LiveTV

Live

Kuwait

കുവൈത്തിൽ വിമാനയാത്രക്കാർക്കുള്ള പി.സി.ആർ നിബന്ധനയിൽ നിന്ന് ആറ‌് വയസിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കി

നിലവിൽ 96 മണിക്കൂർ കഴിയാത്ത കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ

കുവൈത്തിൽ വിമാനയാത്രക്കാർക്കുള്ള പി.സി.ആർ നിബന്ധനയിൽ നിന്ന് ആറ‌് വയസിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കി

കുവൈത്തിൽ വിമാനയാത്രക്കാർക്കുള്ള പി.സി.ആർ നിബന്ധനയിൽ നിന്ന് ആറു വയസിൽ താഴെയുള്ള കുട്ടികളെ ഒഴിവാക്കിയതായി സിവിൽ ഏവിയേഷൻ വകുപ്പ് അറിയിച്ചു. വിദേശത്ത് നിന്നും വരുന്ന യാത്രക്കാർ 96 മണിക്കൂർ കഴിയാത്ത പി.സി.ആർ സർട്ടിഫിക്കറ്റ്‌ ഹാജരാക്കണമെന്ന നിബന്ധനയിൽ നിന്നാണ് 6 വയസിൽ താഴെയുള്ള ‌ കുട്ടികളെ ഒഴിവാക്കിയിരിക്കുന്നത്‌.

കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് വിമാനക്കമ്പനികൾക്ക് നൽകിയ സർക്കുലറിലാണ് ആറ് വയസിൽ താഴെയുള്ള കുട്ടികളെ പി.സി.ആർ നിബന്ധനയിൽ നിന്ന് ഒഴിവാക്കിയതായി അറിയിച്ചിരിക്കുന്നത്. ആരോഗ്യ മന്ത്രാലയത്തിന്‍റെ നിർദേശമനുസരിച്ചാണ് നടപടി. നിലവിൽ 96 മണിക്കൂർ കഴിയാത്ത കോവിഡ് മുക്ത സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മാത്രമേ കുവൈത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. കോവിഡ് റിസ്ക് കൂടിയ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് ഇപ്പോഴും കുവൈത്തിലേക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നില്ല. വിലക്കില്ലാത്ത യു.എ.ഇ പോലുള്ള രാജ്യങ്ങളിൽ പതിനാലു ദിവസം താമസിച്ച ശേഷം വരുന്നതിന് തടസ്സമില്ല. നിരവധി പേർ ഇത്തരത്തിൽ തിരിച്ചെത്തിയിട്ടുണ്ട്. എന്നാൽ ഇത്തരം ട്രാൻസിറ്റ് യാത്രക്കാർക്കും കുവൈത്ത് വിലക്കേർപ്പെടുത്താൻ ഒരുങ്ങുന്നതായി ചില പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗികമായ ഒരു അറിയിപ്പും ഇതുവരെ വന്നിട്ടില്ല .