LiveTV

Live

Kuwait

സ്വാതന്ത്ര്യ ദിനാഘോഷം; കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഇത്തവണ പൊതു ചടങ്ങ് ഉണ്ടാകില്ല

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സ്വാതത്രദിനത്തിൽ എംബസി അങ്കണത്തിൽ നടക്കാറുള്ള പൊതുപരിപാടി ഇത്തവണ ഒഴിവാക്കിയതെന്നു എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

സ്വാതന്ത്ര്യ ദിനാഘോഷം; കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ ഇത്തവണ പൊതു ചടങ്ങ് ഉണ്ടാകില്ല

സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇക്കുറി കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ പൊതു ചടങ്ങ് ഉണ്ടാകില്ല. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് സ്വാതത്രദിനത്തിൽ എംബസി അങ്കണത്തിൽ നടക്കാറുള്ള പൊതുപരിപാടി ഇത്തവണ ഒഴിവാക്കിയതെന്നു എംബസി വാർത്താകുറിപ്പിൽ അറിയിച്ചു.

സാമൂഹ്യ അകലം പാലിക്കൽ ഉൾപ്പെടെ കുവൈത്ത് ഗവണ്മെന്റിന്റെ ആരോഗ്യ മാർഗനിർദേശങ്ങൾ അനുസരിച്ചാണ് ഇക്കുറി പൊതു പരിപാടി ഒഴിവാക്കുന്നതെന്ന് എംബസി അറിയിച്ചു. പകരം പതാക ഉയർത്തൽ, അംബാസഡറുടെ സ്വാതന്ത്ര്യ ദിന സന്ദേശം എന്നിവയുടെ ലൈവ് സ്ട്രീമിങ് ഉണ്ടാകും. ഓഗസ്റ്റ് പതിനഞ്ചിനു എംബസിയിലേക്കു വരാതെ ഓരോരുത്തരും അവരുടെ വീടുകളിൽ ഇരുന്നു ലൈവ് സ്ട്രീമിങ് വീക്ഷിക്കുകയും ആഘോഷത്തിൻറെ ഭാഗമാവുകയും ചെയ്യണമെന്ന് കുവൈത്തിലെ മുഴുവൻ ഇന്ത്യൻ സമൂഹത്തോടും എംബസ്സി അഭ്യർത്ഥിച്ചു.

ആഘോഷത്തിൽ മുഴുവൻ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം ഉണ്ടാകുന്നതിനായി വിവിധ ഓൺലൈൻ പരിപാടികൾ എംബസ്സി ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്റ ഭാഗമായി പ്രവാസികൾക്കും ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾക്കും ദേശഭക്തി ഗാനങ്ങൾ ആലപിക്കുന്ന വീഡിയോ റെക്കോർഡ് ചെയ്തു എംബസ്സി അയക്കാവുന്നതാണ്. തെരഞ്ഞെടുക്കപ്പെടുന്നവ എംബസ്സിയുടെ മീഡിയ പേജുകൾ വഴി പ്രസിദ്ധപ്പെടുത്തും. pic.kuwait@mea.gov.in എന്ന ഇമെയിൽ വിലാസത്തിലാണ് അയക്കേണ്ടത്.