LiveTV

Live

Kuwait

പള്ളികള്‍ അണുവിമുക്തമാക്കല്‍ പുരോഗമിക്കുന്നു; കുവൈത്തിൽ ജുമുഅ നമസ്‍കാരം അടുത്ത വെള്ളിയാഴ്ച പുനരാരംഭിക്കും

കർശന നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നത്

പള്ളികള്‍ അണുവിമുക്തമാക്കല്‍ പുരോഗമിക്കുന്നു; കുവൈത്തിൽ  ജുമുഅ നമസ്‍കാരം അടുത്ത വെള്ളിയാഴ്ച പുനരാരംഭിക്കും

കുവൈത്തിൽ ജുമുഅ നമസ്‍കാരം പുനരാരംഭിക്കുന്നതിനു മുന്നോടിയായി പള്ളികൾ അണുവിമുക്തമാക്കുന്ന നടപടി തുടരുന്നു. പള്ളികളിൽ എത്തുമ്പോൾ ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കണമെന്നും സ്വയം നിയന്ത്രണങ്ങൾ പുലർത്തണമെന്നും ഔകാഫ് മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നാലു മാസത്തെ ഇടവേളക്ക് ശേഷം അടുത്ത വെള്ളിയാഴ്ച മുതലാണ് ജുമുഅ പ്രാർത്ഥന പുനരാരംഭിക്കുന്നത്.

കർശന നിയന്ത്രണങ്ങളോടെയാണ് രാജ്യത്ത് ജുമുഅ നമസ്കാരം പുനരാരംഭിക്കുന്നത്. ഇതിനു മുന്നോടിയായി പള്ളികളിലെ അണുനശീകരണ ജോലികൾ അവസാനഘട്ടത്തിൽ ആണെന്ന് ഔകാഫ് മന്ത്രാലയം അറിയിച്ചു. ജനസാന്ദ്രത ഏറിയ ഭാഗങ്ങളിലും വൈറസ് വ്യാപനം കൂടുതലുള്ള സ്ഥലങ്ങളിലും ആദ്യഘട്ടത്തിൽ ജുമുഅ ഉണ്ടാവില്ല. ജുമുഅക്ക് മുൻപുള്ള ഉദ്ബോധന പ്രസംഗം പത്തു മിനുറ്റിൽ ഒതുക്കണമെന്നും ദൈർഘ്യം കുറഞ്ഞ സൂക്തങ്ങൾ ഓതി നാമകരം പെട്ടെന്ന് അവസാനിപ്പിക്കണമെന്നും ഇമാമുമാർക്കു നിർദേശം നൽകിയിട്ടുണ്ട്.

പ്രാർത്ഥനക്കെത്തുന്നവർ ആരോഗ്യമന്ത്രലയത്തിന്റെ കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കണം. ജുമുഅക്ക് അരമണിക്കൂർ മുമ്പ് മാത്രമാണ് പള്ളിയിൽ പ്രവേശനം അനുവദിക്കുക. 18 വയസ്സിൽ താഴെയുള്ളവർക്കും 60 വയസ്സിന് മുകളിലുള്ളവർക്കും പകർച്ച രോഗങ്ങൾ ഉള്ളവർക്കും പള്ളിയിൽ പ്രവേശനമുണ്ടാകില്ല. പ്രവേശന കവാടത്തിൽ ശരീര താപനില അളക്കും. ശരീര ഊഷ്മാവ് 37.5 ഡിഗ്രിയിൽ കൂടുതലാണെങ്കിലും പ്രവേശനം അനുവദിക്കില്ല. നമസ്കരിക്കാനുള്ള വിരിപ്പ് വിശ്വാസികൾ കൊണ്ട് വരണം. വീട്ടിൽ നിന്നു അംഗശുദ്ധി വരുത്തിയാണ് വരേണ്ടത്. മുൻഭാഗത്തേക്ക് ഒരു മീറ്ററും വശങ്ങളിലേക്ക് അര മീറ്ററും അകലം പാലിച്ചാണ് അണി നിൽക്കേണ്ടത്. കോവിഡ് പ്രതിരോധത്തിനായുള്ള ആരോഗ്യ സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ജനങ്ങൾ സ്വയം നിയന്ത്രണങ്ങൾ പുലർത്തുകയും പരസ്പരം സഹകരിക്കുകയും വേണമെന്നു ഔകാഫ് മന്ത്രാലയം അഭ്യർത്ഥിച്ചു. കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി മാർച്ച് 13നാണ് കുവൈത്ത് ജുമുഅ പ്രാർത്ഥന നിർത്തിയത്.