LiveTV

Live

Kuwait

കുവൈത്തിൽ 284 പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ 125 ഇന്ത്യക്കാർ

രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 4024 ആയി.  രണ്ടു മലയാളികളുടെ മരണം സ്ഥിരീകരിച്ചു.

കുവൈത്തിൽ 284 പേർക്ക് കൂടി കോവിഡ്; പുതിയ രോഗികളിൽ 125 ഇന്ത്യക്കാർ

കുവെെത്തില്‍ 284 പേർക്കുകൂടി പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകളുടെ ആകെ എണ്ണം 4024 ആയി വർദ്ധിച്ചു. അതിനിടെ ഇന്ന് 150 പേർ രോഗവിമുക്തി നേടി. ആകെ 1539 പേർക്കാണ് ഇതുവരെ കോവിഡ് ഭേദമായത്.

തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞിരുന്ന രണ്ടു ഇന്ത്യക്കാരുടെ മരണം ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചതോടെ  കോവിഡ്  മൂലമുള്ള രാജ്യത്തെ മരണസംഖ്യ  26 ആയി. ആറന്മുള ഇടയാറൻമുള സ്വദേശി രാജേഷ് കുട്ടപ്പൻ നായർ, തൃശൂർ വലപ്പാട് സ്വദേശി തോപ്പിൽ അബ്ദുല്ല ഗഫൂർ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ  125 ഇന്ത്യക്കാർ ഉൾപ്പെടെ 276  പേർക്ക്  നേരത്തെ കോവിഡ്  സ്ഥിരീകരിച്ചവരുമായുള്ള  സമ്പർക്കം വഴിയാണ് വൈറസ് പകർന്നത്. നാല് കുവൈത്തികൾക്കു കോവിഡ്  ബാധിച്ചത് ഏതു വഴിയാണെന്ന് വ്യക്തമായിട്ടില്ല. വിദേശരാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തിയ  4 കുവൈത്ത് പൗരന്മാർക്കും ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. രാജ്യത്തെ കോവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1894 ആയി.

നിലവിൽ 2459 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 66 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 30 പേരുടെ നില ഗുരുതരമാണെന്നും ആരോഗ്യമന്ത്രലായം അറിയിച്ചു.