LiveTV

Live

Kuwait

കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ബാധയില്ലെന്നു തെളിയിക്കുന്ന പിസിആർ പരിശോധനാഫലം ഹാജരാക്കണം എന്നതാണ് പ്രധാന നിർദേശം

കുവൈത്തില്‍ വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി

കുവൈത്തിൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിന് മുന്നോടിയായി യാത്രക്കാർക്കും വിമാനക്കമ്പനികൾക്കുമുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി. ഓഗസ്റ്റ് ഒന്ന് മുതൽ വാണിജ്യ വിമാന സർവീസുകൾ പുനരാരംഭിക്കാൻ മന്ത്രി സഭ അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.

കുവൈത്തിലേക്ക് വരുന്ന യാത്രക്കാർ കോവിഡ് ബാധയില്ലെന്നു തെളിയിക്കുന്ന പിസിആർ പരിശോധനാഫലം ഹാജരാക്കണം എന്നതാണ് പ്രധാന നിർദേശം. വിമാനത്തിൽ കയറുംമുമ്പ് ആരോഗ്യമന്ത്രാലയത്തിന്റെ ശ്ലോനിക് ആപ്ലികേഷനിൽ രെജിസ്റ്റർ ചെയ്യണം. ആരോഗ്യമന്ത്രലയത്തിന്റെ നിർദേശം അനുസരിച്ചു ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലോ ഹോം ക്വാറന്റൈനിലോ കഴിയുമെന്ന് രേഖാമൂലം ഉറപ്പു നൽകണം. കുവൈത്തിലെത്തുന്ന ഓരോ വിമാനത്തിൽ നിന്നും 10 പേരെ വീതം റാൻഡം അടിസ്ഥാനത്തിൽ തെരഞ്ഞെടുത്ത് പരിശോധനക്ക് വിധേയമാക്കും.

വിമാനത്തിൽ കയറുന്നതിനു മുമ്പും വിമാനമിറങ്ങുന്നതിനു മുമ്പും ശരീര ഊഷ്മാവ് പരിശോധിക്കണം. മുഴുവൻ യാത്രക്കാരും മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം. കുവൈത്തിൽ നിന്നു വിദേശരാജ്യങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് നോ കോവിഡ് സർട്ടിഫിക്കറ്റ് ആവശ്യമെങ്കിൽ വിമാനത്താവളത്തിൽ സജ്ജീകരിച്ചിരിക്കുന്ന ലബോറട്ടറിയിൽ നിന്ന് പണം അടച്ചു സർട്ടിഫിക്കറ്റ് നേടാം. വിമാനത്തിനകത്ത് പേപ്പർ മാഗസിനുകൾ, ഡ്യൂട്ടി ഫ്രീ ഉൽപ്പന്നങ്ങളുടെ വില്പന എന്നിവ ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ആഗസ്റ്റ് ഒന്ന് മുതലാണ് രാജ്യത്ത് വാണിജ്യ വിമാനസർവീസുകൾ പുനരാരംഭിക്കുന്നത്. മൂന്നു ഘട്ടങ്ങളായി കൊമേർഷ്യൽ ഫ്‌ലൈറ്റുകൾക്ക് അനുമതി നൽകാനാണ് മന്ത്രിസഭാ തീരുമാനം. ആദ്യഘട്ടത്തിൽ 30 ശതമാനം സർവീസുകളാണ് അനുവദിക്കുക.