LiveTV

Live

Kuwait

കുവൈത്തിൽ 851 പേർക്ക് കൂടി കോവിഡ്; 1230 പേർക്ക്  രോഗമുക്തി   

  ഇന്ന് ഏഴു മരണം; പുതിയ കേസുകളിൽ 165 ഇന്ത്യക്കാർ   

കുവൈത്തിൽ 851 പേർക്ക് കൂടി കോവിഡ്; 1230 പേർക്ക്  രോഗമുക്തി   

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3349 പേരെയാണ് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇതിൽ 851 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 27043 ആയി. പുതിയ രോഗികളിൽ 165 പേർ ഇന്ത്യക്കാർ ആണ്. ഇതോടെ കുവൈത്തിൽ കോവിഡ് സ്ഥിരീകരിച്ച ഇന്ത്യക്കാരുടെ എണ്ണം 8290 ആയി.

24 മണിക്കൂറിനിടെ 7 പേരാണ് കുവൈത്തിൽ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിൽ ഒരു മലയാളിയും ഉൾപ്പെടുന്നു. പത്തനംതിട്ട വല്ലന എരുമക്കാട് കിഴക്കേക്കര വീട്ടിൽ പവിത്രൻ ദാമോദരൻ (52) ആണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ച മുഴുവൻ പേർക്കും സമ്പർക്കത്തെ തുടർന്നാണ് വൈറസ് ബാധിച്ചത്. പുതിയ രോഗികളിൽ 279 പേർ ഫർവാനിയ ഗവർണറേറ്റിലെ താമസക്കാരാണ്. ഹവല്ലി ഗവർണറേറ്റ് പരിധിയിൽ താമസിക്കുന്ന 117 പേർക്കും അഹമ്മദിയിൽ നിന്നുള്ള 214 പേർക്കും, കാപിറ്റൽ ഗവർണറേറ്റിൽ 102 പേർക്കും ജഹറയിൽ നിന്നുള്ള 139 പേർക്കും ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. റസിഡൻഷ്യൽ ഏരിയ അടിസ്ഥാനമാക്കിയുള്ള കണക്കുകൾ ഇനി പറയും വിധമാണ്:-

  • ഫർവാനിയ: 59
  • അബ്ദലി: 53
  • ഖൈത്താൻ: 45
  • ജലീബ് അൽ ശുയൂഖ്: 84

രോഗമുക്തിയുടെ കാര്യത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ വലിയ വർധനവാണ് ഉണ്ടായത്. പുതുതായി 1230 പേർ രോഗമുക്തി നേടി. കോവിഡ് മുക്തരായവരുടെ എണ്ണം ഇതോടെ 11386 ആയി. നിലവിൽ 15445 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 200 പേർ തീവ്ര പരിചരണ വിഭാഗത്തിലാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.