും പ്രവർത്തിക്കുമെന്ന് അറിയിച്ചത്. നിലവിൽ പുലർച്ചെ നാല് മണി മുതൽ രാത്രി 10 മണി വരെയാണ് വിമാനത്താവളത്തിന്റെ പ്രവർത്തനം. രാത്രി 10നും പുലർച്ച നാലിനുമിടയിലുള്ള സർവീസുകൾക്ക് അനുമതിയില്ല. ആവശ്യമായ പ്രതിരോധ നടപടികൾ ഏർപ്പെടുത്തിയാൽ മുഴുവൻ സമയം പ്രവർത്തിക്കുന്നതിന് എതിർപ്പില്ലെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. ആവശ്യമായ ജീവനക്കാരെ അനുവദിക്കാൻ നാഷണൽ ഏവിയേഷൻ സർവീസസും കുവൈത്ത് എയർവേസും തയാറായിട്ടുണ്ട്‌.

ആരോഗ്യ മന്ത്രാലയത്തിന്‍റെ അന്തിമ അനുമതി അടുത്ത ദിവസം ലഭിക്കും. ആഗസ്ത് ഒന്ന് മുതലാണ് 30 ശതമാനം ശേഷിയിൽ വിമാനത്താവളത്തിൽ വാണിജ്യ സർവീസുകൾ പുനരാരംഭിച്ചത്. പ്രവർത്തന സമയം വർധിപ്പിക്കുന്നുവെങ്കിലും വിമാനങ്ങളുടെ എണ്ണം വർധിപ്പിക്കാൻ സാധ്യത ഇല്ല. ഡിസംബർ 31 വരെ 30 ശതമാനം ശേഷിയിൽ തന്നെ തുടരുമെന്ന് കഴിഞ്ഞ ദിവസം ഡിജിസിഎ അറിയിച്ചിരുന്നു.