LiveTV

Live

Kuwait

കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിയന്ത്രണം

ഒരു കമ്പനിക്ക് കീഴിൽ പരമാവധി പതിനഞ്ച് ബൈക്കുകൾ മാത്രമേ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്

കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് ആഭ്യന്തരമന്ത്രാലയത്തിന്‍റെ നിയന്ത്രണം

കുവൈത്തിൽ ഡെലിവറി ബൈക്കുകൾക്ക് ആഭ്യന്തരമന്ത്രാലയം നിയന്ത്രണം ഏർപ്പെടുത്തി. ഒരു കമ്പനിക്ക് കീഴിൽ പരമാവധി പതിനഞ്ച് ബൈക്കുകൾ മാത്രമേ പാടുള്ളൂ എന്നാണ് പുതിയ ഉത്തരവ്. നിരത്തുകളിലെ ഇരുചക്രവാഹനങ്ങളുടെ ആധിക്യം കുറക്കുക എന്ന ലക്ഷ്യത്തോടെയാണ് നടപടി.

ആഭ്യന്തരമന്ത്രാലയത്തിന്റെ പുതിയ തീരുമാനം കാരണം ഭക്ഷ്യവിതരണ മേഖലയിൽ പ്രവർത്തിക്കുന്ന പല കമ്പനികളുടെ പ്രവർത്തനം തടസ്സപ്പെട്ടിരിക്കുകയാണ്. പരിഷ്കരണം നടപ്പാക്കുന്നതിന് സാവകാശം വേണമെന്നാണ് കമ്പനികളുടെ ആവശ്യം. തീരുമാനം നിരവധി പേർക്ക് തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു.

നിരത്തുകളിൽ ഇരുചകവാഹനങ്ങളുടെ ആധിക്യം അപകടങ്ങൾക്ക് കാരണമാകുന്നു എന്നു വിലയിരുത്തിയാണ് ഗതാഗതവകുപ്പിന്റെ ശിപാർശ പ്രകാരം ആഭ്യന്തമന്ത്രാലയം ഓരോ കമ്പനിക്കും ഉപയോഗിക്കാവുന്ന ബൈക്കുകളുടെ പരമാവധി എണ്ണം പതിനഞ്ചാക്കി കുറച്ചത്.

ഡെലിവറി ബൈക്കുകൾക്കെതിരെ നിരവധി പരാതികളും അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. ലൈസൻസ് ഇല്ലാതെയും സ്പോൺസർക്ക് കീഴിൽ അല്ലാതെയുമാണ് മിക്ക സ്ഥാപനങ്ങളിലും ഡെലിവറി ജീവനക്കാർ ജോലിയെടുക്കുന്നത്. അതേസമയം ബൈക്ക് ഒഴിവാക്കി കാറുകൾ ഡെലിവറിക്ക് ഉപയോഗിക്കുന്നത് റോഡുകളിൽ തിരക്ക് വർധിക്കുന്നതിന് കാരണമാവുമെന്ന് പരിഷ്കരണത്തെ വിമർശിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു.