LiveTV

Live

Kuwait

കുവൈത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകില്ല

അഞ്ചുമാസമായി തുടരുന്ന നിയന്ത്രണത്തിനാണ് ഇതോടെ അറുതിയാകുന്നത്

കുവൈത്തിൽ നാളെ മുതൽ രാത്രികാല കർഫ്യൂ ഉണ്ടാകില്ല

കുവൈത്തിൽ നാളെ മുതൽ കർഫ്യൂ ഉണ്ടാകില്ല. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ഏർപ്പെടുത്തിയ രാത്രികാല കർഫ്യൂ ഞായറാഴ്ച പുലർച്ചെ മൂന്നു മണിയോടെ അവസാനിക്കും. അഞ്ചുമാസമായി തുടരുന്ന നിയന്ത്രണത്തിനാണ് ഇതോടെ അറുതിയാകുന്നത്.

ആഗസ്റ്റ് 30 നു പുലർച്ചെ മൂന്നു മണിക്ക് കർഫ്യൂ പൂർണമായും നീക്കുന്നതോടെ കഴിഞ്ഞ അഞ്ചുമാസമായി തുടരുന്ന നിയന്ത്രണമാണ് ഇല്ലാതാകുന്നത്. നാളെ മുതൽ വ്യാപാര സ്ഥാപനങ്ങൾക്കും മറ്റു മേഖലകൾക്കും രാത്രി കൂടുതൽ സമയം പ്രവർത്തിക്കാൻ അനുമതി ലഭിച്ചേക്കും. കൊമേഴ്സ്യൽ കോംപ്ലക്സുകൾ രാത്രി പത്തുവരെയും റസ്റ്റാറൻറുകൾ രാത്രി 11 വരെയും പ്രവർത്തിക്കാൻ അനുവദിക്കുമെന്നാണ് സൂചന. കർഫ്യൂ ഒഴിവാക്കുന്നുവെങ്കിലും സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കാൻ വിവിധ വകുപ്പുകൾക്ക് മന്ത്രിസഭ നിർദേശം നൽകിയിട്ടുണ്ട്. കോവിഡ് പശ്ചാത്തലത്തിൽ മാർച്ച് 22 നാണു കുവൈത്തിൽ ഭാഗിക കർഫ്യൂ ആരംഭിച്ചത്. പിന്നീട് രോഗവ്യാപനം വർദ്ധിച്ചതോടെ സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തി . വ്യാപനത്തിന്‍റെ തോത് കുറഞ്ഞതിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഘട്ടങ്ങളിൽ ആയി കർഫ്യൂ സമയം കുറച്ചു കൊണ്ട് വരികയായിരുന്നു. രാത്രി ഒമ്പത് മണി മുതൽ പുലർച്ചെ മൂന്നു മണിവരെ ആറുമണിക്കൂർ നേരമാണ് കർഫ്യൂ. കർഫ്യൂസമയത്തു പുറത്തിറങ്ങിയതിന് നിരവധി പേർ കഴിഞ്ഞ മാസങ്ങളിൽ പോലീസ് പിടിയിലായിരുന്നു