LiveTV

Live

Kuwait

കോവിഡ് 19: കുവൈത്ത് കടുത്ത നടപടികളിലേക്ക്

അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി.

കോവിഡ് 19: കുവൈത്ത് കടുത്ത നടപടികളിലേക്ക്

കോവിഡ് 19 പ്രതിസന്ധി മറികടക്കാൻ കൂടുതൽ കടുത്ത നടപടികളിലേക്ക് നീങ്ങുകയാണ് കുവൈത്ത്. അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ ഞായറാഴ്ച മുതൽ അടപ്പിച്ചുതുടങ്ങി. ഷോപ്പിങ് മാളുകളും വാണിജ്യ സമുച്ചയങ്ങളും അടഞ്ഞു കിടക്കുകയാണ്. ആളുകൾ കൂട്ടം കൂടുന്നത് തടയാൻ പൊലീസ് ഡ്രോണുകൾ ഉപയോഗിച്ചുള്ള അനൗൺസ്‌മെന്റ് നടത്തുന്നുണ്ട്. അതിനിടെ പ്രത്യേക സാഹചര്യം മുതലെടുത്ത് അവശ്യ സാധനങ്ങൾ വിലകൂട്ടി വിൽക്കുന്നത് തടയാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ ഡിപാർട്ട്മെന്റ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

കോവിഡ് വ്യാപനം തടയാൻ വളരെ വ്യവസ്ഥാപിതമായ നടപടികളാണ് കുവൈത്ത് ആരോഗ്യ മന്ത്രാലയവും ഗവണ്‍ന്മെന്റും കൈക്കൊണ്ടു വരുന്നത്. പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ എല്ലാ ദിവസവും വൈകീട്ട് മന്ത്രിസഭ പ്രത്യേക യോഗം ചേരുന്നുണ്ട്. ശനിയാഴ്ച രാത്രി ചേർന്ന കാബിനറ്റ് യോഗത്തിലാണ് അവശ്യ സാധനങ്ങൾ വിൽക്കുന്നവ ഒഴികെയുള്ള സ്ഥാപനങ്ങൾ അടച്ചു പൂട്ടാൻ തീരുമാനമായത്. ബാർബർ ഷോപ്പുകൾ, സലൂണുകൾ, ഷോപ്പിങ് മാളുകൾ, പൊതുമാർക്കറ്റുകൾ എന്നിവ രാവിലെ അധികൃതർ എത്തി അടപ്പിച്ചു. കുട്ടികൾക്കുള്ള വിനോദ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നില്ല. സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ ഫുഡ് സ്റ്റഫ് സ്റ്റോറുകൾ, സപ്ലൈകോ റേഷൻ സ്റ്റോർ, ജംഇയകൾ, പെട്രോൾ പമ്പുകൾ ഫാർമസികൾ എന്നിവക്ക് മുടക്കമില്ല.

കോവിഡ് 19: കുവൈത്ത് കടുത്ത നടപടികളിലേക്ക്

അധികൃതരുടെ നിർദേശം അനുസരിച്ചു ആളുകളിൽ പലരും വീടുകളിൽ തന്നെ കഴിയുകയാണ്. റസ്റ്റോറന്റുകളിലും കോഫീ ഷോപ്പുകളിലും ഇരുന്ന് കഴിക്കാൻ അനുവാദമില്ല. എന്നാൽ ടേക്ക് എവേ, ഹോം ഡെലിവറി എന്നിവ അനുവദിക്കുന്നുണ്ട്. ഒരേസമയം അഞ്ചിൽ കൂടുതൽ ഉപഭോക്താക്കളെ സ്വീകരിക്കരുതെന്നും വരി നിൽക്കുന്ന സാഹചര്യമുണ്ടായാൽ വ്യക്തികൾ തമ്മിൽ കുറഞ്ഞത് ഒരു മീറ്റർ അകലം പാലിക്കണമെന്നും കർശന നിർദേശമുണ്ട്.

ഞായറാഴ്ച എട്ട് പേർക്ക് കൂടി കുവൈത്തിൽ പുതുതായി കോവിഡ് 19 രോഗം സ്ഥിരീകരിച്ചു. എട്ട് പേരും കുവൈത്ത് സ്വദേശികളാണ്. നേരത്തെ ചികിത്സയിലായിരുന്നവരിൽ രണ്ടു പേർകൂടി രോഗമുക്തരായതായും അധികൃതർ അറിയിച്ചു. ഇതോടെ കുവൈത്തിൽ കോവിഡ്-19 ഭേദമായവരുടെ എണ്ണം 9 ആയി. 103 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. നാല് പേർ തീവ്ര പരിചരണ വിഭാഗത്തിലാണ്. നിരീക്ഷണത്തിലായിരുന്ന 324 പേർ രോഗലക്ഷണങ്ങൾ ഒന്നും പ്രകടിപ്പിക്കാത്തതിനെ തുടർന്ന് ആവശ്യമായ പരിശോധനകൾക്കു ശേഷം ക്യാമ്പ് വിട്ടു. നാലോളം ക്യാമ്പുകളിലായി 534 പേരാണ് നിലവിൽ നിരീക്ഷണത്തിൽ ഉള്ളത്.

അതിനിടെ വിമാന യാത്രാ വിലക്ക് മൂലം കുവൈത്തിൽ കുടുങ്ങിയ വിദേശികളെ നാട്ടിലേക്കു തിരിച്ചയക്കുന്നതിനു അതാതു രാജ്യങ്ങളുമായി ചേർന്ന് കുവൈത്ത് നടപടി ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിൽ വിദേശികളുമായുള്ള ആദ്യ ഇവാക്വേഷൻ വിമാനം തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിക്ക് ലെബനോനിലേക്ക് തിരിക്കുമെന്നു കുവൈത്ത് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ട്വീറ്റ് ചെയ്തു.

മിഡിൽ ഈസ്റ്റ് എയർ ലൈൻസ് വിമാനത്തിലാണ് ലെബനോൻ പൗരന്മാരെ തിരിച്ചയക്കുക. തുടർദിവസങ്ങളിൽ മറ്റു രാജ്യക്കാരെയും ഇത്തരത്തിൽ തിരിച്ചയക്കാനുള്ള നടപടികൾ ഉണ്ടാകുമെന്ന സൂചനയാണ് അധികൃതർ നൽകുന്നത്.